രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു;നാലായിരം കടന്ന് രോഗികള്‍
മഹാരാഷ്ട്രയിലും കേരളത്തിലും ഇന്നലെ ആയിരത്തിന് മുകളിലാണ് കൊവിഡ് ബാധിതര്‍
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ കൊവിഡ് ബാധിതര്‍ നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത കൊവിഡ് കേസുകൾ 4,31,76,817 ആണ്. ടിപിആർ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആർ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്.വീണ്ടും കൊവിഡ് തരംഗത്തിലേക്കാണോ രാജ്യം പോകുന്നത് എന്ന ആശങ്ക ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്.കൊവിഡ് രോഗികളില്‍ വലിയൊരു വിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലും നിന്നാണ്.മഹാരാഷ്ട്രയിലും കേരളത്തിലും ഇന്നലെ ആയിരത്തിന് മുകളിലാണ് കൊവിഡ് ബാധിതര്‍. മഹാരാഷ്ട്രയില്‍ ഇന്നലെ 1357 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.കേരളത്തില്‍ കൊവിഡ് ബാധിതര്‍ 1500 കടന്നു. ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ടിപിആര്‍ പത്തിന് മുകളില്‍ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു.