മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്;പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം
അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 24 മണിക്കൂറിനകം സ്‌റ്റേഷന്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ച് ഐപിസി 120ബി,153,464,469,505(1)(ബി),34 എന്നീ വകുപ്പുകള്‍ പ്രകാരം സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും പി സി ജോര്‍ജ് രണ്ടാം പ്രതിയായും തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി സി ജോര്‍ജിന് തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് കുമാറാണ് ഹാജരായത്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 24 മണിക്കൂറിനകം സ്‌റ്റേഷന്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.കേസിലെ പ്രതിയായ പി സി ജോര്‍ജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖം നല്‍കാന്‍ പി സി ജോര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.