പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍; കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍

എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് സയന്‍സ് പിജി മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് ഇവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം എസ് ഗോള്‍വാള്‍ക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വചിക്കപ്പെടുന്നു' (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധാര (ബഞ്ച് ഓഫ് തോട്‌സ്), വി ഡി സവര്‍ക്കറുടെ 'ആരാണ് ഹിന്ദു' (Hindutva: Who Is a Hindu) എന്നിവയാണ് വിവാദപുസ്തകങ്ങള്‍.

Update: 2021-09-09 12:17 GMT

കണ്ണൂര്‍: സിലബസില്‍ വര്‍ഗീയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടി വിവാദമാവുന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങളാണ് സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംഎ ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് സയന്‍സ് പിജി മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് ഇവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം എസ് ഗോള്‍വാള്‍ക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വചിക്കപ്പെടുന്നു' (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധാര (ബഞ്ച് ഓഫ് തോട്‌സ്), വി ഡി സവര്‍ക്കറുടെ 'ആരാണ് ഹിന്ദു' (Hindutva: Who Is a Hindu) എന്നിവയാണ് വിവാദപുസ്തകങ്ങള്‍.

ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ് ടാഗോറിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങള്‍ക്കൊപ്പമാണ് ഗോള്‍വാക്കറുടെയും പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന ആരോപണമുയരുന്ന ഘട്ടത്തിലാണ് സര്‍വകലാശാലയുടെ വിവാദനടപടിയുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2021 ജനുവരി 15ന് ആരംഭിച്ച കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30 നാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും സമാനമായ കോഴ്‌സില്ല.

അസിം പ്രേംജി സര്‍വകലാശാലയില്‍ എഎ പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ് ഉണ്ട്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെ സിലബസ് തയ്യാറാക്കിയെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്‌സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. ബ്രണ്ണന്‍ കോളജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സര്‍വകലാശാല ഗോള്‍വാക്കറുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്. സിലബസ് രൂപീകരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദേശിച്ച പേപ്പറുകളെല്ലാം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചത്.

നിലവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. എംഎ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പിജി കോഴ്‌സ് ഈ വര്‍ഷം മുതലാണ് എം എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സായി പരിഷ്‌കരിച്ചത്. ഇന്ത്യയില്‍തന്നെ ഈ കോഴ്‌സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇതിന്റെ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അധികൃതര്‍ സിലബസില്‍ സംഘപരിവാര്‍ അജണ്ട കുത്തിനിറച്ചിരിക്കുന്നത്. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. സര്‍വകലാശാലയുടെ നടപടിക്കെതിരേ വിദ്യാര്‍ഥി സംഘടനകളും അധ്യാപകസംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News