സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2023-12-19 13:29 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ 24 മണിക്കൂറിനിടെ 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്താകെ 142 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 1749 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചതെന്നും കണക്കുകളില്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ ആരും കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം 112 പേര്‍ രോഗമുക്തരായി. കേരളത്തില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ജെഎന്‍-ഒന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ലോകത്ത് തന്നെ പുതുതായി റിപോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ നല്ല പങ്കും ജെഎന്‍1 വകഭേദമെന്നാണ് കണക്ക്.

    നവംബര്‍ മുതല്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ ജെ.എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള കൊവിഡ് സജീവകേസുകള്‍ 1701 ആണ്. ഇതില്‍ 1523 കേസുകളും കേരളത്തില്‍നിന്നാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കൂടുതലായതിനാലാണ് ഉയര്‍ന്ന കണക്കെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

Tags:    

Similar News