രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് വൈറസ് ബാധ

Update: 2022-04-25 06:42 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി. 11 ആഴ്ചയോളമായി രാജ്യത്തെ കേസുകള്‍ ഗണമ്യമായ കുറവ് വന്നതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയ്ക്ക് ശേഷമാണ് വര്‍ധനവ് കണ്ടുതുടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,541 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 30 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 5,22,223 ആയി ഉയര്‍ന്നു. നിലവില്‍ 16,522 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 1,862 പേര്‍ക്കാണ് രോഗ മുക്തി.

98.75 ശതമാനമാണ് രോഗ മുക്തി നിരക്ക്. ഇതുവരെയായി 4,25,21,341 പേര്‍ രോഗ മുക്തരായി. ഞായറാഴ്ച രാജ്യത്ത് 2,593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്. അതില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹിയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഞായറാഴ്ച 1,083 കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 83.50 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി, അതില്‍ 3,02,115 ടെസ്റ്റുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് നടത്തിയത്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.54 ശതമാനമായി. ഇതുവരെ 187.71 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. മദ്രാസ് ഐഐടിയില്‍ പുതിയ കൊവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടതിനാല്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊവിഡ് വിദഗ്ധരുടെ യോഗം ചേരും.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 22 വരെ കുറഞ്ഞ ശേഷം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. നേരത്തെ ഡല്‍ഹിയിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. കര്‍ണാടകയിലും കൊവിഡ് രോഗികള്‍ കൂടിവരികയാണ്. വെള്ളിയാഴ്ച രോഗികള്‍ നൂറിലെത്തിയിരുന്നു. ശനിയാഴ്ച ഇത് 139 ആയി.

Tags:    

Similar News