രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ 18 ജില്ലകളില്‍ 10 ജില്ലകളും കേരളത്തില്‍; രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം
കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ റീപ്രൊഡക്ഷന്‍(ആര്‍-നമ്പര്‍) ഇപ്പോഴും കൂടുതലാണ്. ഇത് നിയന്ത്രണ വിധേയമാകേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: കേരളത്തിലെ 10 ജില്ലകള്‍ ഉള്‍പ്പടെ രാജ്യത്ത് 18 ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളതെന്ന് കേന്ദ്രം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 47.5 ശതമാനം പുതിയ കൊവിഡ് കേസുകളും ഈ ജില്ലകളില്‍ നിന്നാണ്. രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ റീപ്രൊഡക്ഷന്‍(ആര്‍-നമ്പര്‍) ഇപ്പോഴും കൂടുതലാണ്. ഇത് നിയന്ത്രണ വിധേയമാകേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റീ പ്രൊഡക്ഷന്‍ നമ്പര്‍ കൂടുതലുള്ള കേരളം, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, തമിഴ്‌നാട്, മിസോറം, കര്‍ണാടക, പോണ്ടിച്ചേരി സര്‍ക്കാരുകള്‍ക്ക് കൊവിഡ് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഎസ്, കാനഡ, ആസ്‌ത്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ റീ പ്രൊഡക്ഷന്‍ നമ്പര്‍(ആര്‍ നമ്പര്‍) ഒന്നില്‍ കൂടുതലുള്ളത്. ഈ രാജ്യങ്ങളില്‍ ശരാശരി 'ആര്‍ നമ്പര്‍' 1.2 ആണ്. ഒരു കൊവിഡ് രോഗിയില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വ്യാപിക്കുന്ന സാഹചര്യമാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് 44 ജില്ലകളിലാണ് 10 കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കേരള, മണിപ്പൂര്‍, മിസോറം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലുള്ള ജില്ലകളിലാണ് ടിപിആര്‍ നിരക്ക് ഏറ്റവും കൂടുതല്‍. ജൂണ്‍ ഒന്നിന് 279 ജില്ലകളിലാണ് നൂറില്‍ കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇത് 57 ജില്ലകളായി ചുരുങ്ങിയിട്ടുണ്ട്. ഈ കണക്കുകള്‍ ആശ്വാസകരമാണ്.
രാജ്യത്ത് വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. യുപിയില്‍ 4.88 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. മഹാരാഷ്ട്രയില്‍ 4.5 കോടി പേര്‍ക്കും ഗുജറാത്തില്‍ 3.4 കോടി പേര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയായി.