ബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു പിടിക്കാനൊരുങ്ങി ബുദ്ധ സന്ന്യാസിമാര്‍
മഹാബോധി മഹാവിഹാരം ബുദ്ധമതക്കാര്‍ക്ക് സ്വത്വം, പ്രചോദനം, വിശ്വാസം, പവിത്രത എന്നിവയെ പ്രതിനിധീകരിക്കുന്ന ആത്മീയ കേന്ദ്രമാണ്. അതിന്റെ നിയന്ത്രണാവകാശം ബുദ്ധമതവിശ്വാസികള്‍ക്കാണ്.

ജാദുമണി മഹാനന്ദ്
കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ് മതം. പ്രധാനമായും മുസ്‌ലിം ആരാധനാലയങ്ങളാണ് കലഹ മേഖലകളായി മാറിയിരിക്കുന്നത്. കൂടാതെ, ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി, ഹൈന്ദവേതരവും തദ്ദേശീയവുമായ പാരമ്പര്യങ്ങള്‍ കവര്‍ന്നെടുക്കുകയും അവയെ സ്വാംശീകരിക്കുകയും ചെയ്തതായി തോന്നുന്നു. ഈ പശ്ചാത്തലത്തില്‍, മഹാബോധി മഹാവിഹാരത്തിലെ പ്രതിഷേധത്തിന് വ്യത്യസ്തമായ ഒരു കഥയാണ് പറയാനുള്ളത്. അവിടെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ സാധാരണ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടാറുള്ളതുപോലെ മുസ്‌ലിം അധിനിവേശമല്ല പ്രശ്‌നം. മറിച്ച് ബുദ്ധ വിഭാഗക്കാരുടെ ആരാധനാലയമായ മഹാബോധി മഹാവിഹാരം ബ്രാഹ്മണര്‍ പിടിച്ചെടുത്തതാണ് തര്‍ക്കവിഷയം. ബ്രാഹ്മണ നിയന്ത്രണത്തിലാണിന്ന് മഹാവിഹാരം. 2025 ഫെബ്രുവരി മുതല്‍, മഹാബോധിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ബുദ്ധ സന്ന്യാസിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്തായാലും, ഇത്തരമൊരാവശ്യം പുതിയതല്ല. 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശ്രീലങ്കന്‍ ബുദ്ധ സന്ന്യാസിയായ അനഗരിക ധര്‍മപാല ബ്രാഹ്മണ നിയന്ത്രണത്തിനെതിരേ പ്രതിഷേധിച്ച കാലം മുതലുള്ളതാണ് ഇത്. ഇന്ന്, പതിറ്റാണ്ടുകളായി ഇതേ ലക്ഷ്യത്തിനായി പോരാടുന്ന വയോവൃദ്ധനായ മറ്റൊരു ബുദ്ധ സന്ന്യാസിയുണ്ട്, ഭാന്‍തേ സുരായ് സസായ്. ഈ സംഘര്‍ഷ മേഖല മനസ്സിലാക്കാന്‍, ബുദ്ധമതം നേരിട്ട അടിച്ചമര്‍ത്തലിനെ ചരിത്രപരമായ വീക്ഷണകോണില്‍ നിന്ന് മനസ്സിലാക്കേണ്ടതുണ്ട്.
'പുരാതന ഇന്ത്യയിലെ വിപ്ലവവും പ്രതിവിപ്ലവവും' എന്ന തന്റെ ലേഖനത്തില്‍, ഇന്ത്യന്‍ ചരിത്രത്തെ ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള ഒരു പ്രത്യയശാസ്ത്ര പോരാട്ടമായി മനസ്സിലാക്കണമെന്ന് ബി ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അംബേദ്കറുടെ അഭിപ്രായത്തില്‍, ബുദ്ധമതം ഒരു സമത്വ ദര്‍ശനമായിരുന്നു. ബ്രാഹ്മണമതം ചാതുര്‍വര്‍ണ്യത്തില്‍ (ശ്രേണീകൃത അസമത്വം) സ്ഥാപിക്കപ്പെട്ടു. ഇസ്‌ലാം കാരണമല്ല, മറിച്ച് ബുദ്ധ സന്ന്യാസിമാരെ ആക്രമിക്കാന്‍ സൈന്യത്തെ വിന്യസിച്ചതായി ആരോപിക്കപ്പെടുന്ന ബ്രാഹ്മണ രാജാവായ പുഷ്യമിത്ര ശുംഗന്‍ കാരണമാണ് ബുദ്ധമതം മാറ്റിനിര്‍ത്തപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ബുദ്ധന്റെ അനുയായികളില്‍ 75 ശതമാനവും ബ്രാഹ്മണരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൈത്രി, കരുണ, ഉദിത തുടങ്ങിയ ബുദ്ധമത സങ്കല്‍പ്പങ്ങള്‍ ഉപനിഷത്തുകളിലും ഭഗവദ്ഗീതയിലും മറ്റ് ബ്രാഹ്മണ ഗ്രന്ഥങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തായാലും, നിലനില്‍ക്കുന്ന ഒരു പ്രശ്‌നം, ബുദ്ധമതത്തെ ബ്രാഹ്മണര്‍ സ്വാംശീകരിച്ച് അവരുടെ മതത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു എന്നതാണ്. രാഷ്ട്രീയ നേതാക്കളും ബ്രാഹ്മണ ഹിന്ദു പുരോഹിതന്മാരും ബുദ്ധനെ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായി കണക്കാക്കുന്നു. നിരവധി ഹിന്ദു ക്ഷേത്രങ്ങളില്‍ ബുദ്ധ സ്മാരകങ്ങള്‍ ഉണ്ടെന്ന് വാദിക്കാം. ചരിത്രപരമായി, ബുദ്ധക്ഷേത്രങ്ങളുടെ ചുറ്റുപരിധിയില്‍, ഒരാള്‍ക്ക് ഹിന്ദു ക്ഷേത്രങ്ങളും കാണാം. ഉദാഹരണത്തിന്, ധൗലി, ഭുവനേശ്വര്‍, രത്‌നഗിരി, ഉദയഗിരി എന്നിവിടങ്ങളില്‍. അതുപോലെ, തിരുപ്പതി ബാലാജി ക്ഷേത്രത്തിലും കാഞ്ചിപുരത്തെ കാമാക്ഷി ക്ഷേത്രത്തിലും ബുദ്ധക്ഷേത്രങ്ങള്‍, ചിത്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ കാണാം. പക്ഷേ, അവ ഹിന്ദു ആചാരങ്ങളിലൂടെയാണ് ആരാധിക്കപ്പെടുന്നത്.
ചരിത്രകാരനായ ഡി എന്‍ ഝാ പറയുന്നതനുസരിച്ച്, 'ബ്രാഹ്മണര്‍ ബുദ്ധമത സ്ഥലങ്ങളും സ്മാരകങ്ങളും നശിപ്പിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തു. ജൈന സ്മാരകങ്ങളെയും അവര്‍ ലക്ഷ്യം വച്ചു'. എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും ശങ്കരാചാര്യരുടെ കാലത്താണ് ബുദ്ധമതത്തിന്റെ തകര്‍ച്ച ആരംഭിച്ചതെന്ന് ഝാ അവകാശപ്പെടുന്നു. എന്തൊക്കെയായാലും, അംബേദ്കര്‍ പറയുന്നത് വ്യത്യസ്തമായാണ് : 'ബുദ്ധമതത്തിന്റെ പല നല്ല കാര്യങ്ങളും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത വൈഷ്ണവമതത്തിന്റെയും ശൈവമതത്തിന്റെയും ഉദയം കാരണം ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചു'. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള അംബേദ്കറുടെ വ്യാഖ്യാനം വായിക്കുന്നതിലൂടെ കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും. അദ്ദേഹത്തിന്റെ മതപരിവര്‍ത്തനം ബുദ്ധമതത്തിന്റെ പുനരുജ്ജീവന നിമിഷമായിരുന്നു. അംബേദ്കറുടെ പ്രസ്താവന ബ്രാഹ്മണിക ഹിന്ദുമതത്തെ പൂര്‍ണമായും നിരാകരിക്കുന്നു. മതപരിവര്‍ത്തന വേളയില്‍ ഉച്ചരിച്ച അംബേദ്കറുടെ 22 പ്രതിജ്ഞകളില്‍ ഒന്ന് ഇതായിരുന്നു: 'ഭഗവാന്‍ ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, വിശ്വസിക്കുകയുമില്ല. ഇത് ദുഷ്ടവും തെറ്റായ പ്രചാരണവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'.
മഹാബോധിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ചരിത്രപരമായ പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്. 1949ലെ ബോധ് ഗയ ക്ഷേത്ര നിയമം പിന്‍വലിക്കണമെന്ന ബുദ്ധമതക്കാരുടെ ആവശ്യം ഒരു യഥാര്‍ഥ ഭരണഘടനാ ആവശ്യമാണ്. 1892ല്‍ അലക്‌സാണ്ടര്‍ കണ്ണിങ്ഹാം നടത്തിയ ഒരു പുരാവസ്തു സര്‍വേയില്‍ മഹാബോധി യഥാര്‍ഥത്തില്‍ ഒരു ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഹിന്ദു ക്ഷേത്ര കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെ കണ്ടെത്തുക പ്രയാസമാണ്. മഹാബോധി ഒരു അപഭ്രംശമാകരുത്. ബുദ്ധമതക്കാര്‍ക്ക്, മഹാബോധി മഹാവിഹാരം സ്വത്വം, പ്രചോദനം, വിശ്വാസം, പവിത്രത എന്നിവയെ പ്രതിനിധീകരിക്കുന്ന ആത്മീയ കേന്ദ്രമാണ്. ബുദ്ധമതക്കാര്‍ക്ക് അത് നിയന്ത്രിക്കാനുള്ള അവകാശമുണ്ട്.
(ലേഖകന്‍ ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നു)
കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്സ്