ഗസയിലെ സര്‍വതിന്റെയും വംശഹത്യ

Update: 2025-04-13 07:23 GMT
ഗസയിലെ സര്‍വതിന്റെയും വംശഹത്യ

ജെറിമി സാള്‍ട്ട്

ഫലസ്തീനികളുടെ വംശഹത്യ തുടങ്ങുന്നത് 1948ലോ 1917ലോ അല്ല. മറിച്ച്, ഫലസ്തീനികള്‍ സ്വത്തില്ലാത്തവരും പത്തുപൈസക്ക് ഗതിയില്ലാത്തവരുമാണെന്നും സയണിസത്തിന്റെ പിതാവായ തിയഡോര്‍ ഹെര്‍സ്ൽ 1890കളില്‍ പറയുന്നതോടെയാണ് അതിന്റെ സൂചന വരുന്നത്. ഫലസ്തീനികളില്‍ ഭൂരിഭാഗത്തിനെയും അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് കടത്തണമെന്നാണ് തിയഡോര്‍ ഹെര്‍സ്ൽ പറഞ്ഞത്.

അത് എങ്ങനെ ചെയ്യണം, ചെയ്യണോ, ചെയ്യണ്ടേ തുടങ്ങിയ കാര്യങ്ങളാണ് അവരുടെ ചര്‍ച്ചകളിലുണ്ടായിരുന്നത്. ഓരോ സാഹചര്യത്തിനും അനുസരിച്ച് അവര്‍ ആളുകളെ പുറത്താക്കി. 1947-49 കാലത്ത് എട്ട് ലക്ഷം ഫലസ്തീനികളെ പുറത്താക്കി. 1967ല്‍ മൂന്നരലക്ഷം ഫലസ്തീനികളെ പുറത്താക്കി. ഫലസ്തീനികളെ പുറത്താക്കാനുള്ള നിയമ-സൈനിക നടപടികള്‍ അവര്‍ സ്വീകരിച്ചുപോന്നു.

2023 ഒക്ടോബറിനു ശേഷം 19,000 കുട്ടികളെയാണ് അവര്‍ ഗസയില്‍ കൊന്നത്. ലോക ചരിത്രത്തിലെ ഏറ്റവും മ്ലേഛമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണിത്. ഗസയില്‍ അവരെ സംബന്ധിച്ചിടത്തോളം ഫലസ്തീനികള്‍ മാത്രമല്ല ശത്രുക്കള്‍. ഫലസ്തീനികളുടെ ചരിത്രം, സംസ്‌കാരം, കലാരൂപങ്ങള്‍, സംഗീതം, പാട്ടുകള്‍, പുരാതന മസ്ജിദുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ ലൈബ്രറികള്‍, സാംസ്‌കാരികകേന്ദ്രങ്ങള്‍, ആശുപത്രികള്‍, മരങ്ങള്‍, വിളകള്‍, കടപ്പുറങ്ങള്‍, ശവക്കല്ലറകള്‍, ശ്മശാനങ്ങള്‍, ഗസയിലെ സ്ത്രീകളുടെ പര്‍പ്പിള്‍ നിറം പൂശിയ തുണികള്‍ തുടങ്ങി എല്ലാം അവരുടെ ശത്രുവാണ്.

ഫലസ്തീന്‍ പൊട്ടിമുളക്കാനുള്ള ഒരു കണിക പോലും അവശേഷിക്കരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഓര്‍മകള്‍ നിലനില്‍ക്കുമെങ്കിലും കാലം ഒരുപരിധിവരെ അതിനെയും മായ്ക്കുമെന്ന് അവര്‍ക്കറിയാം. ചുരുക്കിപ്പറഞ്ഞാല്‍ സയണിസ്റ്റുകളുടെ ഫലസ്തീന്‍ പദ്ധതി പ്രവര്‍ത്തിക്കുന്നത് അങ്ങനെയൊക്കെയാണ്.

തെക്കന്‍ അറേബ്യയിലെ സുഗന്ധ വ്യഞ്ജനങ്ങളെ വടക്കന്‍ ആഫ്രിക്കയുമായും ലെവന്തുമായും മെഡിറ്ററേനിയനുമായും ബന്ധിപ്പിച്ച ചരിത്രമാണ് ഗസയ്ക്കുള്ളത്. ക്രി.മു. 15ാം നൂറ്റാണ്ടുവരെയുള്ള ഗസയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളിലെ ചരിത്രത്തില്‍ ഈജിപ്തുകാരും അസീറിയക്കാരും ഗ്രീക്കുകാരും റോമാക്കാരും മംലൂക്കുകളും ഓട്ടോമന്‍മാരും 1914-18 കാലത്ത് ബ്രിട്ടിഷുകാരും ഗസ പിടിച്ചെടുക്കാന്‍ യുദ്ധങ്ങള്‍ നടത്തി. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടിഷുകാര്‍ ഗസയില്‍ സ്ഥാപിച്ച കോമണ്‍വെല്‍ത്ത് സെമിത്തേരിയും സയണിസ്റ്റുകള്‍ നശിപ്പിച്ചിട്ടുണ്ട്.

ഗസയിലെ റഫ അടക്കമുള്ള നഗരങ്ങള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. എന്നാല്‍, യുഎസ് അണുബോംബിട്ട ഹിരോഷിമ നഗരം പോലെയാണ് ഇപ്പോള്‍ റഫയുള്ളത്. മ്യൂസിയങ്ങളും ലൈബ്രറികളും പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളും വീടുകളും സര്‍ക്കാര്‍ ഓഫിസുകളും തകര്‍ത്തിരിക്കുന്നു. റഫയ്ക്ക് സമീപമുള്ള, വെങ്കല യുഗത്തിലെ ടെല്‍ അല്‍ സുല്‍ത്താന്‍ എന്ന പ്രദേശവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രി. മു. 3300-2200 വരെ മനുഷ്യവാസമുള്ള പ്രദേശമായിരുന്നു ഇത്. ഇസ്രായേലി സൈനിക ബുള്‍ഡോസറുകള്‍ ഈ പ്രദേശത്തെ തകര്‍ത്തു നിരപ്പാക്കി.

2023 ഒക്ടോബര്‍ 23 മുതല്‍ ഗസയിലെ ചരിത്രപരവും പുരാവസ്തുപരവുമായ 94 പ്രദേശങ്ങള്‍ ഇസ്രായേല്‍ നശിപ്പിച്ചുവെന്നാണ് 2025 മാര്‍ച്ച് 25ന് യുനെസ്‌കോ പുറത്തു വിട്ട റിപോര്‍ട്ട് പറയുന്നത്. നശിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ 88 എണ്ണവും ഗസ നഗരത്തിലാണുണ്ടായിരുന്നത്. ഫലസ്തീന്‍ സാംസ്‌കാരിക വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഗസയിലെ 207 പുരാവസ്തു-ചരിത്ര പ്രദേശങ്ങള്‍ ഇസ്രായേല്‍ നശിപ്പിച്ചിട്ടുണ്ട്.

ക്രി.മു. 800ലെ അന്തോഡിയോണ്‍ (ബ്ലാക്കിയ) തുറമുഖം, അടുത്തിടെ കണ്ടെത്തിയ ഫിലിസ്റ്റൈന്‍ സെമിത്തേരി, സെന്റ് ഹിലാരിയോണ്‍ മോണാസ്ട്രി, അഞ്ചാം നൂറ്റാണ്ടിലെ ബൈസാന്റിയന്‍ ക്രിസ്ത്യന്‍ ദേവാലയം, അഞ്ചാം നൂറ്റാണ്ടിലെ സെന്റ് പോര്‍ഫിറസ് ക്രിസ്ത്യന്‍ ദേവാലയം, ഗ്രെയ്റ്റ് ഉമറി മോസ്‌ക്, മധ്യകാലത്തെ ഖിസാറിയ മാര്‍ക്കറ്റ്, മുഹമ്മദ് നബിയുടെ പ്രപിതാമഹന്‍ ഹാശിമിന്റെ ഖബര്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പതിനാലാം നൂറ്റാണ്ടിലെ ഉസ്മാന്‍ മോസ്‌ക്, മംലൂക്ക്, ഓട്ടോമന്‍ ഗവര്‍ണര്‍മാരുടെ കേന്ദ്രമായിരുന്നു പാഷാസ് പാലസ്, പതിമൂന്നാം നൂറ്റാണ്ടിലെ കൈയെഴുത്ത് പ്രതി കേന്ദ്രം, ഗസയുടെ 150 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയ സെന്‍ട്രല്‍ ഗസ ആര്‍ക്കൈവ്‌സ്, എഡ്‌വാര്‍ഡ് സെയ്ദ് ലൈബ്രറി, സമീര്‍ മന്‍സൂര്‍ ബുക്ക്‌ഷോപ്പ്, ഖ്വറാര മ്യൂസിയം, റഫ മ്യൂസിയം തുടങ്ങിയവ അവര്‍ നശിപ്പിച്ചു.

''ഇവിടെ മരവും കല്ലും മനുഷ്യനും മൃഗവും പാരമ്പര്യവും സുരക്ഷിതമല്ല. എന്റെ അധ്വാനം, വിലയേറിയ കല്ലുകള്‍, രേഖകള്‍, എന്റെ ജീവിതത്തിലെ നിധികള്‍ തുടങ്ങി എല്ലാം ഇല്ലാതായി''-റഫ മ്യൂസിയം നടത്തിപ്പുകാരിയായിരുന്ന ഡോ. സുഹൈല ഷഹീന്‍ പറയുന്നു. ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തിലാണ് മ്യൂസിയം തകര്‍ന്നത്.

2025 ഫെബ്രുവരി 19നുള്ളില്‍ ഗസയിലെ പള്ളികളില്‍ 89 ശതമാനവും ഇസ്രായേല്‍ തകര്‍ത്തതായി ഗസയിലെ വഖ്ഫ്, മതകാര്യ വകുപ്പിന്റെ റിപോര്‍ട്ട് പറയുന്നു. അതായത് 1,244 പള്ളികളില്‍ 1,109 എണ്ണവും പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തു. പ്രാര്‍ഥനാ സമയങ്ങളില്‍ വരെ പള്ളികളില്‍ ബോംബിട്ടു. ഗസയിലെ 60 ശ്മശാനങ്ങളില്‍ നാല്‍പ്പതും അവര്‍ ലക്ഷ്യമാക്കി. 21 എണ്ണം പൂര്‍ണമായും തകര്‍ത്തു. 643 വഖ്ഫ് സ്വത്തുക്കള്‍ നശിപ്പിക്കുകയും ഇമാമും മതപ്രഭാഷകരും അടക്കം 315 പേരെ കൊലപ്പെടുത്തുകയും ചെയ്തു. അധിനിവേശത്തിന്റെ ആദ്യനാളുകളിലാണ് പുരാവസ്തു-ചരിത്ര-സംസ്‌കാരിക പ്രദേശങ്ങളില്‍ ഭൂരിഭാഗവും തകര്‍ത്തതെന്ന കാര്യം ശ്രദ്ധേയമാണ്. എല്ലാ ആക്രമണങ്ങളും ആസൂത്രിതമായിരുന്നു. ഗസയില്‍ ഹമാസിനെ നശിപ്പിക്കുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് ഗസയുടെ നാശമായിരുന്നു ലക്ഷ്യം.

ഒലീവ് എന്ന ശത്രു


1947-49 കാലഘട്ടത്തില്‍ നൂറുകണക്കിന് ഫലസ്തീന്‍ ഗ്രാമങ്ങളും വീടുകളും നശിപ്പിച്ചതിന്റെ തുടര്‍ച്ചയാണ് ഗസയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അക്കാലത്ത് ഫലസ്തീനികളുടെ വീടുകളില്‍നിന്ന് ഫര്‍ണിച്ചറുകളും പരവതാനികളും ആയിരക്കണക്കിന് പുസ്തകങ്ങളും കൊള്ളയടിക്കപ്പെട്ടു. ഏറ്റവും മികച്ച കെട്ടിടങ്ങളും മറ്റും സയണിസ്റ്റുകള്‍ സ്വന്താക്കി. പള്ളികളും ശ്മശാനങ്ങളും തകര്‍ന്ന നിലയില്‍ തുടര്‍ന്നു.

1967നു ശേഷവും അവര്‍ അതേ രീതികള്‍ തുടര്‍ന്നു. കിഴക്കന്‍ ജറുസലേം പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹറം അല്‍ ശരീഫിനു സമീപമുള്ള മധ്യകാല മഗ്‌രിബി ക്വാര്‍ട്ടര്‍ നശിപ്പിച്ചു. പടിഞ്ഞാറന്‍ ജറുസലേമിലെ, റോമന്‍ കാലഘട്ടം മുതലുള്ളതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക പൈതൃക സ്ഥലങ്ങളിലൊന്നായതുമായ മാമില്ല ശ്മശാനം ക്രമേണ അശുദ്ധമാക്കപ്പെടുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്തു.

ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ആദ്യ കാലം മുതല്‍, മാമില്ല, സ്വഹാബികളുടെയും സൂഫി വര്യന്‍മാരുടെയും മംലൂക്കുകളിലെ പ്രമുഖരുടെയും ക്രിസ്ത്യാനികളിലെ പ്രമുഖരുടെയും ജറുസലേമിലെ ഗവര്‍ണര്‍മാരുടെയും കുരിശുയുദ്ധക്കാരോട് പോരാടി മരിച്ച ആയിരക്കണക്കിന് മുസ്‌ലിം സൈനികരുടെയും സംസ്‌കാര കേന്ദ്രമായിരുന്നു.

1948ല്‍ പശ്ചിമ ജറുസലേമില്‍ ജൂതന്‍മാര്‍ അധിനിവേശം നടത്തിയ ശേഷം 'സ്വാതന്ത്ര്യ പാര്‍ക്ക്' നിര്‍മിക്കുന്നതിനായി നിരവധി ശവകുടീരങ്ങള്‍ പിഴുതെറിയപ്പെട്ടു. വരും വര്‍ഷങ്ങളില്‍ അശുദ്ധമാക്കല്‍ തുടര്‍ന്നു. നൂറുകണക്കിന് ശവക്കുഴികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി ശരീര അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു. ശ്മശാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍, ഹോട്ടല്‍, കാര്‍ പാര്‍ക്കിങ്, പൊതു പാര്‍ക്ക്, നൈറ്റ്ക്ലബ്, യുഎസ് കോണ്‍സുലേറ്റ് തുടങ്ങിയവ സ്ഥാപിച്ചു.

ശ്മശാനമുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോള്‍ 'സഹിഷ്ണുതയുടെ മ്യൂസിയം' എന്ന പേരില്‍ ഒരു മ്യൂസിയം നിര്‍മിക്കുന്നുണ്ട്. അവിടെ തന്നെ കണ്‍വെന്‍ഷന്‍ സെന്ററിനും ഒരു വിനോദ വേദിക്കും പദ്ധതിയുണ്ട്. ഹെബ്രോണില്‍ നിന്നുള്ള വെള്ളം ജെറുസലേമിലുടനീളം വിതരണം ചെയ്തിരുന്ന മാമില്ല 'കുളം' വരണ്ടിരിക്കുകയാണ്. ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ഫലസ്തീന് സംഭവിച്ച നാശം അറിയാന്‍ കാര്‍ഷിക മേഖലയില്‍ സയണിസ്റ്റുകള്‍ നടത്തിയ അതിക്രമങ്ങള്‍ വിലയിരുത്തണം. 1948ന് ശേഷം ഏകദേശം 7,00,000 ഫലവൃക്ഷങ്ങളും തൊണ്ടുള്ള ഫലങ്ങളുണ്ടാവുന്ന വൃക്ഷങ്ങളും ജൂതന്‍മാര്‍ നശിപ്പിച്ചു. പകരം തദ്ദേശീയമല്ലാത്ത ആലപ്പോ പൈന്‍ മരങ്ങളാണ് നട്ടത്. ഫലസ്തീന്റെ ഭൂപ്രകൃതിയെ നശിപ്പിക്കാനായിരുന്നു ഇത്. ഇത്തരം പ്രവര്‍ത്തനത്തിന് ജൂത ദേശീയ ഫണ്ട് (ജെഎന്‍എഫ്) നേതൃത്വം നല്‍കി. 1980കളില്‍ രൂപീകരിച്ച വനങ്ങളിലെ മരങ്ങളില്‍ 80 ശതമാനവും ആലപ്പോ പൈനായിരുന്നു.

ഫലസ്തീനിലെ ഏറ്റവും സമ്പന്നമായ കാര്‍ഷിക മേഖലയായിരുന്നു ഹുലേഹ് താഴ്‌വര. തേന്‍, കന്നുകാലി വളര്‍ത്തല്‍, ഹുലേഹ് തടാകത്തിന് ചുറ്റുമുള്ള സസ്യങ്ങളിലെ നാരുകളില്‍നിന്ന് നെയ്ത പായ എന്നിവയ്ക്ക് പേരുകേട്ട പ്രദേശമായിരുന്നു ഹുലേഹ് താഴ്‌വര. ദേശാടന പക്ഷികള്‍ക്കുള്ള ഒരു പ്രാദേശിക തണ്ണീര്‍ത്തട ഇടത്താവളം കൂടിയായിരുന്നു ഇത്. പുരാതന കാലം മുതല്‍ അറിയപ്പെട്ടിരുന്ന ഈ തടാകത്തിന്റെ വലിയൊരു ഭാഗം ജൂത വാസസ്ഥലങ്ങള്‍ നിര്‍മിക്കാനായി 1950കളില്‍ വറ്റിച്ചു.

എന്നിരുന്നാലും ജൂതന്‍മാരുടെ ഏറ്റവും വലിയ ശത്രു ഫലസ്തീനികളുടെ സാന്നിധ്യത്തിന്റെ ജീവിക്കുന്ന പ്രതീകമായ ഒലീവ് മരമാണ്. 1967 മുതല്‍ ഏറ്റവും കുറഞ്ഞത് എട്ടുലക്ഷം ഒലീവ് മരങ്ങളാണ് സൈനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ജൂതന്‍മാര്‍ പിഴുതെറിഞ്ഞത്. 2020 ആഗസ്റ്റ് മുതല്‍ 2021 ഒക്ടോബര്‍ വരെ ഏകദേശം 9,000 ഒലീവ് മരങ്ങള്‍ വെട്ടുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പറയുന്നത്. ഇസ്രായേലി സൈന്യത്തിന്റെ സംരക്ഷണയിലും കാവലിലും ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനി കര്‍ഷകരെ കൊല്ലുകയും ഒലീവ് മരങ്ങള്‍ നശിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

സയണിസത്തിന് മുമ്പ് ഗസ എന്തായിരുന്നു?

ഗസ ഫലഭൂയിഷ്ഠമായ പ്രദേശമാണെന്നും നിറയെ വയലുകളും സജീവമായ ഗ്രാമങ്ങളുമുണ്ടെന്നുമാണ് വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബെയ്ത്ത് ഹാനൂന്‍, ബെയ്ത്ത് ലാഹിയ എന്നീ പ്രദേശങ്ങള്‍ ഗുണനിലവാരമുള്ള അത്തിപ്പഴത്തിന്റെയും ആപ്പിളിന്റെയും നാരങ്ങയുടെയും പച്ചക്കറികളുടെയും പേരില്‍ പ്രശസ്തമായിരുന്നു. ഗസ നഗരത്തില്‍ 150 അടി ആഴമുള്ള ഒരു കിണറുണ്ടായിരുന്നു. അതിലെ ജലം ഏറെ പ്രശസ്തമായിരുന്നു. ഈജ്പിതിലെ കെയ്‌റോയിലേക്ക് ഈ പ്രദേശത്തു നിന്നാണ് സോപ്പ് കൊണ്ടുപോയിരുന്നത്.

അമേരിക്കന്‍ മിഷണറിയായിരുന്ന ഡോ. ഡബ്ല്യു എം തോംസണിന്റെ 1860ലെ 'ദ ലാന്‍ഡ് ആന്‍ഡ് ദ ബുക്ക്' എന്ന പുസ്തകം ഗസയെ കുറിച്ച് പറയുന്നുണ്ട്''. 'ഫിലിസ്റ്റിയ' നമ്മുടെ(യുഎസ്) പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഏറ്റവും മനോഹരമായ ചില പ്രദേശങ്ങളെ പോലെയാണ്. മിസിസിപ്പി താഴ്‌വരയെ പോലെ തന്നെ മനോഹരവും ഫലഭൂയിഷ്ഠവുമാണ് അത്''.


പക്ഷേ, ഇപ്പോള്‍ എല്ലാം പോയി. വൈറ്റ്ഹൗസിലെ പ്രമാണിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ''ഗസ വെറുമൊരു റിയല്‍ എസ്റ്റേറ്റ് പീസ് മാത്രമാണ്''.

Similar News