കൊവിഡ് 19: രണ്ടാം തരംഗം നിയന്ത്രണ വിധേയമാക്കാനാവാതെ കേരളവും മഹാരാഷ്ട്രയും
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രാജ്യത്ത് കൊവിഡ് വ്യാപന തോത് 11 ശതമാനം കുറഞ്ഞു. എന്നാല്‍, ഈ കാലയളവില്‍ കേരളത്തില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വലിയ പ്രതിസന്ധിക്കിടയാക്കിയ കൊവിഡ് രണ്ടാംതരംഗത്തില്‍ നിന്ന് പുറത്ത് കടക്കാനാവാതെ കേരളവും മഹാരാഷ്ട്രയും. രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞപ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രാജ്യത്ത് കൊവിഡ് വ്യാപന തോത് 11 ശതമാനം കുറഞ്ഞു. എന്നാല്‍, ഈ കാലയളവില്‍ കേരളത്തില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നാല് ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കിലും ദേശീയ ശരാശരിയേക്കാള്‍ ഏഴ് ശതമാനം പിറകിലായിരുന്നു.
കഴിഞ്ഞ ആഴ്ച്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 48 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഒരാഴ്ച്ചക്കിടെ മൂന്ന് ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ ഒന്നര രക്ഷം രോഗികളും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കഴിഞ്ഞ ആഴ്ച്ച കേരളത്തില്‍ 84,791 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുന്നത്തെ രണ്ട് ആഴ്ച്ചകളില്‍ യഥാക്രമം 79500, 81155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആഴ്ച്ച 61,283 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുന്നത്തെ രണ്ടാഴ്ച്ചകളില്‍ യഥാക്രമം 61,283 കേസുകളും 64,113 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.