ഫാത്തിമയുടേത് സ്ഥാപനവല്‍കൃത കൊല: ചെന്നൈ ഐഐടി കാംപസ് ഫ്രണ്ട് ഉപരോധിച്ചു (വീഡിയോ)
ഐഐടിയില്‍ നടന്നത് ഇസ്‌ലാമിക് ഫോബിക് ആയ സ്ഥാപന വല്‍കൃത കൊലയാണെന്നും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ചെന്നൈ ഐഐടിക്ക് മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു.
ചെന്നൈ: വര്‍ഗീയ വിവേചനത്തിന് ഇരയായി ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെന്നൈ ഐഐടി ഉപരോധിച്ചു.
ഫാത്തിമ ലത്തീഫിയുടേത് സ്ഥാപന വല്‍കൃത കൊലയാണെന്ന് കാംപസ് ഫ്രണ്ട് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്‌റഫ് പറഞ്ഞു. ഐഐടിയില്‍ നടന്നത് ഇസ്‌ലാമിക് ഫോബിക് ആയ സ്ഥാപന വല്‍കൃത കൊലയാണെന്നും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ചെന്നൈ ഐഐടിക്ക് മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു.
കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പോലിസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.
'എന്റെ മകളുടെ മരണത്തില്‍ ദുരൂഹമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പോലിസ് സി.സി.ടി.വി പരിശോധിക്കണം'. ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.