ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരമായില്ല, കേരളത്തിലെ വിദൂര വിദ്യാഭ്യാസം അനിശ്ചിതത്വത്തില്‍; തുടര്‍പഠനം വഴിമുട്ടി ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍

അപേക്ഷ സമര്‍പ്പിച്ചിട്ട് ഇതുവരെയായും പരിശോധനയ്ക്കായി പോലും യുജിസി സംഘം സര്‍വകലാശാലകളെ സമീപിച്ചിട്ടില്ല. തുടര്‍പഠനത്തിനായി ഉയര്‍ന്ന ഫീസ് നല്‍കി അയല്‍ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.

Update: 2021-10-01 09:13 GMT

കോഴിക്കോട്: കോഴ്‌സുകള്‍ക്ക് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യുജിസി) അംഗീകാരം ലഭിക്കാന്‍ വൈകുന്നതോടെ കേരളത്തിലെ വിദൂര വിദ്യാഭ്യാസ പഠനം അനിശ്ചിതത്വത്തിലായി. സംസ്ഥാനത്ത് സമാന്തരവിദ്യാഭ്യാസം ഒറ്റ സര്‍വകലാശാലയ്ക്ക് കീഴിലാക്കാന്‍ സ്ഥാപിച്ച ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ കഴിയാത്തതിനാലാണ് പ്രതിസന്ധി ഉടലെടുത്തത്. ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല ആക്ട് പ്രാബല്യത്തില്‍ വന്നപ്പോള്‍ മറ്റ് സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ ഉള്ള പഠനകോഴ്‌സുകള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

കേരളത്തിലെ മറ്റ് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താനുള്ള അനുമതി റദ്ദാക്കിയതോടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേനയോ വിദൂര പഠനത്തിലൂടെയോ ബിരുദ, ബിരുദാനന്തര കോഴ്‌സുകളെ ആശ്രയിക്കുന്ന ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികളുടെ തുടര്‍പഠനം വഴിമുട്ടിയ അവസ്ഥയിലാണ്. സംസ്ഥാനത്ത് കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്കാണ് വിദൂര വിദ്യാഭ്യാസ പഠനം നടത്താന്‍ അനുമതിയുള്ളത്. ഓപണ്‍ സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ സമാന്തര വിദ്യാഭ്യാസം നിലവിലുണ്ടായിരുന്നതുപോലെ അഫിലിയേറ്റിങ് സര്‍വകലാശാലകളെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇതിനുശേഷം യുജിസി അംഗീകാരത്തിനായി കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ അപേക്ഷ നല്‍കിയെങ്കിലും കാലതാമസമുണ്ടായി.

അപേക്ഷ സമര്‍പ്പിച്ചിട്ട് ഇതുവരെയായും പരിശോധനയ്ക്കായി പോലും യുജിസി സംഘം സര്‍വകലാശാലകളെ സമീപിച്ചിട്ടില്ല. തുടര്‍പഠനത്തിനായി ഉയര്‍ന്ന ഫീസ് നല്‍കി അയല്‍ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. സാധാരണയായി ഒക്ടോബറിലാണ് വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ വിജ്ഞാപനം വരേണ്ടത്. എങ്കില്‍ മാത്രമേ കോഴ്‌സുകള്‍ ആരംഭിച്ച് ഏപ്രിലില്‍ അക്കാദമിക് വര്‍ഷം പൂര്‍ത്തിയാക്കാനാവൂ. ഇതിന് മുമ്പ് യുജിസിക്ക് നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലേ അംഗീകാരം നല്‍കാനാവൂ. അതിനുവേണ്ട പരിശോധനകള്‍ക്കായി യുജിസി പ്രത്യേക സംഘം സര്‍വകലാശാലയിലെത്തുന്ന വിഷയം പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.

കാലിക്കറ്റ് സര്‍വകലാശാലയില്‍ കോഴ്‌സുകള്‍ നടത്തുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കാലതാമസമുണ്ടായാലും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള സര്‍വകലാശാല. കേരളയിലും കാലിക്കറ്റുമായി എല്ലാ വര്‍ഷവും ഏതാണ്ട് ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിദൂര വിദ്യാഭ്യാസ കോഴ്‌സുകളെ ആശ്രയിക്കുന്നത്. ബിഎ, ബിഎസ്‌സി (മാത്‌സ്), ബികോം കോഴ്‌സുകള്‍ക്ക് പുറമേ 25ലധികം വിവിധ ഓപ്ഷനുകളുമുണ്ട്. ഇവിടെ പ്രവേശനം ലഭിച്ചില്ലെങ്കില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അമിതഫീസ് നല്‍കി ചേരേണ്ടിവരും. ഇല്ലെങ്കില്‍ യുജിസി അംഗീകാരമില്ലാത്ത സ്വകാര്യ പഠനവിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവും.

പുതുതായി സര്‍ക്കാര്‍ ആരംഭിച്ച ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരം ലഭിക്കാന്‍ കടമ്പകളേറെയാണ്. കോഴ്‌സ് നടത്തിപ്പിനാവശ്യമായ ഫാക്കല്‍റ്റികളുടെ അടക്കം തസ്തികകള്‍ പോലും സൃഷ്ടിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ യുജിസി സംഘം പരിശോധനയ്‌ക്കെത്തിയാലും അംഗീകാരം നല്‍കുമെന്ന കാര്യം സംശയമാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്ത ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല ആരംഭിക്കുകയും അതോടൊപ്പം സര്‍വകലാശാലകളെ വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്തുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത സര്‍ക്കാരിന്റെ നടപടിയാണ് വിദ്യാര്‍ഥികളുടെ ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാവുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത്തരമൊരു സ്ഥിതിനിശേഷത്തിന് ഇടയാക്കിയതെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെയാണ് ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല തുടങ്ങിയത്. അതോടൊപ്പം വിദൂര കോഴ്‌സുകള്‍ നടത്തുന്നതില്‍നിന്ന് സര്‍വകലാശാലകളെ വിലക്കിയതും തിരിച്ചടിയായി. യുജിസിയുടെ അംഗീകാരം വാങ്ങി സര്‍വകലാശാലകള്‍ക്ക് ഈ അക്കാദമിക വര്‍ഷം വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒക്ടോബര്‍, നവംബര്‍ മാസത്തിലെങ്കിലും ക്ലാസ് തുടങ്ങിയില്ലെങ്കില്‍ അക്കാദമിക വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കാനാവില്ല. അതുകൊണ്ട് ഇതിനൊന്നും കാത്തുനില്‍ക്കാതെ വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News