പൗരത്വനിയമം: നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്-മുഖ്യമന്ത്രി

Update: 2021-02-13 13:19 GMT

ഉപ്പള(കാസര്‍കോട്): പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ് അര്‍ഥം. കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപിയുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. തങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കുകയുമില്ല. നടപ്പാക്കുകയുമില്ല-മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചാരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാവുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്. ഇപ്പോള്‍ നടപ്പാക്കിയോ. വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയത നാടിന് ആപത്താണ്. വര്‍ഗീയതയെ പൂര്‍ണമായും തൂത്തുമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂ. കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ്. അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വര്‍ഗീയമായി ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ് ലാമിയും എസ്ഡിപിഐയും ആര്‍എസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വര്‍ഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് തങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരെ ആയതുകൊണ്ടാണ്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CAA: If it is not implemented, it means it will not be implemented - CM


Tags:    

Similar News