സവര്‍ക്കര്‍ എന്ന വ്യാജ ബിംബം ഉടഞ്ഞു വീഴുന്നു

Update: 2025-01-25 03:34 GMT
സവര്‍ക്കര്‍ എന്ന വ്യാജ ബിംബം ഉടഞ്ഞു വീഴുന്നു

അബ്ദുല്ല അന്‍സാരി

സംഘപരിവാര്‍ വീര പുരുഷനായി അവരോധിക്കുന്ന, സവര്‍ക്കറുടെ കപട വാദങ്ങളെ പൊളിച്ചടുക്കി പുതിയ പുസ്തകം പുറത്തു വന്നിരിക്കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ധനും വാജ്‌പേയി സര്‍ക്കാരില്‍ (1998-2004) ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രിയുമായിരുന്ന അരുണ്‍ ഷൂരിയാണ് ഗ്രന്ഥകര്‍ത്താവ്. 'The New Icon; Savarkar and the facts' എന്ന പേരില്‍ സവര്‍ക്കളുടെ ഊതി വീര്‍പ്പിച്ച കപട വ്യക്തിത്വം അനാവരണം ചെയ്യുന്നതും ചരിത്ര രേഖകളാല്‍ സമ്പന്നവുമായ ഗ്രന്ഥം, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പുസ്തകം പുറത്തുവന്നതോടെ സവര്‍ക്കര്‍ ആരാധകര്‍, അരുണ്‍ ഷൂരിക്കെതിരെ വലിയ അളവില്‍ സൈബര്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്.

സവര്‍ക്കര്‍ ഉയര്‍ത്തിയ എല്ലാ അവകാശവാദങ്ങളും കല്ലുവെച്ച നുണകള്‍ ആയിരുന്നു എന്നാണ് പുസ്തകം സമര്‍ത്ഥിക്കുന്നത്. 550ല്‍ പരം ചരിത്ര രേഖകള്‍ പരിശോധിച്ചു കൊണ്ടാണ് താന്‍ ഈ പുസ്തക രചന നടത്തിയതെന്ന് ഗ്രന്ഥകാരന്‍ പ്രഖ്യാപിക്കുന്നു. ഗാന്ധിവധത്തിന്റെ വിചാരണവേളയിലടക്കം ഉന്നയിച്ചിരുന്ന സവര്‍ക്കറുടെ അവകാശവാദമാണ് ഒന്ന്. 1898 ല്‍ ഗാന്ധിജിയും സവര്‍ക്കറും ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നുവെന്നും രണ്ടാളും ഇന്ത്യ ഹൗസില്‍ ഒന്നിച്ചാണ് താമസിച്ചിരുന്നതെന്നും ശക്തമായ സൗഹൃദം തങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു എന്നുമാണ് സവര്‍ക്കര്‍ അവകാശപ്പെട്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ ഗാന്ധിജി 1898 ല്‍ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നേയില്ല. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്നേ, 1891ല്‍ തന്നെ അദ്ദേഹം പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് വിട്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വീര പുരുഷനും ശ്രദ്ധേയമായ ഐക്കണുകളില്‍ ഒന്നുമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു താനെന്ന സവര്‍ക്കറുടെ അവകാശവാദത്തെയും നേതാജിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പിന്‍ബലത്തില്‍ അരുണ്‍ ഷൂരി ഖണ്ഡിക്കുന്നുണ്ട്.

ആന്‍ഡമാന്‍ ദ്വീപിലെ ജയില്‍ ജീവിതമാണ് സവര്‍ക്കറെ മുസ്‌ലിം വിരോധിയാക്കിയത് എന്നതാണ് സംഘപരിവാര്‍ സ്ഥിരമായി ഉന്നയിക്കുന്ന മറ്റൊരു അവകാശവാദം. ആന്‍ഡമാന്‍ ജയില്‍ എത്തുന്നതിനും ഏറെ മുമ്പേ തന്നെ സവര്‍ക്കര്‍ കടുത്ത മുസ്‌ലിം വിരോധിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പുസ്തകം ഖണ്ഡിക്കുന്നു. ബ്രിട്ടീഷ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, സവര്‍ക്കര്‍ ഫ്രാന്‍സില്‍ വച്ച്, കടലില്‍ ചാടി നീന്തിയെന്നത് അദ്ദേഹത്തിന്റെ ആരാധകരുടെ മറ്റൊരു അവകാശവാദമാണ്. ഇതിനും ചരിത്രപരമായ ഒരുവിധ പിന്‍ബലവും ഇല്ലെന്ന് അരുണ്‍ ഷൂരി വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന് നല്‍കിയ ദയാ ഹര്‍ജി, വിട്ടയക്കുകയാണെങ്കില്‍ ഭാവിയില്‍ വിദേശ സര്‍ക്കാരിന് വിനീത വിധേയനായി ജീവിച്ചു കൊള്ളാം എന്ന ക്ഷമാപണം, ക്വിറ്റിന്ത്യാ സമരകാലത്ത് നടത്തിയ; ബ്രിട്ടീഷ് സര്‍ക്കാറിനോട് നൂറു ശതമാനം കൂറുപുലര്‍ത്തും എന്ന വാഗ്ദാനം, അദ്ദേഹത്തിന്റെ രാഷ്ട്ര സങ്കല്പം, ഹിന്ദുത്വത്തെയും അതിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെയും സംബന്ധിച്ച നിലപാടുകള്‍, അവകാശവാദങ്ങള്‍ തുടങ്ങിയവയെല്ലാം പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. യഥാര്‍ത്ഥ സവര്‍ക്കറെ കണ്ടെത്താനായി അരുണ്‍ ഷൂരി, സവര്‍ക്കറുടെ പുസ്തകങ്ങള്‍, ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, പ്രസ്താവനകള്‍, തുടങ്ങിയവയിലൂടെയെല്ലാം ആഴത്തില്‍ ഊളിയിടുന്നുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റ് ആര്‍ക്കൈവ്, ആനുകാലിക രേഖകള്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍, സവര്‍ക്കറെ സംബന്ധിച്ച അനുസ്മരണങ്ങള്‍ തുടങ്ങി ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യാ ചരിത്രം, ഹിന്ദു ഐഡന്റിറ്റി എന്നിവ സംബന്ധിച്ച സവര്‍ക്കറുടെ ധാരണകള്‍, സവര്‍ക്കര്‍ക്ക് അദ്ദേഹത്തെ സംബന്ധിച്ചുതന്നെ സ്വയമുള്ള മിഥ്യാധാരണകള്‍, അദ്ദേഹത്തിന്റെ ജീവിതം, പ്രത്യയശാസ്ത്രം, പാരമ്പര്യം എന്നിവയെല്ലാം ഇഴ തിരിച്ച് പരിശോധിക്കുന്നതാണ് പുസ്തകമെന്ന് അരുണ്‍ ഷൂരി തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചുരുക്കത്തില്‍, ഹിന്ദുത്വ പ്രത്യയശാസ്ത്ര ശില്പിയും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവാദ പുരുഷനുമായ സവര്‍ക്കറെ സംബന്ധിച്ച ആഴത്തിലുള്ള വിമര്‍ശനാത്മക പരിശോധനയാണ് പുസ്തകം. 'ഹിന്ദു രാഷ്ട്ര സങ്കല്പത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ നിരവധി വലതുപക്ഷ ഹിന്ദുത്വ വക്താക്കള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അപരവല്‍ക്കരണ നിഷേധാത്മക നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്ന വലിയൊരു വിഭാഗവും ഇവിടെയുണ്ട്' അരുണ്‍ ഷൂരി പറഞ്ഞു. 'അദ്ദേഹത്തിന്റെ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും സൂക്ഷ്മ പരിശോധനയെ അതിജീവിക്കാന്‍ പോന്നവായല്ല. തീര്‍ച്ചയായും സവര്‍ക്കര്‍, നമ്മെ സംബന്ധിച്ചോ, നമ്മുടെ ചരിത്രത്തെക്കുറിച്ചോ, തന്നെക്കുറിച്ച് തന്നെയോ പറഞ്ഞ കെട്ടുകഥകളല്ല യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥത്തില്‍ സവര്‍ക്കര്‍, ഊതി വീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ്; അതിനപ്പുറം ഒന്നുമല്ലെന്ന് സമര്‍ത്ഥിക്കുന്ന പുസ്തകം ഇന്ത്യയിലും വിദേശത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നതാണ്. ഗ്രന്ഥകര്‍ത്താവ്, വ്യവസ്ഥാപിത മതങ്ങളെയും ഇതര രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ഒരുകാലത്ത് വെല്ലുവിളിച്ചിരുന്ന, പ്രമുഖ ഹിന്ദു ദേശീയ ബുദ്ധിജീവിയായി പരക്കെ പരിഗണിക്കപ്പെട്ടിരുന്ന ആള്‍ കൂടിയാകുമ്പോള്‍ വിശേഷിച്ചും. പെന്‍ഗ്വിന്‍ ഇന്ത്യ പുറത്തിറക്കിയ 999 രൂപ വിലയുള്ള ഗ്രന്ഥം 30% ഡിസ്‌കൗണ്ട് കഴിച്ച് 698 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

Tags:    

Similar News