പരിയാരത്ത് വ്യാജ ഒപ്പിട്ട് കോഷന്‍ ഡെപ്പോസിറ്റ് തട്ടിയെടുത്തെന്ന് പരാതി; നൂറിലേറെ പിജി വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ ലഭിച്ചില്ല
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന് പരാതി. കോഴ്‌സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ തിരികെ നല്‍കേണ്ട 10000 രൂപ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം തുടങ്ങി. രണ്ടുവര്‍ഷം മുമ്പ് പിജി പൂര്‍ത്തിയാക്കിയ വനിതാ ഡോക്ടര്‍ കോഷന്‍ ഡെപ്പോസിറ്റായി നല്‍കിയ 10000 രൂപ തിരികെ ആവശ്യപ്പെട്ട് നിരവധി തവണ മെഡിക്കല്‍ കോളജ് അക്കൗണ്ട്‌സ് വിഭാഗത്തെ സമീപിച്ചെങ്കിലും പണം കിട്ടിയിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വനിതാ ഡോക്ടര്‍ പണം നേരത്തേ കൈപ്പറ്റിയതായി അക്കൗണ്ട്‌സില്‍ വ്യാജ രേഖ ഉണ്ടാക്കിയതായി വ്യക്തമായത്. തുടര്‍ന്ന് വനിതാ ഡോക്ടര്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ വാട്‌സ് ആപ് കൂട്ടായ്മയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് 2010 മുതലിങ്ങോട്ട് നിരവധി പേര്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്. തമിഴ്‌നാട്ടില്‍ അസി. പ്രഫസറായി ജോലിചെയ്യുന്ന യുവാവിന് 2011ല്‍ പരിയാരത്ത് പഠിക്കുന്ന കാലയളവില്‍ നല്‍കിയ കോഷന്‍ ഡെപ്പോസിറ്റ് 10 വര്‍ഷം കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
തുക തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രിന്‍സിപ്പലിന് ഇ-മെയില്‍ അയക്കുകയാണിപ്പോള്‍. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ കെ പി മൊയ്തു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിജിലന്‍സിനും പരാതി അയച്ചിട്ടുണ്ട്.