
തുടച്ചുനീക്കലുകളുടെ മുഖഛായയാണ് ബുള്‍സോസറുകള്‍ക്കുള്ളത്. ഫലസ്തീനിലായാലും ഇന്ത്യയിലായാലും ബുള്‍ഡോസറുകള്‍ ഇന്ന് വംശഹത്യ വിളംബരം ചെയ്യുന്ന പ്രതീകാത്മക ആയുധങ്ങളാണ്. ഇന്ത്യയില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ബുള്‍സോസറുകള്‍ നിരത്തിനിര്‍ത്തിയ ചിത്രങ്ങള്‍ ഓര്‍ക്കുന്നില്ലേ? അതെ, വര്‍ഗീയത പ്രധാന പ്രചാരണായുധമാക്കിയ ബിജെപിയുടെ പ്രതീകാത്മക പ്രഖ്യാപനമായിരുന്നു ആ ബുള്‍ഡോസര്‍ കാംപയിന്‍.

ജെ സി ബാംസ്‌ഫോര്‍ഡ് എക്‌സ്‌കവേറ്റേഴ്‌സ് ലിമിറ്റഡ് (ജെസിബി) എന്ന ബ്രിട്ടിഷ് കമ്പനിയാണ് ബുള്‍ഡോസറുകളുടെ മുഖ്യ നിര്‍മാതാക്കള്‍. കോടീശ്വരനായ ജെ സി ബാംസ് ഫോര്‍ഡാണ് കമ്പനിയുടെ ചെയര്‍മാന്‍. ഇദ്ദേഹത്തിന് ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി വളരെ അടുപ്പമുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന ഫണ്ടര്‍ കൂടിയാണ് ബാംഫോര്‍ഡ്.
'ജെസിബി ബുള്‍സോസര്‍ വംശഹത്യ അവസാനിപ്പിക്കുക' എന്ന കാംപയിന്റെ ഭാഗമായി ബ്രിട്ടിഷ് പൗരസമൂഹ സംഘങ്ങളുടെ ഒരു കൂട്ടായ്മ ജനുവരി 25ന് ഒരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, നിജ്ജോര്‍ മാനുഷ്, സൗത്ത് ഏഷ്യന്‍സ് ഫോര്‍ ഫലസ്തീന്‍, സൗത്ത് ഏഷ്യ ജസ്റ്റിസ് കാംപയിന്‍ എന്നീ സംഘടനകളാണ് കൂട്ടായ്മയിലുള്ളത്. 2006 മുതല്‍ ജെസിബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുന്ന ഇസ്രായേലി സൈന്യത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെ കുറിച്ചും റിപോര്‍ട്ടിലുണ്ട്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃത ഇസ്രയേലി വാസസ്ഥലങ്ങളുടെ നിര്‍മാണത്തിലും ജെസിബി ഉപകരണങ്ങള്‍ ഉപയാഗിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ബാംഫോര്‍ഡ് കുടുംബ ട്രസ്റ്റുകള്‍ക്കാണ് ജെസിബി കമ്പനിയുടെ നിയന്ത്രണാധികാരം. 2018നും 2022നും ഇടയില്‍ ജെസിബി ഉപകരണങ്ങള്‍ ഫലസ്തീന്‍ പ്രദേശത്ത് 262 വീടുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 767 നിര്‍മിതികളെങ്കിലും തകര്‍ത്തിട്ടുണ്ട്. ഇന്ത്യയിലും മുസ്‌ലിം വീടുകളും കടകളും പള്ളികളും തകര്‍ക്കാന്‍ ഭരണകൂടങ്ങള്‍ ജെസിബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ചതിനെ കുറിച്ചും റിപോര്‍ട്ട് വിശദീകരിക്കുന്നുണ്ട്.
2022 ഏപ്രിലില്‍, അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, തന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ ഒരു ജെസിബി ബുള്‍ഡോസറിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് മനുഷ്യാവകാശ സംഘടനകളുടെ രോഷം ക്ഷണിച്ചു വരുത്തിയിരുന്നു. ഡല്‍ഹിയില്‍ ജെസിബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ്‌ലിംകളുടെ കടകള്‍ തകര്‍ത്തതിന് തൊട്ടുടനെയായിരുന്നു ഇത്.

ഇന്ത്യയില്‍ ജെസിബിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതികൂലമായ മനുഷ്യാവകാശ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍മാതാവ് പരാജയപ്പെട്ടു എന്നാരോപിച്ച് പരാതി ഫയല്‍ ചെയ്തതായി ജനുവരി 25ന് കാംപയിന്‍ സംഘം പ്രഖ്യാപിച്ചിരുന്നു. ഉത്തരവാദിത്തമുള്ള ബിസിനസ്സ് പെരുമാറ്റങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന സാമ്പത്തികസഹകരണവികസനത്തിനായുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (OECD)എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ യുകെയിലുള്ള ആസ്ഥാനത്താണ് പരാതി നല്‍കിയത്. വ്യാപാര സാമ്പത്തിക വികസന നയങ്ങള്‍ രൂപീകരിക്കുന്ന ഒഇസിഡിയില്‍ 37 ജനാധിപത്യ രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.
2024ല്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് കണ്ടെത്തിയത്, നിയമ ബാഹ്യമായ ഒരു ശിക്ഷാ രൂപമായി പൗരന്മാരുടെ വീടുകള്‍ തകര്‍ക്കുകയെന്ന നയം യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഉണ്ടായിരുന്നുവെന്നാണ്. ഇതിനെയാണ് 'ബുള്‍ഡോസര്‍ നീതി' എന്ന് രാഷ്ട്രീയ മണ്ഡലത്തില്‍ സാധാരണയായി പറഞ്ഞുവരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പതിനായിരക്കണക്കിന് മുസ്‌ലിം വീടുകളും കടകളും പള്ളികളും ബുള്‍ഡോസര്‍ രാജിന്റെ ഭാഗമായി തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇസ്‌ലാമിക പൈതൃക കേന്ദ്രങ്ങളുടെ ഗണത്തില്‍ പെടുന്ന 330 സ്മൃതികുടീരങ്ങളാണ് തകര്‍ത്തത്.
2023 ജനുവരിയില്‍, റെയില്‍വേ ഭൂമി കൈയേറിയതായി ആരോപിച്ച് ഏകദേശം 4,000 മുസ്‌ലിം വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടെങ്കിലും സുപ്രിംകോടതി അത് സ്‌റ്റേ ചെയ്തു.മുസ്‌ലിം നിര്‍മിതികള്‍ പൊളിക്കുന്നതില്‍ ജെസിബി ബുള്‍ഡോസറുകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുത്വ നേതാക്കള്‍ ജെസിബിയെ 'ജിഹാദി കണ്‍ട്രോള്‍ ബോര്‍ഡ്' ബുള്‍ഡോസറുകള്‍ എന്നാണ് വിളിക്കാറുള്ളത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ സ്വത്തുവഹകള്‍ തകര്‍ക്കുന്നതിലും ജെസിബി ബുള്‍ഡോസറുകളാണ് ഉപയോഗിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇപ്രകാരം സ്വന്തം വസതി പൊളിച്ചു നീക്കപ്പെട്ട ആക്ടിവിസ്റ്റാണ് അഫ്രീന്‍ ഫാതിമ. ജനുവരി 25ലെ റിപോര്‍ട്ട് പ്രകാശന വേളയില്‍ പങ്കെടുത്ത് അഫ്രീന്‍ ഫാത്തിമ പറഞ്ഞു: 'പൊളിക്കലുകളിലൂടെയുള്ള ഭരണകൂട അക്രമം അഭിസംബോധന ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്. ജെസിബിയെ പിടിച്ചു കെട്ടുകയും അവര്‍ മറുപടി പറയുകയും വേണ്ടതുണ്ട്. ജെസിബി കോര്‍പറേറ്റ് ഉത്തരവാദിത്തം പ്രതിഫലിപ്പിക്കുന്നതിനാല്‍ മാത്രമല്ല, അക്രമം നടത്താനും അത് ആഘോഷിക്കാനും ഇടവരുന്ന, ആഴത്തില്‍ വേരൂന്നിയ, അടിച്ചമര്‍ത്തലിന്റെയും വെറുപ്പിന്റെയും വ്യവസ്ഥയെ തുറന്നുകാട്ടാന്‍ വേണ്ടി കൂടിയാണത് ചെയ്യേണ്ടത്'.
'പൊളിക്കലുകള്‍ സര്‍ക്കാരിന്റെയോ ഭരണത്തിന്റെയോ നിഷ്പക്ഷ പ്രവൃത്തികളല്ല; അവ മനപ്പൂര്‍വവും ശിക്ഷാര്‍ഹവുമായ അക്രമാണ്. അവ ഭീകരതയുടെ ആയുധങ്ങളാണ്. അവ വീടുകള്‍ വീടുകള്‍ മാത്രമല്ല നശിപ്പിക്കുന്നത്; മുഴുവന്‍ ജീവിതങ്ങളെയും സമൂഹങ്ങളെയും ചരിത്രത്തെയും കൂടിയാണ് തകര്‍ക്കുന്നത് ' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ യുദ്ധമന്ത്രാലയവുമായുള്ള ബന്ധം ജെസിബി അവസാനിപ്പിക്കണമെന്നും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ അക്രമങ്ങള്‍ നിര്‍ത്തണമെന്നും 'സ്‌റ്റോപ് ജെസിബി ബുള്‍ഡോസര്‍ ജനോസിഡ്' കാംപയിന്‍ ആവശ്യപ്പെട്ടു. ശക്തമായ നിരീക്ഷണ പ്രതിരോധ സംവിധാനങ്ങളിലൂടെ ഇന്ത്യയിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ജെസിബി പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും കാംപയിന്‍ ആവശ്യപ്പെട്ടു.
കൂട്ടായ്മയിലെ അംഗസംഘടനയായ സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പിലെ മുക്തി ഷാ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്: 'ഇന്നത്തെ കൊള്ളക്കാരായ മുതലാളിമാര്‍ ജെസിബി പോലുള്ള ക്രൂരരും ധാര്‍മികത തൊട്ടുതീണ്ടാത്തതുമായ ബഹുരാഷ്ട്ര കമ്പനികളുമാണ്. ഇസ്രായേലിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും വംശീയ ഉന്മൂലന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ജെസിബിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമ്പോള്‍ അവര്‍ രക്ഷാകര്‍തൃത്വവും മാന്യതയും ആസ്വദിക്കുന്നത് തുടരാനാവില്ല'.