സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം

അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം

Update: 2021-05-03 08:59 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്/ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം. ഇത്തരം സ്ഥാപനങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാര്‍ ഉണ്ടോയെന്ന് സെക്ടറല്‍ മജിസിട്രേറ്റുമാര്‍ പരിശോധന നടത്തും

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖപ്രകാരം മാത്രം. മെഡിക്കല്‍ ഓക്‌സിജന്‍ വിന്യാസം ഉറപ്പുവരുത്തണം. ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂനിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്രചെയ്യാം. ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫിസുകളിലെത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.

രോഗികള്‍, അവരുടെ കൂടെയുള്ള സഹായികള്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍,ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.

വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.

ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.

എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.

രാത്രി ഒമ്പത് മണിക്കു മുമ്പ് കടകള്‍ അടയ്ക്കണം.

റസ്‌റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകള്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

ദീര്‍ഘദൂര ബസുകള്‍, ട്രയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.

വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം.

ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.

എല്ലാതരത്തിലുമുള്ള സിനിമ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.

Tags:    

Similar News