മുഖ്യമന്ത്രി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട്: സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കണം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പാലക്കാട് യോഗത്തില്‍ എം ആര്‍ അജിത്ത് കുമാര്‍ അഭിവാദ്യം അര്‍പ്പിച്ചെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും പോലീസിന്റെയും ആര്‍എസ്എസ് ബന്ധം മറനീക്കിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇനിയെങ്കിലും സിപിഎം നേതാക്കള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലിസുദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ആശയവിനിമയവും ഉള്ളതായി വ്യക്തമായിരിക്കുന്നു. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പാലക്കാട് യോഗത്തില്‍ എം ആര്‍ അജിത്ത് കുമാര്‍ അഭിവാദ്യം അര്‍പ്പിച്ചെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി പോലിസ് ഇടപെടലുകള്‍ വരുന്നതിന് പിന്നില്‍ പോലിസിലെ സംഘപരിവാര സ്ലീപ്പര്‍ സെല്ലുകളാണെന്ന് നേരത്തേ സിപിഎമ്മില്‍ നിന്ന് പോലും ആരോപണമുയര്‍ന്നിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലോടെ പോലിസിനും ആര്‍എസ്എസിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. മലപ്പുറം ജില്ലയ്‌ക്കെതിരായ ആസൂത്രിത നീക്കത്തിനു പിന്നിലും ഈ കൂട്ടുകെട്ടിന്റെ ഗൂഢാലോചന പ്രകടമാണ്. കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ പോലിസിനെതിരേ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില മത-സാമൂഹിക വിഭാഗങ്ങള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കള്ളക്കേസുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
കേരളാ പോലിസിനുള്ളിലെ ആര്‍എസ്എസ് അനുഭാവികളുടെ 'സ്ലീപ്പര്‍' സെല്‍ പ്രവര്‍ത്തനത്തെ കുറിച്ചും 2017 ആഗസ്ത് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ഇവരുടെ പഠന ശിബിരത്തില്‍ പോലിസിനുള്ളിലെ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതു സംബന്ധിച്ചും സിപിഎം നിയന്ത്രണത്തിലുള്ള കൈരളി തന്നെ മുമ്പ് റിപോര്‍ട്ട് ചെയ്തിരുന്നു. പോലിസ് സേനയിലെ 27 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തില്‍ 'തത്ത്വമസി' എന്ന വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാ മാസവും യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും ക്രൈം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പോലിസ് ഉദ്യോഗസ്ഥരെ ഇതിനുത്തരവാദപ്പെടുത്തിയതായും കൈരളി റിപോര്‍ട്ടിലുണ്ടായിരുന്നു. രമണ്‍ ശ്രീ വാസ്തവ, ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച ശേഷം താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷഠിക്കപ്പെട്ടതും ഇത്തരം ചില ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ഇരട്ട നീതിയും വിവേചനവും പരിശോധിച്ചാല്‍ കേരളാ പോലിസിലെ ആര്‍എസ്എസ് സ്വാധീനം ബോധ്യമാവും. കൃത്യമായ തെളിവുകളോടെയുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ കാപട്യം വ്യക്തമായിരിക്കുന്നു. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന പോലിസ് പ്രവര്‍ത്തനത്തെ കുറിച്ചുള്ള അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ആര്‍എസ്എസ്സിനും സ്വന്തം കുടുംബത്തിന്റെ ആഢംബരത്തിനും മാത്രമായി മാറിയിരിക്കുകയാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി.