കേന്ദ്രമന്ത്രിയെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു, കയ്യേറ്റം ചെയ്തു; ജാദവ്പുര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം
അദ്ദേഹം മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. അതേസമയം, കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം ഗൗരവപ്പെട്ട വിഷയമാണെന്ന് വിലയിരുത്തിയ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. സര്‍വകലാശാലാ കാംപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഗോ ബാക്ക് വിളികളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പിന്നീട് അദ്ദേഹം മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. അതേസമയം, കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം ഗൗരവപ്പെട്ട വിഷയമാണെന്ന് വിലയിരുത്തിയ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി പോലിസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
വിവരം അറിഞ്ഞ് ഗവര്‍ണര്‍ ധന്‍കര്‍ സര്‍വകലാശാലയിലെത്തി കേന്ദ്രമന്ത്രിയുടെ രക്ഷയ്‌ക്കെത്തി. ക്യാംപസ് വിട്ടുപോകാന്‍ അനുവദിക്കാതെ, വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തുവെങ്കിലും, ഗവര്‍ണര്‍ ഇടപെട്ട് ബാബുല്‍ സുപ്രിയോയെ പുറത്തുകൊണ്ടുവരുകയായിരുന്നു. പോലിസും സഹായത്തിന് എത്തി.
ഇതിനിടെ, റോഡ് ഗതാഗതം തടസപ്പെടുത്തിയതുമൂലം ഗവര്‍ണറുടെ വാഹനവ്യൂഹവും ക്യാംപസില്‍ കുടുങ്ങി. എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമാസക്തരായ എബിവിപി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തു.
രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്ന് അദ്ദേഹം പിന്നീട് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു. തന്നെ തടയുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നു കേന്ദ്ര സഹമന്ത്രി ആരോപിച്ചു. സര്‍വകലാശാല വി.സി സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിരിഞ്ഞുപോയില്ല.
ഫാസിസ്റ്റ് ശക്തികളെ കാമ്പസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ബാലുല്‍ സുപ്രിയോയുടെ സുരക്ഷാ ഗാര്‍ഡ് ഒരു വിദ്യാര്‍ഥിനിനെ തല്ലിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.