ബ്രിട്ടീഷ് പൗരന് കോവിഡെന്നു സംശയം; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കും

മൂന്നാറിലെ കെടിഡിസി ഹോട്ടലില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ നിരീക്ഷണത്തിലായിരിക്കെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്

Update: 2020-03-15 06:31 GMT

കൊച്ചി: വിമാനത്തില്‍ കയറിയ ബ്രിട്ടീഷ് പൗരന് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബയ് വിമാനത്തില്‍ കയറിയ എല്ലാ യാത്രക്കാരെയും തിരിച്ചിറക്കി. അണുവിമുക്തമാക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടേക്കും. വിനോദസഞ്ചാരിയായ ഇദ്ദേഹം മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് പോവാനായി വിമാനത്തില്‍ കയറിയതായി കണ്ടെത്തി. തുടര്‍ന്നാണ് അധികൃതര്‍ ഇദ്ദേഹത്തെയും മറ്റു യാത്രക്കാരെയും തിരിച്ചിറക്കിയത്. ബ്രിട്ടീഷ് പൗരന്‍ കയറിയ വിമാനത്തിലെ 270 പേരെയും പുറത്തിറക്കി പരിശോധിക്കാനാണു തീരുമാനം. എല്ലാവരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കും. എല്ലാവരുടെയും യാത്ര താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ദുബയ് എമിറേറ്റ്‌സ് വിമാനത്തിലാണ് ഇദ്ദേഹം കയറിയത്.

    മൂന്നാറിലെ കെടിഡിസിയുടെ ഹോട്ടലില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ നിരീക്ഷണത്തിലായിരിക്കെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ട ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

    എന്നാല്‍, ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബയിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു. സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തിയതായാണു വിവരം. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കുകയായിരുന്നു. അതിനിടെ, സാഹചര്യം വിലയിരുത്താനായി മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗം മൂന്നാറില്‍ തുടങ്ങി.




Tags:    

Similar News