കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി; രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപി എംപി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിജെപി എംപി ബാബുല്‍ സുപ്രിയോ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് പശ്ചിമ ബംഗാളിലെ അസന്‍സോളില്‍നിന്നുള്ള ലോക്‌സഭാംഗമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്. 'ഞാന്‍ വിടവാങ്ങുകയാണ്, ഭാവുകങ്ങള്‍' എന്നുതുടങ്ങുന്ന പോസ്റ്റില്‍ താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതാണ് വിടവാങ്ങലിനുള്ള കാരണമെന്നു പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റിട്ടത്.
'പിതാവ്, മാതാവ്, ഭാര്യ, മകള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുടെയെല്ലാം അഭിപ്രായങ്ങള്‍ കേട്ടു. ഇതിനു ശേഷം ഞാന്‍ അവരോട് പറഞ്ഞു. തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ് തുടങ്ങി ഏതു പാര്‍ട്ടികളിലേക്കും പോവില്ല. എപ്പോഴും ഒരു സംഘത്തിനൊപ്പം നില്‍ക്കുന്നയാളാണ് ഞാന്‍. സാമൂഹിക പ്രവര്‍ത്തനം തുടരാന്‍ രാഷ്ട്രീയം കൂടിയേ തീരൂ എന്നില്ല. ഏതാനും കാര്യങ്ങള്‍ ചിട്ടപ്പെടുത്താനുണ്ട്. ബാക്കി അതിനു ശേഷം...' എന്നാണ് ഫേസ് ബുക്കില്‍ സുപ്രിയോ കുറിച്ചത്. തന്നോട് കാട്ടിയ സ്‌നേഹത്തിനും വിശ്വാസത്തിനും ബിജെപി നേതാക്കളായ അമിത് ഷാ, ജെ പി നഡ്ഡ തുടങ്ങിയവര്‍ക്കു നന്ദി പറഞ്ഞ സുപ്രിയോ, അധികാര വിലപേശലിനായുള്ള നീക്കമാണിതെന്ന് തെറ്റിദ്ധരിക്കരുതെന്നും ക്ഷമിക്കണം. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതുമായി ഇതിനു ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. ഉണ്ടായിരിക്കും. എന്തായാലും വിഷമിക്കാനില്ല. 1992ല്‍ ബാങ്ക് ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് എത്തിയപ്പോഴും ഇതുതന്നെയാണു ഞാന്‍ ചെയ്തതെന്നും എംപി സ്ഥാനം രാജിവയ്ക്കുമെന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.
ബോളിവുഡ് ചിത്രങ്ങളിലെ പിന്നണി ഗായകന്‍ എന്ന നിലയില്‍ പ്രശസ്തനായ ബാബുല്‍ സുപ്രിയോ 2014ലാണു ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയത്. തുടര്‍ന്നുനടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രിയായി. രണ്ടാം മോദി മന്ത്രിസഭയിലും അംഗമായിരുന്നെങ്കിലും ഈയിടെ നടന്ന പുനസംഘടനയില്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ടോളിഗംഗെ മണ്ഡലത്തില്‍ നിന്ന് തൃണമൂലിന്റെ അരൂപ് വിശ്വാസിനോട് 49427 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
BJP's Babul Supriyo announces exit from politics, says will also resign as MP