ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍ വെളിപ്പെടുത്തി ഹൈക്കോടതി വിധി
ആലപ്പുഴ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി ഒരു വര്‍ഷം കഴിഞ്ഞാണ് അത് റദ്ദാക്കാന്‍ പോലിസ് ഹരജി നല്‍കിയെന്നത് സത്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനിനെ വെട്ടിക്കൊന്നവരുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവന്നു. ഷാനിനെ കൊന്നവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചതില്‍ പോലിസിന്റെയും ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെയും വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന 40 പേജുള്ള വിധിയാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതി വിഷ്ണു, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി ധനേഷ് എന്നിവര്‍ ബീഭല്‍സമായ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ജാമ്യം റദ്ദാക്കിയ വിധിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി. ഷാനിനെ കൊല്ലാന്‍ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ഇത്രയും ഗുരുതരമായ കൊലപാതകത്തില്‍ സാഹചര്യങ്ങളൊന്നും പരിശോധിക്കാതെയാണ് ആലപ്പുഴ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമോ, സാക്ഷികളെ സ്വാധീനിക്കുമോ തുടങ്ങിയ കാര്യങ്ങളൊന്നും പരിശോധിച്ചില്ല. നിയമപരമായ യാതൊരു അടിത്തറയുമില്ലാതെ യാന്ത്രികമായാണ് ജാമ്യം നല്‍കിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചത്. കേസില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് പോലിസും ഷാനിന്റെ ഭാര്യയുടെ ആവശ്യപ്രകാരം നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി പി ഹാരിസുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ സെഷന്‍സ് കോടതി ജാമ്യം നല്‍കി 14 മാസം കഴിഞ്ഞാണ് ജാമ്യം റദ്ദാക്കാന്‍ പോലിസ് ഹരജി നല്‍കിയതെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം നല്‍കിയതിന് ശേഷം പുതിയ സംഭവ വികാസങ്ങളൊന്നുമില്ലാത്തതിനാല്‍ ജാമ്യം റദ്ദാക്കരുതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ബി രാമന്‍പിള്ള അടക്കമുള്ളവര്‍ വാദിച്ചു. കേസില്‍ വിചാരണക്കോടതി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ട് പോലുമില്ല. അതിനാല്‍ വിചാരണ അടുത്തകാലത്തൊന്നും നടക്കാന്‍ സാധ്യതയില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍, ജാമ്യം നല്‍കുന്നതും അത് റദ്ദാക്കുന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കി വിധി മൊത്തത്തില്‍ നീതിപൂര്‍വമല്ലെന്ന് തോന്നിയാല്‍ റദ്ദാക്കാമെന്ന് പുരാന്‍ കേസില്‍ സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ജാമ്യം നല്‍കുമ്പോള്‍ തെളിവുകളെല്ലാം പൂര്‍ണമായും പരിശോധിക്കേണ്ടതില്ല. പക്ഷേ, കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ വ്യക്തമായ കാരണം രേഖപ്പെടുത്തി മാത്രമേ ജാമ്യം അനുവദിക്കാവൂ.
ആരോപണത്തിന്റെ സ്വഭാവം, കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് ലഭിക്കാവുന്ന ശിക്ഷ, തെളിവുകളുടെ സ്വഭാവം, ജാമ്യത്തിലിറങ്ങുന്ന പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടോ, പരാതിക്കാര്‍ക്ക് ഭീഷണിയുണ്ടോ, പോലിസ് നല്‍കിയ കുറ്റാരോപണം പ്രഥമദൃഷ്ട്യാ വിശ്വാസയോഗ്യമാണോ, പ്രതികള്‍ ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടോ, പ്രതികളുടെ സ്വഭാവം, പ്രതികളുടെ സമൂഹത്തിലെ നില, കുറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത, കേസ് അട്ടിമറിക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തിയായിരിക്കണം വിധി പറയേണ്ടത്.
ഷാനിനെ കൊന്ന കേസിലെ പ്രതികളെ രണ്ടായി വേര്‍തിരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഒന്ന്, ഏഴ്, എട്ട്, ഒമ്പത്, പത്ത്, പ്രതികള്‍ക്കെതിരേ ഗൂഡാലോചനാ കുറ്റമാണുള്ളത്. പതിനൊന്നാം പ്രതി മറ്റു പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചയാളാണ്. രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് പ്രതികള്‍ പൈശാചികമായ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
ആലപ്പുഴ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി ഒരു വര്‍ഷം കഴിഞ്ഞാണ് അത് റദ്ദാക്കാന്‍ പോലിസ് ഹരജി നല്‍കിയെന്നത് സത്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് 2022 ഒക്ടോബര്‍ 22ന് ഇതേ പ്രതികള്‍ നല്‍കിയ മറ്റൊരു ജാമ്യ ഹരജി ആലപ്പുഴ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന നിരീക്ഷണത്തിലാണ് അന്ന് ജാമ്യഹരജി തള്ളിയത്.
എന്നാല്‍, കേസിലെ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് പരിശോധിക്കാതെയാണ് മുന്‍ നിലപാടില്‍ നിന്ന് മാറി ആലപ്പുഴ കോടതി പുതിയ ജാമ്യ ഹരജിയില്‍ വാദം കേട്ട് ജാമ്യം നല്‍കിയത്. നിയമപരമായ യാതൊരു അടിത്തറയുമില്ലാത്ത യാന്ത്രികമായ വിധിയാണിത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ കുറെകാലം റിമാന്‍ഡില്‍ കഴിഞ്ഞുവെന്നതും പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്നതും ജാമ്യം നല്‍കാന്‍ മതിയായ കാരണമല്ല. പപ്പു യാദവ് കേസിലെ സുപ്രിംകോടതി വിധി ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. പ്രതി കുറെകാലം റിമാന്‍ഡില്‍ കഴിഞ്ഞാല്‍ ജാമ്യം നല്‍കണമെന്ന് കര്‍ശനമായ വ്യവസ്ഥയില്ലെന്നാണ് സുപ്രിംകോടതി വിധി പറയുന്നത്. ഓരോ കേസുകളുടെ സ്വഭാവവും സാഹചര്യവും പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കാവൂയെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച പതിനൊന്നാം പ്രതിക്ക് ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചാണ് ജാമ്യം നല്‍കിയതെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി. അയാളുടെ ജാമ്യാപേക്ഷയെയും പോലിസ് എതിര്‍ത്തിരുന്നില്ല. അതിനാല്‍ ഇയാളുടെ ജാമ്യവും ഗൂഡാലോചനക്കാരുടെ ജാമ്യവും റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ഷാനിന്റെ കൊലക്ക് ശേഷം പ്രദേശത്ത് മറ്റൊരു കൊല നടന്നെന്നും അതിലേ പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി പി ഹാരിസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം കൂടി രേഖപ്പെടുത്തിയാണ് കൊലയാളികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.