ഹിന്ദുരാഷ്ട്രം രൂപീകരിക്കാന്‍ ആഹ്വാനം; ഗാന്ധിജയന്തി ദിനത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വടിവാളേന്തി പ്രകടനം

Update: 2022-10-04 06:49 GMT

ഉഡുപ്പി: കര്‍ണാടകയിലെ തീരദേശ ജില്ലയായ ഉഡുപ്പിയില്‍ ഗാന്ധിജയന്തിദിനത്തില്‍ ഹിന്ദുരാഷ്ട്രം രൂപീകരിക്കാന്‍ ആഹ്വാനം ചെയ്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രകടനം. വടിവാളും മറ്റ് ആയുധങ്ങളും ചുഴറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഹിന്ദുത്വസംഘടനയാണ് പ്രകടനം സംഘടിപ്പിച്ചത്.

ഗാന്ധിജയന്തി ദിനത്തില്‍ ഹിന്ദു ജാഗരണ വേദിയുടെ നേതൃത്വത്തിലാണ് വടിവാള്‍ പ്രകടനം നടത്തിയത്. ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് അടക്കം നിരവധി ജനപ്രതിനിധികള്‍ റാലിയില്‍ പങ്കെടുത്തു. ജില്ലാ പോലിസ് സേന മാര്‍ച്ചിനും മറ്റുപരിപാടികള്‍ക്കും സംരക്ഷണം നല്‍കി.

പരിപാടിയില്‍ ഉഡുപ്പിയിലെ ടെലിവിഷന്‍ റിപോര്‍ട്ടര്‍ ശ്രീകാന്ത് ഷെട്ടി കാര്‍ക്കള ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ആഹ്വാനം ചെയ്തു. 'എല്ലാ ഹിന്ദു കുടുംബങ്ങളിലും ആയുധം ഉണ്ടായിരിക്കണം. ആയുധപൂജ സമയത്ത്, ഹിന്ദുക്കള്‍ സൈക്കിള്‍, മിക്‌സി, ഗ്രൈന്‍ഡര്‍ എന്നിവയെ ആരാധിക്കരുത്, പകരം ആയുധങ്ങളെ ആരാധിക്കണം. ആ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള മനസ്സ് നമുക്ക് വളര്‍ത്തിയെടുക്കാണം'- അദ്ദേഹം പറഞ്ഞു.

ചില സ്ത്രീകള്‍ ഉഡുപ്പിയുടെ പേര് മോശമാക്കിയെന്നും എങ്കിലും ഹിന്ദു ജാഗരണ വേദികെ അവരുടെ തനിനിറം തുറന്നുകാട്ടിയെന്നും അദ്ദേഹം പ്രസംഗിച്ചു. ഹിജാബ് വിഷയത്തില്‍ പ്രതിഷേധിച്ച മുസ് ലിംവിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് റിപോര്‍ട്ടര്‍ ആക്രണം നടത്തിയത്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ നിരവധി മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജുകളില്‍ പ്രവേശനം നിഷേധിച്ചത് ഉഡുപ്പിയില്‍ വിവാദമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ശിരോവസ്ത്രവും ധരിച്ച് ക്യാമ്പസിലെത്തി.

'കോളേജുകളില്‍ ഇപ്പോള്‍ കാവി നിറത്തിലുള്ള തലപ്പാവാണ് കാണുന്നത്. ഇത് ഫാഷനു വേണ്ടി ധരിക്കുന്നതല്ല, മറിച്ച് സമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനാവശ്യമായ അവബോധമുണ്ടെന്നും സൂചിപ്പിക്കുന്നു. കാവി തലപ്പാവ് മാത്രമല്ല, ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, നിങ്ങള്‍ക്ക് ആയിരം വാളുകള്‍ കാണാനാകും- 'ഷെട്ടി പറഞ്ഞു.

Tags:    

Similar News