മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ പോലും ഭരണത്തിലും പാര്‍ട്ടി നയത്തിലും അസംതൃപ്തരാണെന്നും മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഭരണഘടനയെ പൊളിച്ചെഴുതുമെന്നും കപില്‍ സിബല്‍ എംപി. ഇത്തവണയും മോദിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാനായില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാവാനിടയില്ലെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മോദിയും മോദിയും തമ്മിലാവും. ഒമ്പതര വര്‍ഷം നീണ്ട മോദിയുടെ ഭരണം എന്താണെന്നും അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളും അതില്‍ നടപ്പിലാക്കിയത് ഏതാണെന്നും ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. ഇനി വോട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ അല്ല, മറിച്ച് മോദിയുടെ തന്നെ ഭരണത്തെയാവും പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തില്‍ ദരിദ്രന്‍ ദരിദ്രനായി തുടരുകയാണ്. വിലക്കയറ്റം അതിന്റെ പാരമ്യതയിലെത്തി. ജീവിതത്തിന്റെ ഓരോ അറ്റവും കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാരന്‍ കഷ്ടപ്പെടുകയാണ്. 15 ലക്ഷം നല്‍കുമെന്ന വാഗ്ദാനം, വിലക്കയറ്റം, വിദ്യാഭ്യാസ രംഗത്തെ അവസ്ഥ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയം എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും അടുത്ത തിരഞ്ഞെടുപ്പ്. രാജ്യത്ത് തുടര്‍ച്ചയായുണ്ടാവുന്ന വര്‍ഗീയ കലാപങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.