കോണ്‍ഗ്രസ് പ്രവര്‍ത്തന ഫണ്ട്: വന്‍ തുക നല്‍കിയവരിലേറെയും 'വിമതര്‍'
കപില്‍ സിബല്‍-3 കോടി, സോണിയ ഗാന്ധി-50,000, രാജ് ബബ്ബര്‍-1.08 ലക്ഷം, മിലിന്ദ് ദിയോറ-ഒരു ലക്ഷം--- രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍, മന്‍മോഹന്‍ സിങ്, എ കെ ആന്റണി, മോത്തിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, പ്രീനീത് കൗര്‍, അദിര്‍ രഞ്ജന്‍ ചൗധരി-54,000
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന നല്‍കിയതില്‍ വന്‍ തുക നല്‍കിയവരിലേറെയും വിമതരെന്ന് കണക്കുകള്‍. സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും സ്ഥിരം പ്രസിഡന്റിനെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് പരസ്യപ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന കപില്‍ സിബലാണ് വ്യക്തിഗതമായി ഏറ്റവും കൂടുതല്‍ തുക നല്‍കിയിട്ടുള്ളത്. സുപ്രിംകോടതി അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം മൂന്നുകോടി രൂപ നല്‍കിയപ്പോള്‍ വിമത പക്ഷത്തെ പ്രഗല്‍ഭരായ രാജ് ബബ്ബര്‍-1.08 ലക്ഷം, മിലിന്ദ് ദിയോറ-ഒരു ലക്ഷം, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍ എന്നിവര്‍ 54,000 രൂപ വീതമാണു സംഭാവന നല്‍കിയത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി-50,000, രാഹുല്‍ ഗാന്ധി-54,000 എന്നിങ്ങനെയാണ് നല്‍കിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, പരേതനായ മോത്തിലാല്‍ വോറ, പരേതനായ അഹമ്മദ് പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി പ്രീനീത് കൗര്‍, അദിര്‍ രഞ്ജന്‍ ചൗധരി എന്നിവരും 54,000 രൂപ വീതമാണ് നല്‍കിയത്. 2020ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ സംഭാവനയും 54,000 രൂപയാണ്.
കോണ്‍ഗ്രസിലെ 'വിമത ഗ്രൂപ്പ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജി 23 അംഗങ്ങളില്‍പെട്ടവരാണ് കൂടിയ തുക നല്‍കിയത് എന്നതാണ് ശ്രദ്ധേയം. ആകെ സംഭവാന നല്‍കിയ 352 പേരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ക്ക്: https://eci.gov.in/files/file/12817-indian-national-congress-contribution-report-fy-2019-20/
അതേസമയം, പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ പിന്തുണയുള്ള പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ് കോണ്‍ഗ്രസിനു സംഭാവന നല്‍കിയതില്‍ ഒന്നാംസ്ഥാനത്തുള്ളത്-31 കോടി. ഐടിസി 13 കോടി, ഐടിസി ഇന്‍ഫോടെക്-4 കോടി തുടങ്ങിയവയാണ് ലഭിച്ചത്. 2018-19 ല്‍ കോണ്‍ഗ്രസിന് 146 കോടി രൂപയാണ് സംഭാവന ലഭിച്ചിരുന്നത്. ജനുവരിയിലാണ് കോണ്‍ഗ്രസ് കണക്ക് സമര്‍പ്പിച്ചത്.
വിവിധ പാര്‍ട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ക്ക്: https://eci.gov.in/files/category/1485-recognized-national-parties/
Congress's G-23 donates more than Rahul and Sonia Gandhi to party fund, Kapil Sibal gives Rs 3 crore