ഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ചാരത്തേക്ക്

2023 നവംബര്‍ 22നാണ് ഖാലിദ് നബ്ഹാന്റെ ചെറുമകള്‍ റീമും അഞ്ച് വയസ്സുള്ള സഹോദരന്‍ താരിഖും കൊല്ലപ്പെട്ടത്.

Update: 2024-12-17 11:02 GMT

ഗസ: റീമിന്റെയും താരിഖിന്റെയും വല്ല്യുപ്പ ഖാലിദ് നബ്ഹാന്‍ മരിച്ചു. ആരാണോ റീമിനെയും താരിഖിനെയും കൊലപ്പെടുത്തിയത്, അവര്‍ തന്നെയാണ് ഖാലിദ് നബ്ഹാനെയും കൊന്നുകളഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഗസയിലെ അഭയാര്‍ത്ഥി ക്യാംപില്‍ നടന്ന ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍് ഖാലിദ് നബ്ഹാന്‍ കൊല്ലപ്പെട്ടത്. ഖാലിദ് നബ്ഹാനെ ആരും മറക്കില്ല. 2023 നവംബര്‍ 22നാണ് ഖാലിദ് നബ്ഹാന്റെ ചെറുമകള്‍ റീമും അഞ്ച് വയസ്സുള്ള സഹോദരന്‍ താരിഖും കൊല്ലപ്പെട്ടത്.


 തെക്കന്‍ ഗസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഖാലിദ് നബ്ഹാന്റെ പേരക്കുട്ടികള്‍ കൊല്ലപ്പെട്ടത്. പേരമകള്‍ റീമിന്റെ മൃതദേഹം മാറോടണച്ച് ചുംബിക്കുന്ന ആ വല്ല്യുപ്പ ഫലസ്തീനിലെ തീരാവേദന അനുഭവിക്കുന്നവരുടെ പ്രതീകമായാണ് ലോകം കണ്ടത്. എന്റെ ജീവന്റെ ജീവനെ എന്നാണ് ആ ചലനമറ്റ പേരക്കുട്ടിയുടെ മൃതദേഹം വാരിയെടുത്ത് ഖാലിദ് വിലപിച്ചത്. ഖാലിദിന്റെ ആ മുഖം ഫലസ്തീന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ വേദനയായിരുന്നു.



 ഇന്നിതാ തന്റെ കൊച്ചുമക്കളുടെ അടുത്തേക്ക് ഖാലിദും യാത്രയായിരിക്കുന്നു. ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് ഖാലിദ് നബ്ഹാന്‍ കൊലപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം തുടരുകയായിരുന്നുവെന്ന് ഖാലിദിന്റെ ബന്ധു സഈദ് നബ്ഹാന്‍ പറയുന്നു. ഷെല്‍ പതിച്ചാണ് നബ്ഹാന്‍ കൊല്ലപ്പെടുന്നത്.


 അത്രമേല്‍ ലോകത്തിന് ഹൃദയവേദന നല്‍കിയിരുന്നു ഖാലിദും കൊച്ചുമകളും. അന്ന് റീം ഇസ്രായേലിന്റെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ആ മൂന്ന് വയസ്സുകാരിയുടെ മുഖത്തെ പൊടിയും ചോരയും തുടച്ച് മുടിയിഴകില്‍ തലോടി ഖാലിദ് നബ്ഹാന്‍ നെറ്റിയില്‍ തുരുതുരെ ചുംബനം നല്‍കിയിരുന്നു. വിറങ്ങലിച്ച് കൊണ്ടാണ് അദ്ദേഹം റീമിനെ പേര് ചൊല്ലി വിളിച്ചതും എന്റെ ജീവന്റെ ജീവനെ എന്ന് ഉറക്ക് വിളിച്ച് പറഞ്ഞത്. ഖാലിദിന്റെ ജീവന്‍ തന്നെയായിരുന്നു റീം.


 റീം മരിക്കുന്നതിന് മുമ്പ് വല്ല്യുപ്പയോടൊപ്പം കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയകളില്‍ ദശലക്ഷം പേരാണ് കണ്ടത്. റീമിന്റെ മരണശേഷമാണ് ഖാലിദ് നബ്ഹാന്‍ സാമൂഹിക പ്രവര്‍ത്തകനായി മാറിയത്. പിന്നീട് അദ്ദേഹം ഫലസ്തീനിലെ ജനങ്ങളുടെ പ്രതിരോധത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. അധിനിവേശത്തിന്റെ ആഘാതം ഫലസ്തീനിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യം തകര്‍ത്തിരുന്നു. അതില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിലാണ് പിന്നീട് ഖാലിദ് നബ്ഹാന്‍ സമാധാനം കണ്ടെത്തിയത്.. പരിക്കേറ്റ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയുമായിരുന്നു ഖാലിദിന്റെ പ്രധാന ജോലി.


 ഗസക്കാരുടെ അബൂ ദിയയാണ് ഖാലിദ് നബ്ഹാന്‍. അവര്‍ക്ക് ആശ്വാസമാണ് അബൂ ദിയയുടെ പരിചരണവും സമ്മാനങ്ങളും. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് ഖാലിദ് കളിക്കോപ്പുകളും മറ്റ് സമ്മാനങ്ങളും നല്‍കുമായിരുന്നു. കുട്ടികള്‍ക്കായി 'റീം: സോള്‍ ഓഫ് ദ സോള്‍' എന്ന സംരംഭവും തുടങ്ങി. റീമിന്റെ സ്മരണയ്ക്കായിരുന്നു ഈ സംരംഭം. ഖാലിദിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.


 ഗസയിലെ നിലവിലെ ജീവിതത്തിന്റെ നേര്‍രേഖയാണ് ഇതിലെ എല്ലാ പോസ്റ്റുകളും. ഇസ്രായേലിന്റെ കൊടും ക്രൂരതകളും ദിനംപ്രതിയുള്ള നൂറുകണക്കിന് കൊലപാതകങ്ങളും ഗസയിലെ നാശനഷ്ടങ്ങളും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഖാലിദ്. അതേ, ലോകത്തിന് ഗസയില്‍ നിന്നുള്ള ഒരു സന്ദേശവാഹകനായിരുന്നു ഖാലിദ്. റീമിലൂടെ ലോകത്തിന് പരിചയമായ ആ വല്ല്യുപ്പ ഇനിയില്ല.




Tags:    

Similar News