നാളെ അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം; അറബി നോവലെഴുതിയ ആദ്യ മലയാളി പഞ്ചായത്ത് ജീവനക്കാരന്‍
കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: മലയാളി എഴുതി പ്രസിദ്ധീകരിച്ച ആദ്യ അറബി നോവല്‍ മലപ്പുറം ജില്ലയിലെ ഒഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരനായ അബൂബക്കറിന്റേത്. അസ്ഗര്‍ എന്ന തൂലിക നാമത്തില്‍ എഴുതുന്ന അബൂബക്കറിന്റെ അല്‍ ഔദത് ഇലല്‍ വത്വന്‍ (നാട്ടിലേക്കുള്ള യഥാര്‍ഥ മടക്കം) എന്ന ഗ്രന്ഥമാണ് മലയാളി എഴുതിയ ആദ്യ അറബി നോവല്‍. കഴിഞ്ഞവര്‍ഷം പ്രകാശനം ചെയ്ത നോവലില്‍ വ്യക്തിനിഷ്ഠത, ചരിത്രം, ജീവിതാനുഭവങ്ങള്‍ എന്നിവ ഉള്‍കൊള്ളിച്ച് എഴുതുന്നതില്‍ അബൂബക്കര്‍ വിജയിച്ചു.
തൊഴില്‍പരമായോ കൂടുതല്‍ അറിവ് നേടാനോ വിദൂരനാടുകളിലേക്ക് പോവുന്നവര്‍ നാട്ടില്‍തന്നെ തുടരുന്നവരേക്കാള്‍ പ്രസക്തമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവരാണെന്ന യാഥാര്‍ഥ്യം ഈ നോവലിലും ഉണ്ട്. ദീര്‍ഘകാല വിദൂരവാസത്തിനുശേഷം ജന്‍മനാട്ടില്‍ തന്നെ ജീവിതം പൂര്‍ത്തിയാക്കുന്ന അസ്ഗര്‍ കാലത്തിനു മുന്നില്‍ തുറന്നുവച്ച ജീവിതമാണ് രചിക്കുന്നത്. മലബാറിന്റെ സ്വാതന്ത്ര്യസമരത്തില്‍ 1921 ല്‍ രക്തസാക്ഷിത്വം വരിച്ച തന്റെ പിതാമഹന്‍ താനൂര്‍ ഉമൈതാനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞി ഖാദിറിന്റെ ഓര്‍മകളും അസ്ഗറിന്റെ രചനയിലുണ്ട്.
ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ അത് തലമുറകളിലൂടെ സ്ഫുടം ചെയ്ത സ്വാതന്ത്ര കല്‍പ്പനയാണ്. വ്യതിരിക്തമായ ജീവിതാനുഭവങ്ങളെ തരംതിരിക്കുന്ന നോവല്‍ മലബാറിന്റെ വികസ്വര ജീവിത ഗവേഷണകര്‍ക്ക് ഉപകാരപ്രദമാണ്. അറേബ്യന്‍ കഥ പറയല്‍ തമ്പുകളുടെ രീതിയില്‍ പറയലാണ് ഈ നോവലിന്റെ മൂലധനം. ഫലസ്തീന്‍ സാഹിത്യകാരന്‍മാര്‍, ആനന്ദ്, ഗബ്രിയേല മാര്‍ക്കേസ് തുടങ്ങിയവരില്‍ നിന്ന് നാമറിഞ്ഞ യാഥാര്‍ഥ്യത്തിന്റെ മാന്ത്രികത അസ്ഗറിന്റെ നോവലിലുണ്ട്. തന്റെ ജീവിതാനുഭവങ്ങളും ഓര്‍മകളും അദ്ദേഹം നോവലില്‍ പങ്കിടുന്നു. കഥ പറയലിന്റെ ലാളിത്യം ചോരാതെ തന്നെ സംഭാഷണങ്ങളെ അദ്ദേഹം ചേര്‍ക്കുന്നുണ്ട്.
അബ്ദുല്‍ ഫഖീര്‍ ഫാസില്‍ എന്ന നായകനിലൂടെ തന്റെ ജീവിതത്തെ രാഷ്ട്രത്തിന്റെ ചലനത്തോടൊപ്പം ഉള്‍കാഴ്ചയോടെ സംവിധാനിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചു. മഹാത്മാ ഗാന്ധി, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ പ്രതിബിംബവല്‍ക്കരിക്കപ്പെടുന്ന നോവല്‍ ജീവിതത്തിന്റെ അനുസ്യൂതപ്രവഹത്തോടൊപ്പം പൂര്‍ണത തേടുന്നു. ഒരു സാധാരണ മലബാറിയുടെ ജീവിതം തന്നെയാണ് അബ്ദുല്‍ ഫഖീര്‍ ഫാസില്‍ നയിക്കുന്നത്.
വൈദേശിക താല്‍പ്പര്യങ്ങളാല്‍ രൂപപ്പെടുന്ന ചിതറലിനപ്പുറം ബഹുസ്വരത നയകനില്‍ തികയുന്നു. ഓര്‍മകള്‍, ഉത്ഥാനപതനങ്ങള്‍, ആരംഭ റസൂല്‍ തിരുമേനിയുടെ നുറുങ്ങുകള്‍, വ്യതിരിക്തവും അനുസ്യുതവുമായ കല്‍പ്പനകള്‍ എന്നിവ ഈ നോവലിനെ കാലത്തില്‍ തീര്‍ത്ത ഭദ്രതയാക്കുന്നു. ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തെക്കുറിച്ച് എംഫില്‍ ഗവേഷണം അറബി ഭാഷയില്‍ തന്നെ പൂര്‍ത്തിയാക്കിയ അസ്ഗര്‍ എന്ന അബൂബക്കര്‍ താനൂര്‍ തൊമ്മില്‍ പുതിയ മാളിയേക്കല്‍ കുടുംബാംഗമാണ്.
താനൂര്‍ ദേവദാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠനത്തിന് ശേഷം തിരുരങ്ങാടി പിഎസ്എംഒ കോളജിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലുമാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. ഈയിടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ നാക് ആക്രഡിറ്റേഷന്‍ പ്രകിയയില്‍ ഈ നോവല്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു.