രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 3,377 പുതിയ രോഗികള്‍
ന്യൂഡല്‍ഹി: ആശങ്ക പടര്‍ത്തി രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,377 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 5,23,753 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 821 പേര്‍കൂടി പുതുതായി ചികില്‍സ തേടി. ഇതോടെ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 17,000 കടന്നു. 17,801 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,496 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരായ രോഗികളുടെ എണ്ണം 4,25,30,622 ആയി ഉയര്‍ന്നിട്ടുണ്ട്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
നിലവില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 1,490 പുതിയ കേസുകളാണ് ഇന്നലെ തലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ഐഐടി മദ്രാസില്‍ ഇതുവരെ 171 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഐഐടി മദ്രാസില്‍ കുറച്ച് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയെല്ലാം സാച്ചുറേഷന്‍ ടെസ്റ്റിന്റെ ഭാഗമാണ്. പരിഭ്രാന്തരാവേണ്ട കാര്യമില്ല. ഞങ്ങള്‍ സ്ഥാപനം പൂട്ടിയിട്ടില്ല. ക്ലസ്റ്റര്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്- തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണന്‍ വ്യാഴാഴ്ച പറഞ്ഞു.
കൊവിഡ് നാലാം തരംഗഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങള്‍. കേരളമടക്കം പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയും ചുമത്തുന്നുണ്ട്. രാജ്യത്ത് കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുളള യോഗത്തില്‍ വിലയിരുത്തിയത്. രണ്ടാഴ്ചയായി കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ മാത്രമാണ് മാര്‍ഗമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.