യു പി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്പ്; മരണം നാലായി; ഈ മാസം 30 വരെ ഇന്റര്‍നെറ്റ് നിരോധനം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ വെടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചു. പുറത്തുനിന്നുള്ളവര്‍ക്കുള്ള പ്രവേശനത്തിനും നിരോധം ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ അടച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടക്കുമെന്ന് പോലിസ് പറഞ്ഞു.
നയീം, ബിലാല്‍, നൗമാന്‍ എന്നീ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പോലിസ് വെടിവയ്പ്പിലാണ് ഇവര്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സര്‍വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പോലിസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയെന്നാണ് പോലിസ് പറയുന്നത്. വെടിയുതിര്‍ത്ത കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സര്‍വേക്ക് നിര്‍ദേശം നല്‍കിയത്.