കൊവിഡ്: ഇന്ത്യയില്‍ വന്‍തോതില്‍ സാമൂഹിക വ്യാപനം നടന്നെന്ന് വിദഗ്ധര്‍

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനു വന്‍ വീഴ്ച പറ്റിയതായും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നുണ്ട്

Update: 2020-06-01 07:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍തോതില്‍ കൊവിഡ് 19 സാമൂഹിക വ്യാപനം നടന്നതായി ആരോഗ്യരംഗത്തെ വിദഗ്ധര്‍. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പകര്‍ച്ച വ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഐസിഎംആറിലെ രണ്ടു ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘമാണ് കേന്ദ്ര നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍(ഐപിഎച്ച്എ), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍(ഐഎപിഎസ്), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്(ഐഎഇ) എന്നീ സംഘനകളാണ് കേന്ദ്രവാദം തള്ളി രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനു വന്‍ വീഴ്ച പറ്റിയതായും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

    മുന്നൊരുക്കമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെയും വിമര്‍ശിക്കുന്നുണ്ട്. 'ക്രൂരമായ ലോക്ക്ഡൗണ്‍' ഏര്‍പ്പെടുത്തുന്നതിനു മുമ്പ് രോഗവ്യാപനത്തെ കുറിച്ച് പകര്‍ച്ച വ്യാധി ചികില്‍സാ വിദഗ്ധരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാവുമായിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കി. മുന്‍പരിചയമില്ലാത്ത ചില വിദഗ്ധരുടെ ഉപദേശങ്ങളാണ് ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. എപ്പിഡെമിയോളജി, പബ്ലിക് ഹെല്‍ത്ത്, പ്രിവന്റീവ് മെഡിസിന്‍ എന്നീ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നതിനു പകരം ബ്യൂറോക്രാറ്റുകളെ അമിതമായി ആശ്രയിച്ചതിനാലാണ് മാനുഷിക പ്രതിസന്ധിയുടെയും രോഗ വ്യാപനത്തിന്റെയും കാര്യത്തില്‍ രാജ്യം കനത്ത വില നല്‍കുന്നത്. ആസൂത്രണത്തിലെ പിഴവാണ് ഇപ്പോള്‍ രാജ്യം നേരിടുന്നതെന്നും ആരോഗ്യവിദഗ്ധര്‍ കുറ്റപ്പെടുത്തി.

    വിദഗ്ധരുമായി ചര്‍ച്ച നടത്തി വിവരങ്ങള്‍ സുതാര്യമായി പൊതുജനങ്ങളുമായി പങ്കുവയ്‌ക്കേണ്ടിയിരുന്നു. എന്നാല്‍, രാജ്യത്ത് ഇത്തരം നടപടികളൊന്നുമുണ്ടായില്ല. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ കുടിയേറ്റ തൊഴിലാളികളെ വീട്ടിലേക്ക് വിടേണ്ടതായിരുന്നു. എന്നാല്‍, രോഗം വ്യാപിച്ചപ്പോഴാണ് തിരിച്ചുപോക്ക് തുടങ്ങിയത്. ഇത് ഗ്രാമീണ മേഖലകളിലെ രോഗവ്യാപനത്തിന് കാരണമായി. ജില്ലാ അടിസ്ഥാനത്തില്‍ രോഗവ്യാപനം നിയന്ത്രിക്കണം. കൊവിഡ് കേസുകളില്‍ മിക്കതും രോഗലക്ഷണമോ നേരിയതോതില്‍ രോഗലക്ഷണങ്ങളുള്ളവയോ ആണ്. ഇത്തരക്കാരെ ആശുപത്രിയില്‍ ചികില്‍സിക്കുന്നതിനു പകരം വീട്ടില്‍ തന്നെ ചികില്‍സിക്കണമെന്നാണ് സംഘടനകളുടെ പ്രധാന നിര്‍ദേശം. രോഗവ്യാപനമുള്ള പ്രദേശങ്ങളെ കണ്ടെത്തി കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി പൊതു ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും തുടങ്ങിയ 11 നിര്‍ദേശങ്ങളാണ് സംഘടനകള്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്.

    ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ കമ്യൂണിറ്റി മെഡിസിന്‍ എയിംസ് മേധാവി പ്രഫസര്‍ ഡോ. ശശി കാന്ത്, ബിഎച്ച്‌യു മുന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ തലവന്‍ ഡോ. ഡി സി എസ് റെഡ്ഡി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്. എപ്പിഡെമിയോളജി, കോവിഡ് 19 നിരീക്ഷണത്തിനായി ഏപ്രില്‍ 6 ന് ആരംഭിച്ച ഐസിഎംആര്‍ ഗവേഷണ ഗ്രൂപ്പിന്റെ ഭാഗമാണ് ഇവര്‍ രണ്ടുപേരും.


Tags:    

Similar News