കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം: ആറാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുക എന്നീ നിര്‍ദേശങ്ങള്‍ കേന്ദ്രം സ്വീകരിച്ചു.

Update: 2020-12-30 15:15 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നിന്നതോടെ കര്‍ഷക യൂണിയന്‍ നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. എന്നാല്‍, മൂന്ന് കേന്ദ്രമന്ത്രിമാരും 41 കര്‍ഷക യൂണിയന്‍ പ്രതിനിധികളും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം നടത്തിയ ചര്‍ച്ചയില്‍ രണ്ട് കാര്യങ്ങളില്‍ സമവായമായി. ജനുവരി നാലിന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.


ഇന്നു നടന്ന ചര്‍ച്ചയില്‍ നാല് അജണ്ടകളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തുക എന്നീ നിര്‍ദേശങ്ങള്‍ കേന്ദ്രം സ്വീകരിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു പകരം നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചത്. നേരത്തേയും ഇതേ നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. ഇത് കര്‍ഷക സംഘടനകള്‍ അംഗീകരിച്ചില്ല. താങ്ങുവില തുടരാമെന്ന ഉറപ്പ് എഴുതി നല്‍കാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ല. ഇതിന് നിയമപ്രാബല്യം നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.


ഇന്നു നടന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നിന്നു. എന്നാല്‍ നിയമത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും, ഡല്‍ഹിയിലെ കടുത്ത ശൈത്യം കണക്കിലെടുത്ത് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമരവേദികളില്‍ നിന്ന് വീടുകളിലേക്ക് തിരികെ അയക്കണണെന്ന് ആവശ്യപ്പെട്ടതായും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.




Tags:    

Similar News