ബേപ്പൂരില്‍ നിന്നു പോയ ബോട്ട് കപ്പലിടിച്ച് തകര്‍ന്നു; മൂന്നുപേര്‍ മരിച്ചു

Update: 2021-04-13 09:47 GMT

കോഴിക്കോട്: ബേപ്പൂരില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ട് കപ്പിലിടിച്ച് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഒമ്പതുപേരെ കാണാതായി. മംഗലാപുരം തീരത്തു നിന്ന് 60 നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. 14 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് മംഗലാപുരം തീരദേശ പോലിസും മല്‍സ്യത്തൊഴിലാളികളും അറിയിച്ചു. മൂന്നുപേര്‍ മരണപ്പെട്ടതായും രണ്ടു പേരെ രക്ഷപ്പെടുത്തിയതായും ഒമ്പതു പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.   

മംഗലാപുരം ബോട്ടപകടത്തില്‍ രക്ഷപ്പെട്ട സുനില്‍ദാസ്(ബംഗാള്‍), വേല്‍മുരുകന്‍(തമിഴ്‌നാട്) എന്നിവര്‍

    എപിഎല്‍ ലീ ഹാവ്‌റെ എന്ന വിദേശകപ്പലാണ് ബോട്ടിലിടിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പല്‍ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണെന്നും റിപോര്‍ട്ടുകളുണ്ട്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ ഏഴുപേര്‍ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. ബോട്ടില്‍ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. 10 ദിവസം മല്‍സ്യബന്ധനം നടത്തി തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെ ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നു പോയത്. കാണാതായവര്‍ക്കായി തീരദേശ പോലിസിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തിരച്ചില്‍ നടത്തുകയാണ്.

    അതേസമയം, സംഭവത്തില്‍ കോഴിക്കോട് കലക്ടര്‍ മംഗലാപുരം കലക്ടറുമായി ബന്ധപ്പെട്ടു. കാസര്‍കോട് നിന്നുള്ള തീരദേശ പോലിസ് സംഘം മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടിനോടൊപ്പം ബേപ്പൂരില്‍ നിന്ന് പോയിരുന്ന നാലു ബോട്ടുകള്‍ അപകട സ്ഥലത്തേക്ക് എത്തുന്നതിന് സന്ദേശം നല്‍കിയിട്ടുണ്ട്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 2 പേരെ രക്ഷപ്പെടുത്തി. 3 പേര്‍ മരണപ്പെട്ടതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പ്രദേശികമായ മല്‍സ്യബന്ധന ബോട്ടുകള്‍ ഉപയോഗപ്പെടുത്തുന്നതായി മംഗലാപുരം കലക്ടര്‍ അറിയിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് നേവിയുടെ സഹായവും തേടിയിട്ടുണ്ട്.

Tags:    

Similar News