ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ബേപ്പൂരില്‍

ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുക.

Update: 2021-09-18 09:48 GMT

കോഴിക്കോട്: ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ബേപ്പൂരില്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചു. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുക.

വിവിധയിനം വള്ളം കളി മത്സരങ്ങള്‍ക്കു പുറമെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ശിച്ച കയാക്കിംങ്, കനോ യിംങ് , വാട്ടര്‍ പോളോ, പാരാ സെയിലിംങ്, സ്പീഡ് ബോട്ട് റെയ്‌സ്, വാട്ടര്‍ സ്‌കിയിംങ്, പവര്‍ ബോട്ട് റെയ്‌സിംങ്, യാട്ട് റെയ്‌സിംങ് ,വുഡന്‍ ലോഗ് (ഉരുളന്‍ തടി) റെയ്ഡിംങ്, ടിമ്പര്‍ റാഫ്റ്റിംങ് (തൊരപ്പന്‍ കുത്തല്‍), പരമ്പരാഗത പായ വഞ്ചിയോട്ടം (sailing) തുടങ്ങിയ ദേശീയഅന്തര്‍ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്‌സ് മത്സര ഇനങ്ങളും പരിഗണനയിലുണ്ട്.

ഇതോടൊപ്പം എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ലോട്ടിംങ് സംഗീത പരിപാടികള്‍, ലൈറ്റ് ഷോകള്‍, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

വിനോദ സഞ്ചാര വകുപ്പ്, വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഈ മാസം 30 നകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി, ഒക്ടോബര്‍ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിക്കും.

Tags:    

Similar News