ബുലന്ദ്ശഹറിലെ പോലിസ് ഇന്‍സ്‌പെക്ടറുടെ കൊല: മുഖ്യപ്രതി അറസ്റ്റില്‍

ബജറംഗദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം അറസ്റ്റിലായത്. 30 ദിവസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ബജ്‌റംഗദള്‍ നേതാക്കള്‍ തന്നെയാണ് പോലിസിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

Update: 2019-01-03 05:09 GMT
ലഖ്‌നൗ: പശുവിനെകൊലപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ അക്രമാസക്തരായ ജനക്കൂട്ടം പോലിസ് ഇന്‍സ്‌പെക്ടറെ വെട്ടിയും കുത്തിയും വെടിവച്ചും കൊന്ന സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജറംഗദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം അറസ്റ്റിലായത്. 30 ദിവസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ബജ്‌റംഗദള്‍ നേതാക്കള്‍ തന്നെയാണ് പോലിസിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. വനത്തിലെ വിവിധയിടങ്ങളിലായി അറുത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ഡിസംബര്‍ മൂന്നിന് കശാപ്പുകാര്‍ക്കെതിരേ യോഗേഷ് രാജ് പോലിസ് സ്‌റ്റേഷനിലെത്തി ഏഴു പേര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. പിന്നാലെ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു.

തുടര്‍ന്നു പ്രധാനപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് തടസ്സം സംഘര്‍ഷം സൃഷ്ടിക്കുകയും ആക്രമണം നടത്തുകയും ചെയ്ത ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. 400 ഓളം വരുന്ന അക്രമികളാണ് സുബോധ്കുമാറിനെ അടിച്ചും തൊഴിച്ചും മഴുകൊണ്ടു വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയത്.

മഴു ഉപയോഗിച്ച് സുബോധ്കുമാറിന്റെ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസിലെ പ്രധാന പ്രതികളിലൊരാളായ കാലുവ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളാണ് മഴു ഉപയോഗിച്ച് സുബോധ്കുമാറിന്റെ കയ്യിലും തലയിലും വെട്ടിയതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രശാന്ത് നട്ട് എന്നയാള്‍ സുബോധ് കുമാറിന് നേരെ വെടിയുതിര്‍ത്തതെന്നും പോലീസ് വെളിപ്പെടുത്തി. പ്രശാന്ത് നട്ടും കഴിഞ്ഞ ദിവസം പിടിയിലായിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ തോക്ക് തട്ടിയെടുത്ത ജോണി എന്നയാള്‍ക്ക് വേണ്ടിയും തിരച്ചില്‍ തുടരുകയാണ്.അക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയില്‍ നിന്നാണ് പോലിസ് പ്രതികളെ തിരിച്ചറിഞ്ഞത്.കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തേ യോഗേഷ് രാജിന്റെ പരാതിയില്‍ അഞ്ചുമുസ്്‌ലിംകളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിടുകയായിരുന്നു.




Tags:    

Similar News