രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 കൊവിഡ് രോഗികള്‍; 1,520 കേസുകളും ഡല്‍ഹിയില്‍

Update: 2022-05-01 06:33 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല. ഒരിടവേളയ്ക്കുശേഷം കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,324 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് റിപോര്‍ട്ട് ചെയ്തശേഷം രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 4,30,79,188 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സജീവ കേസുകള്‍ 19,092 ആയി ഉയര്‍ന്നു. രാജ്യത്ത് ഞായറാഴ്ച 40 കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. മൊത്തം കൊവിഡ് മരണം 5,23,843 ആയിട്ടുണ്ട്.

ശനിയാഴ്ച രാജ്യത്ത് 3,688 പുതിയ കൊവിഡ് കേസുകളും 50 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഡല്‍ഹിയിലാണ്. രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏറിയപങ്കും രാജ്യതലസ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,520 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും 1,500 ലധികം കേസുകള്‍ ദേശീയ തലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ വെള്ളിയാഴ്ച 1,607 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ, നഗരത്തിലെ സജീവ കേസുകള്‍ 5,700 കടന്നു. നിലവില്‍ 5,716 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇത് ഫെബ്രുവരി 9 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഫെബ്രുവരി 9 ന് സജീവമായ കേസുകളുടെ എണ്ണം 6,304 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,775 സാംപിളുകള്‍ പരിശോധിച്ചതില്‍ പോസിറ്റീവ് നിരക്ക് 5.10 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,412 കൊവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 18,51,184 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു രോഗി കൂടി മരിച്ചതോടെ ഡല്‍ഹിയില്‍ കൊവിഡ് മരണസംഖ്യ 26,175 ആയി.

Tags:    

Similar News