കോവിഡ്-19: ഇറ്റലിയില്‍ കുടുങ്ങിയവരില്‍ മാളയിലെ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 14 പേര്‍
കേരള മുഖ്യമന്ത്രി തങ്ങളുടെ പ്രശ്‌നത്തിലിടപെട്ടിട്ടുണ്ടെന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്
സലീം എരവത്തൂര്‍
തൃശൂര്‍: കോവിഡ് 19 ഭീതിയെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങുന്നതിനിടെ ഇറ്റലിയില്‍ കുടുങ്ങിയവരില്‍ മാളയിലും പരിസരങ്ങളിലുമായുള്ള കുടുംബങ്ങളിലെ 14 പേരുണ്ടെന്നു റിപോര്‍ട്ട്. ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളില്‍ മാള നെയ്തക്കുടി കടിച്ചീനി ഫ്രാന്‍സിസിന്റെ മകന്‍ ഫിജോയും ഭാര്യയും രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഇവരെക്കൂടാതെ പുത്തന്‍വേലിക്കര സ്വദേശികളായ അഞ്ചുപേരും അങ്കമാലി സ്വദേശികളായ ആറ് പേരുമുണ്ട്.മലയാളികളടക്കം 40ഓളം പേരാണ് തിരികെ വീടുകളിലേക്ക് പോവാനോ ഇന്ത്യയിലേക്ക് വരാനോ ആവാതെ 12 മണിക്കൂറിലേറെയായി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെ ദയയും നാട്ടുകാരുടെ പ്രാര്‍ഥനയും അഭ്യര്‍ത്ഥിക്കുകയാണിവര്‍. കേന്ദ്ര സര്‍ക്കാരിന്റെ കനിവുകാത്ത് കഴിയുന്ന ഇവരടക്കമുള്ളവര്‍ വളരെയേറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.
ഇറ്റലിയിലെ ഫിന്‍ജന്‍ എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് കോറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രം ഇങ്ങോട്ടേക്കയക്കാനാവൂ എന്ന ഇ-മെയില്‍ സന്ദേശം ഇന്ത്യയില്‍ നിന്നു ലഭിച്ചതായി മലയാളി യാത്രക്കാരടക്കം അറിയുന്നത്.ഭക്ഷണത്തിനു വരെ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണിവര്‍. എയര്‍പോര്‍ട്ടിലുള്ള വെന്റിങ് മെഷീനില്‍ നിന്നു ഒരു ചെറിയ കുപ്പി വെള്ളവും ചെറിയ ചോക്ലേറ്റും മാത്രമാണ് ലഭിക്കുന്നത്. പുറത്ത് കടകളില്‍ നിന്നു രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് എന്തെങ്കിലും ലഭിക്കുക. എല്ലാവര്‍ക്കും പോവാനാകാത്തതിനാലും മറ്റും വാങ്ങുന്ന ഭക്ഷണം ഇവര്‍ പങ്കിട്ട് കഴിക്കുകയാണ്. ചെറിയ കുട്ടികളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. രോഗബാധിതരാണെന്ന സംശയത്താല്‍ ഇവര്‍ക്ക് തിരികെ വീടുകളിലേക്ക് പോകാനുമാവില്ല. ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ്-19 ഇറ്റലിയില്‍ വ്യാപിച്ചുവരവെ നാടുകളിലേക്ക് എത്താമെന്ന ആഗ്രഹത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിലങ്ങുതടിയാകുന്നത്. കുട്ടികളും ഗര്‍ഭിണികളുമടക്കമുള്ളവര്‍ ഈയവസ്ഥയില്‍ ഇറ്റലിയില്‍ കഴിയുന്നത് സുരക്ഷിതമല്ലെന്ന ചിന്ത മൂലമാണ് തിരികെ നാട്ടിലേക്കെത്താനായി ഇവര്‍ ടിക്കറ്റെടുത്തത്. കേരള മുഖ്യമന്ത്രി തങ്ങളുടെ പ്രശ്‌നത്തിലിടപെട്ടിട്ടുണ്ടെന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.