പാചകവാതക വിലയും കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് 266 രൂപയുടെ വര്‍ധന

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ലാത്തത് ആശ്വാസകരമാണ്.

Update: 2021-11-01 05:19 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാവുന്ന ഇന്ധന വിലവര്‍ധനവിനൊപ്പം പാചകവാതകത്തിന്റെ വിലയും കുത്തനെ കൂട്ടി. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവും പാചകവാതക വിലയും സാധാരണക്കാരന്റെ നടുവൊടിക്കുമ്പോഴും മോദി സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇന്ധന വിലക്കയറ്റത്തെത്തുടര്‍ന്ന് ജനം പൊറുതിമുട്ടിനില്‍ക്കവെയാണ് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന് 266 രൂപയുടെ വര്‍ധനവാണ് പെട്രോളിയും കമ്പനികള്‍ ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1,994 രൂപയായി.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയും കോര്‍പറേഷന്‍ എന്നീ പെട്രോളിയും കമ്പനികളുടെ സംയുക്തയോഗത്തിന് ശേഷമാണ് വിലവര്‍ധന പ്രഖ്യാപിച്ചത്. എന്നാല്‍, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ലാത്തത് ആശ്വാസകരമാണ്.

ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,734 രൂപയായിരുന്നത് ഇന്ന് മുതല്‍ 2,000.50 രൂപയാവും. രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്ലാ വിഭാഗം എല്‍പിജി സിലിണ്ടറുകള്‍ക്കും കഴിഞ്ഞ ഒക്ടോബര്‍ ആറിന് 15 രൂപ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, രാജ്യത്ത് ഇന്ധനവിലയും നിയന്ത്രണമില്ലാതെയാണ് കുതിച്ചുയരുന്നത്. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഉണ്ടായ ഉയര്‍ന്ന വര്‍ധനവാണിത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News