വിദ്യാര്‍ഥിനിയെ മുറിയില്‍ പൂട്ടിയിട്ടു, മുടി മുറിച്ചു; പ്രിന്‍സിപ്പലിനെതിരേ പോക്‌സോ കേസെടുത്ത് പോലിസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. തന്നെ മുറിയില്‍ പൂട്ടിയിടുകയും ബലമായി മുടി മുറിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം.

Update: 2022-10-18 14:38 GMT

ഫറൂഖാബാദ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ച പ്രിന്‍സിപ്പലിനെതിരേ പോക്‌സോ ചുമത്തി കേസെടുത്ത് പോലിസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. തന്നെ മുറിയില്‍ പൂട്ടിയിടുകയും ബലമായി മുടി മുറിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയില്‍ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം.

അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രിന്‍സിപ്പലിനെതിരേ നടപടിയുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ഇത് ആദ്യമായല്ല പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. തനിക്ക് സംഭവിച്ച സമാന രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ മുടിയും പ്രിന്‍സിപ്പല്‍ മുറിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, എല്ലാ വിദ്യാര്‍ത്ഥിനികളും രണ്ട് സൈഡില്‍ മുടി പിരിച്ചുകെട്ടി മാത്രമേ സ്‌കൂളിലേക്ക് വരാന്‍ പാടുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആ ദിവസം പെണ്‍കുട്ടി ഒരു സൈഡ് മാത്രം പിരിച്ചുകെട്ടിയായിരുന്നു എത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടു. നിയന്ത്രണം വിട്ട് പെരുമാറിയ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ബലമായി മുടി മുറിക്കുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ പറയഞ്ഞതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെതിരെ പോക്‌സോയിലെ സെക്ഷന്‍ 354 എ, 342, വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മേരാപൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ദിഗ്വിജയ് സിംഗ് അറിയിച്ചു. നിലവില്‍ പ്രിന്‍സിപ്പല്‍ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News