കൊവിഡ് ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന് ആരോപണം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് ഡല്‍ഹി പോലിസിന്റെ ക്ലീന്‍ ചിറ്റ്
മാത്രമല്ല, മരുന്നും ഓക്സിജനും പണം ഈടാക്കാതെ നല്‍കി ശ്രീനിവാസ് ആളുകളെ സഹായിക്കുകയാണ് ചെയ്തതെന്നും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ സന്നദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു കേന്ദ്രനിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ്. ചികില്‍സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ തെളിവില്ലെന്നു കണ്ടാണ് ഡല്‍ഹി പോലിസ് ശ്രീനിവാസനെയും സഹപ്രവര്‍ത്തകരായ എട്ടുപേരെയും വെറുതെവിട്ടത്. ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതു വാര്‍ത്താപ്രാധാന്യം നേടിയതിനു പിന്നാലെയായിരുന്നു പോലിസ് നടപടി. ഓക്സിജന്‍ ക്ഷാമം മൂലം ദുരിതത്തിലായ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീനിവാസിനെ ടാഗ് ചെയ്യുകയും അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തതോടെ ഇദ്ദേഹത്തിന് ഓക്സിജന്‍ മാന്‍ എന്ന വിളിപ്പേരും വീണിരുന്നു. അതിനിടെ, ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കൊവിഡ് പ്രതിരോധ, ചികില്‍സാ ഉപകരണങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നുണ്ടെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതിയിലാണ് ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തു. ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപോര്‍ട്ടിലാണ് ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. മാത്രമല്ല, മരുന്നും ഓക്സിജനും പണം ഈടാക്കാതെ നല്‍കി ശ്രീനിവാസ് ആളുകളെ സഹായിക്കുകയാണ് ചെയ്തതെന്നും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, വിശദമായ അന്വേഷണം നടത്താന്‍ ആറ് ആഴ്ചത്തെ സമയം നല്‍കണമെന്നും പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Clean chit to BV Srinivas, 8 others in hoarding case