പി എ അനീബ്
ചോരയും കണ്ണീരും ചാലിട്ടൊഴുകിയ വര്‍ഷമാണ് 2024. യുദ്ധങ്ങളുടെയും കൂട്ടക്കൊലകളുടെയും വര്‍ഷം. വംശഹത്യയുടെ നിഷ്ഠുരതകള്‍ക്കു മുമ്പില്‍ ലോകം നിസ്സഹായമായിപ്പോയ വര്‍ഷം. ഗസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുഴിമാടങ്ങളുടെ ഭീതിദ കാഴ്ചകള്‍ക്കു മുന്നില്‍ ലോകത്തിന് കണ്ണീരു വറ്റിപ്പോയ വര്‍ഷം.
അതോടൊപ്പം, ഫലമൊന്നുമുണ്ടായില്ലെങ്കിലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ വംശഹത്യക്കും യുദ്ധവെറിക്കുമെതിരേ മുമ്പെങ്ങുമില്ലാത്ത വിധം ലോകം മുഴുവന്‍ ഉണര്‍ന്നെണീറ്റ, മാനവികൈക്യത്തിന്റെ മഹിതമായ മാതൃകയ്ക്ക് ലോകം സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു പിന്നിട്ടത്. മറുവശത്ത്, പ്രതിരോധ മുന്നേറ്റങ്ങളുടെയും ചെറുത്തുനില്‍പ്പ് പോരാട്ടങ്ങളുടെയും ഇതിഹാസം കോറിയിട്ട വര്‍ഷം കൂടിയാണ് 2024.
രക്തസാക്ഷ്യങ്ങളുടെ പരമ്പരകള്‍ തീര്‍ത്ത വര്‍ഷം. സിറിയന്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ പതനം, ബംഗ്ലാദേശില്‍ ശെയ്ഖ് ഹസീനയുടെ ഏകാധിപത്യ വാഴ്ചയുടെ അന്ത്യം, ശ്രീലങ്കയിലെ ഭരണമാറ്റം തുടങ്ങി ലോകം മാറി മറിഞ്ഞ ഒരു വര്‍ഷം.
മൂന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്ന പ്രതീതിയിലാണ് 2024 അവസാനിക്കുന്നത്. പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും രക്തസാക്ഷ്യങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും ദൃശ്യങ്ങളും വാര്‍ത്തകളുമില്ലാതെ ഒരുദിവസവും കടന്നുപോയില്ല. ഗസയിലെ ഇസ്രായേല്‍ അധിനിവേശം, റഷ്യ-യുക്രൈയ്ന്‍ യുദ്ധം തുടങ്ങി സിറിയയിലെ ഭരണ മാറ്റവും ലിബിയയിലെ ആഭ്യന്തരയുദ്ധവും വരെ ആഗോളതലത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ സംഭവങ്ങളാണ്. യുദ്ധവുമായും നയതന്ത്രവുമായി ബന്ധപ്പെട്ട ആഗോളതല ഉടമ്പടികളും കരാറുകളും കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് റഷ്യ-യുക്രൈയ്ന്‍ യുദ്ധവും ഇസ്രായേലിന്റെ ഗസ അധിനിവേശവും തെളിയിച്ചു. യുഎസ് നേതൃത്വത്തിലുള്ള ലോകക്രമം വെല്ലുവിളിക്കപ്പെട്ട വര്‍ഷം കൂടിയാണ് കടന്നുപോയത്. റഷ്യയും ചൈനയുമെല്ലാം അമേരിക്കന്‍ നിലപാടുകളെ പരസ്യമായി പരിഹസിച്ച് മുന്നോട്ടുപോവുകയാണ്.
പശ്ചിമേഷ്യയില്‍ ചെറുത്തുനില്‍പ്പിന്റെ പുതുചരിത്രം സൃഷ്ടിച്ച തൂഫാനുല്‍ അഖ്‌സ
ഇസ്രായേല്‍ കൈയേറിയ പ്രദേശങ്ങളിലേക്ക് ഫലസ്തീനികള്‍ തിരികെ പ്രവേശിച്ച 2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം പോരാട്ടങ്ങളുടെയും രക്തസാക്ഷ്യങ്ങളുടെയും വര്‍ഷമായിരുന്നു 2024. ഹമാസ് രാഷ്ട്രീയ കാര്യസമിതി മേധാവികളായ ഇസ്മാഈല്‍ ഹനിയ, യഹ്‌യാ സിന്‍വാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ രക്തസാക്ഷികളായി. ജൂലൈ 31ന് ഇറാനിലെ തെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ രക്തസാക്ഷിയായത്. ഹനിയക്ക് ശേഷം രാഷ്ട്രീയകാര്യമേധാവിയായ യഹ്‌യാ സിന്‍വാര്‍ ഗസയില്‍ ഇസ്രായേലി സൈന്യത്തോട് നേരില്‍ ഏറ്റുമുട്ടിയാണ് ഒക്ടോബര്‍ 16ന് രക്തസാക്ഷിയായത്.
ഗുരുതരമായി പരിക്കേറ്റിട്ടും വടികൊണ്ട് ഇസ്രായേലി ഡ്രോണിനെ തുരത്താന്‍ ശ്രമിക്കുന്ന സിന്‍വാറിന്റെ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. സിന്‍വാറിനെ നിസ്സാരമായി വധിച്ചുവെന്ന സൂചന നല്‍കാന്‍ ഇസ്രായേല്‍ പുറത്തുവിട്ട വീഡിയോ പക്ഷേ, വിമോചനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങളെ പ്രചോദിപ്പിക്കുകയാണ് ചെയ്തത്. വീഡിയോ പുറത്തുവിട്ട നിമിഷത്തെ ശപിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ സൈനിക മേധാവികള്‍ പിന്നീട് പറഞ്ഞത്. ഹമാസിനെ തുരത്താന്‍ എന്ന പേരില്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണങ്ങളില്‍ ഇതുവരെ, അതായത് 450ാമത് ദിവസമായ 2024 ഡിസംബര്‍ 30 വരെ 45,484 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1,08,090പേര്‍ക്കു പരിക്കേറ്റു. 11,000 പേരെ കാണാതായി. സ്ത്രീകളും കുഞ്ഞുങ്ങളും ആതുരസേവകരും മാധ്യമപ്രവര്‍ത്തകരും യുഎന്‍ വളണ്ടിയര്‍മാരുമടക്കം അനേകായിരങ്ങളാണ് ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കിരയായി ജീവന്‍ പൊലിഞ്ഞത്.
തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകളും ഡ്രോണുകളും സ്‌നൈപര്‍ തോക്കുകളും ഉപയോഗിച്ച് ഇസ്രായേലി സൈനികരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹമാസ് പലതവണയായി പുറത്തുവിട്ടു. കുപ്രസിദ്ധമായ ജനറല്‍സ് പ്ലാന്‍ പ്രകാരം ഗസയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും കടത്തിവിടാതെ പൂര്‍ണമായും ഉപരോധിച്ച് നടത്തുന്ന സൈനിക ആക്രമണങ്ങളെയും ഫലസ്തീനിയന്‍ സംഘടനകള്‍ ചെറുത്തുനില്‍ക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഡിസംബറില്‍ ജബലിയ കാംപിന് സമീപം ഹമാസ് രക്തസാക്ഷ്യ ഓപ്പറേഷനും നടത്തി. അതിനു ശേഷം ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡും രക്തസാക്ഷ്യ ഓപറേഷന്‍ നടത്തി. ഗറില്ലാ സൈനികനടപടികളിലേക്ക് വിവിധ സംഘടനകള്‍ നീങ്ങിയെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പറയുന്നത്. തൂഫാനുല്‍ അഖ്‌സ തുടങ്ങിയത് മുതല്‍ 2024 ഡിസംബര്‍ പത്തുവരെ 1,706 ഇസ്രായേലി സൈനികര്‍ ഗസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
തൂഫാനുല്‍ അഖ്‌സയ്ക്കു തൊട്ടുപിന്നാലെ തന്നെ യെമനിലെ അന്‍സാറുല്ലയും ഇറാഖിലെ കതാഇബ് ഹിസ്ബുല്ലയും ലബ്‌നാനിലെ ഹിസ്ബുല്ലയും ഇസ്രായേലിനു നേരെ ആക്രമണം തുടങ്ങിയിരുന്നു. കരയിലും കടലിലുമായി അഞ്ച് മുന്നണികളിലാണ് ഇസ്രായേലിന് ഒരേ സമയം യുദ്ധം ചെയ്യേണ്ടി വന്നത്. ഇസ്രായേലിനു വേണ്ട ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കിക്കൊണ്ടിരുന്ന യുഎസ് അവസാനം സ്വന്തം സൈന്യത്തെ നേരിട്ട് എത്തിച്ചാണ് ഇസ്രായേലില്‍ പ്രത്യേക വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചത്. കൂടാതെ ചെങ്കടലിലും ബാബ് അല്‍ മന്ദെബ് കടലിടുക്കിലും ഹൂത്തികളുടെ കടല്‍ ഉപരോധം നേരിടാന്‍ പടക്കപ്പലുകളെയും വിന്യസിക്കേണ്ടി വന്നു.
2023 ഒക്ടോബര്‍ ഏഴിന് ഓപറേഷന്‍ അയേണ്‍ സ്വോര്‍ഡ് എന്ന പേരില്‍ ഇസ്രായേല്‍ ആരംഭിച്ച ആക്രമണം 450 ദിവസം പിന്നിടുമ്പോഴും വ്യോമാക്രമണങ്ങളിലൂടെയും ബോംബ് വര്‍ഷത്തിലൂടെയും പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്തുവെന്നതിനപ്പുറം, യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാന്‍ ഇസ്രായേലിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു ഘട്ടത്തിലുണ്ടായ താല്‍ക്കാലിക വെടി നിര്‍ത്തലിന്റെ ഭാഗമായി ഏതാനും ഇസ്രായേലി തടവുകാരെ വിട്ടുകിട്ടിയതൊഴിച്ചാല്‍ ഹമാസ് തടവിലാക്കിയ ഒരാളെ പോലും മോചിപ്പിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞതുമില്ല.
ഇസ്രായേല്‍ സൈന്യത്തെ തുരത്തി ചരിത്ര വിജയവുമായി ഹിസ്ബുല്ല
ജനുവരി രണ്ടിന് ബെയ്‌റൂത്തിലെ ദഹിയഹ് പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ സംഘടനാ ചുമതലയുണ്ടായിരുന്ന ഹമാസ് രാഷ്ട്രീയ കാര്യസമിതി അംഗം സാലിഹ് അല്‍ അരൂരി കൊല്ലപ്പെട്ടു. അതിനു ശേഷം ജനുവരി ആറിന് ഹിസ്ബുല്ല ഇസ്രായേലിനെ 40 മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഫെബ്രുവരിയില്‍ ഇസ്രായേലിന്റെ ഒരു ഹെര്‍മിസ്450 ഡ്രോണ്‍ വീഴ്ത്തി.
ഹിസ്ബുല്ലയുടെ നേതൃത്വനിരയില്‍ ഏറ്റവുമധികം നഷ്ടമുണ്ടായ വര്‍ഷം കൂടിയാണ് 2024. ദീര്‍ഘകാല സെക്രട്ടറി ജനറലായിരുന്ന സയ്യിദ് ഹസന്‍ നസറുല്ല, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹാശിം സഫിയുദ്ദീന്‍, സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഫുവാദ് ശുക്കൂര്‍, ഇബ്‌റാഹീം ആഖില്‍ തുടങ്ങിയവര്‍ രക്തസാക്ഷികളായി. ഒക്ടോബറില്‍ പുതിയ സെക്രട്ടറി ജനറലായി ശെയഖ് നഈം ഖാസിമിനെ ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുത്തു. ഇതിനു ശേഷമാണ് ഇസ്രായേലിലെ സിസെറിയ പ്രദേശത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ ആക്രമണമുണ്ടായത്. നെതന്യാഹുവിന്റെ കിടപ്പുമുറിയുടെ ജനലിലാണ് ഹിസ്ബുല്ലയുടെ ഡ്രോണ്‍ സ്‌ഫോടനം നടത്തിയത്.
ചരിത്രത്തില്‍ ആദ്യമായി തെല്‍അവീവ് പോലുള്ള അതീവ സുരക്ഷയുള്ള പ്രദേശങ്ങളിലേക്ക് ഹിസ്ബുല്ലയുടെ മിസൈലുകള്‍ എത്തി. ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ ഹൈഫയും മെറ്റുലയും അടക്കമുള്ള പ്രദേശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രേതനഗരങ്ങളായി മാറി. നാലു ലക്ഷത്തോളം ജൂതകുടിയേറ്റക്കാര്‍ കുടിയേറ്റ ഗ്രാമങ്ങള്‍ ഒഴിവാക്കി സ്ഥലം വിട്ടു. ഇവരില്‍ പലര്‍ക്കും തിരികെയെത്താന്‍ സാധിച്ചിട്ടില്ല. കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും ഉറക്കഗുളികള്‍ കഴിച്ച് ഉറങ്ങേണ്ട സ്ഥിതിയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 2024 നവംബര്‍ അവസാനം ലബ്‌നാനുമായി ഇസ്രായേല്‍ സമാധാന കരാറില്‍ ഒപ്പിടേണ്ടി വന്നു. ഹിസ്ബുല്ലയ്ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും 2006ലെ യുദ്ധത്തെ പോലെ തന്നെ ഇതിലും വിജയിക്കാന്‍ കഴിഞ്ഞു. ലബ്‌നാനിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനും ഹിസ്ബുല്ല നേതൃത്വനിരയിലെ പ്രമുഖരെ ഇല്ലാതാക്കാനും കഴിഞ്ഞെങ്കിലും ഹിസ്ബുല്ലയെ ഇല്ലാതാക്കുമെന്ന ലക്ഷ്യം നേടാനാവാതെ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലബ്‌നാനില്‍നിന്ന് മടങ്ങുകയാണ്. ഗോലാനി ബ്രിഗേഡില്‍നിന്നുള്ള സൈനികരടക്കം 130ഓളം സൈനികരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ജൂതന്‍മാര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശം അധിനിവിഷ്ട ഫലസ്തീനാണെന്ന സയണിസ്റ്റ് പ്രചാരണം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീണ സൈനികനടപടി കൂടിയായി ഇത്. നിരവധി സയണിസ്റ്റുകളാണ് യുദ്ധത്തോടെ യൂറോപ്പിലെ മാതൃരാജ്യങ്ങളിലേക്കും യുഎസിലേക്കും മടങ്ങിയത്. പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു ബങ്കറിലേക്ക് താമസവും ഓഫിസും മാറ്റിയതും മകന്റെ വിവാഹം മാറ്റിവച്ചതും അഴിമതിക്കേസിലെ വിചാരണ തെല്‍അവീവിലെ ഭൂഗര്‍ഭകോടതിയിലേക്ക് മാറ്റിയതും ഇതിനു തെളിവായി.
ഗസയില്‍ ഹമാസിനെ ഒറ്റപ്പെടുത്താനുണ്ടെന്നും ഇറാനെ കൂടുതല്‍ ശ്രദ്ധിക്കാനുണ്ടെന്നുമാണ് ലബ്‌നാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായേല്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്. എന്നാല്‍, ഹമാസിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിനു നേരെയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് യെമനിലെ ഹൂത്തികള്‍ ചെയ്തത്.
ചെങ്കടലില്‍ വീരഗാഥ രചിച്ച് യെമനിലെ ഹൂത്തികള്‍
തൂഫാനുല്‍ അഖ്‌സ തുടങ്ങിയ ശേഷമുള്ള അഞ്ചാം ഘട്ട ഓപറേഷനാണ് യെമനിലെ ഹൂത്തികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബറില്‍ ഇസ്രായേലി ബന്ധമുള്ള കപ്പലുകള്‍ പിടിച്ചതാണ് ആദ്യഘട്ടം. ഇസ്രായേലി തുറമുഖത്തേക്ക് പോവുന്ന കപ്പലുകള്‍ പിടിക്കലായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടം ജനുവരിയിലാണ് തുടങ്ങിയത്. യുഎസുമായും യുകെയുമായും ബന്ധമുള്ള കപ്പലുകളെ പിടിക്കലായിരുന്നു ഇത്. ഇസ്രായേലി തുറമുഖങ്ങളില്‍ പോവുന്ന കപ്പലുകളുടെ മറ്റുകപ്പലുകളും ആക്രമിക്കുന്ന നാലാം ഘട്ടം മേയില്‍ തുടങ്ങി. തെല്‍അവീവിനെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുന്ന അഞ്ചാംഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഹൂത്തികളുടെ കടല്‍ ഉപരോധം മൂലം ഇസ്രായേലിലെ ഹൈഫ തുറമുഖം പാപ്പരായതും 2024ല്‍ ആണ്. ഉപരോധം മൂലം ഈജിപ്തിന് 40,000 കോടിയുടെ നഷ്ടമുണ്ടായി. യുഎസിനും 40,000 കോടി രൂപയുടെ അധികചെലവുണ്ടായി. യുഎസിന്റെ ശക്തമായ മൂന്നു പടക്കപ്പലുകളെ പലതവണയായി ഹൂത്തികള്‍ ആക്രമിച്ചു. ഡിസംബറില്‍ യുഎസിന്റെ എഫ്18 വിമാനത്തെ ചെങ്കടലിനു മുകളില്‍വച്ച് വെടിവച്ചിടുകയും ചെയ്തു. ചെങ്കടലിലെ യുഎസ് പടക്കപ്പലുകളുടെ സാന്നിധ്യം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹൂത്തികള്‍ പറയുന്നത്. യുഎസിന്റെയും യുകെയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്ക് ഗസയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഹൂത്തികള്‍ വ്യക്തമാക്കിയിട്ടുണ്ട്. തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം ഇതുവരെ 198 കപ്പലുകളെയാണ് ചെങ്കടലിലും ബാബ് അല്‍ മന്ദെബിലുമായി ഹൂത്തികള്‍ ആക്രമിച്ചിരിക്കുന്നത്.
ഗസയിലെ അധിനിവേശത്തോടെ ഇസ്രായേല്‍ ലോകജനതക്കിടയിലും രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ഒറ്റപ്പെട്ടു. ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനും ഫലസ്തീന്‍ വിഷയത്തിലെ പ്രത്യേക റാപോട്ടര്‍ ഫ്രാഞ്ചെസ്‌ക അല്‍ബനീസിന് വിസ നിഷേധിച്ചതും ഇസ്രായേല്‍ തുറന്നുകാട്ടപ്പെടാന്‍ കാരണമായി.
ലോകജനതയ്ക്കിടയില്‍ വെറുക്കപ്പെട്ട് ഇസ്രായേല്‍
മുപ്പതോളം ലോകരാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും നയതന്ത്ര ഓപ്പറേഷനുകളുമാണ് തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം ഇസ്രായേല്‍ പൂട്ടിയത്. അയര്‍ലാന്‍ഡിലെ എംബസിയാണ് അവസാനമായി പൂട്ടിയിരിക്കുന്നത്. യൂറോപ്പിലും യുഎസിലും ജപ്പാനിലും ബ്രസീലിലും വെനിസ്വേലയിലും പോളണ്ടിലും ഹോളണ്ടിലും ജര്‍മനിയിലും വരെ ഇസ്രായേലിനെതിരേ പ്രതിഷേധങ്ങള്‍ നടന്നു. ഇസ്രായേലിലെ ഹാരൂദി ജൂതന്‍മാര്‍ തങ്ങളെ സൈന്യത്തില്‍ എടുക്കുന്നതിനെതിരേയും പ്രതിഷേധങ്ങള്‍ നടത്തുന്നു. ഇസ്രായേലിനെ യുദ്ധത്തില്‍ സഹായിക്കുന്ന കമ്പനികള്‍ക്ക് നോര്‍വേ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കൂടാതെ ഇസ്രായേലിനെ സഹായിച്ച ഫ്രഞ്ച് കമ്പനിയായ കാരിഫോറിന്റെ ജോര്‍ദാനിലെ ശാഖകളെല്ലാം ബഹിഷ്‌കരണം മൂലം പൂട്ടേണ്ടി വന്നു.
അതിനിടെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും യുദ്ധമന്ത്രിയായിരുന്ന യോവ് ഗാലന്റിനും എതിരേ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഗസയിലെ വംശഹത്യക്ക് അറസ്റ്റ് വാറന്റ് ഇറക്കിയത്. ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലാണ് കോടതി നടപടി. ഇതോടെ ഇസ്രായേലുമായി സഹകരിക്കുന്നവര്‍ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമോയെന്ന ഭയം പിന്തിരിപ്പന്‍മാരില്‍ ശക്തമായി. ഇസ്രായേലിന്റെ തോക്കുകള്‍ക്ക് കൃത്യത കൂട്ടിനല്‍കിയ ഒരു ഇന്ത്യന്‍ കമ്പനിയും കേസില്‍ ഉള്‍പ്പെട്ടേക്കാമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സൗത്ത് ആഫ്രിക്ക നല്‍കിയ കേസിന് പിന്തുണയുമായി നിരവധി യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും രംഗത്തുവന്നു.
ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് പറയാതെ ഇസ്രായേലുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ച സൗദി അറേബ്യ അവസാനം നിലപാട് തിരുത്തേണ്ടിയും വന്നു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുണ്ടെന്ന് അറബ് രാജ്യങ്ങളുടെ യോഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കൂടാതെ 1993ലെ ഓസ്‌ലോ കരാര്‍ പ്രകാരമുള്ള ഫലസ്തീന്‍ രാജ്യം സ്ഥാപിക്കാന്‍ ഇസ്രായേല്‍ തയ്യാറാവാത്തിടത്തോളം കാലം അവരുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ സാധിക്കില്ലെന്നും അമേരിക്കയെ അറിയിച്ചു. ഇതോടെ അമേരിക്കയുമായുള്ള പ്രത്യേക സൈനികകരാര്‍ നടപ്പാവാനുള്ള സാധ്യതയും ഇല്ലാതായി. ഇസ്രായേലുമായി ബന്ധം സാധാരണഗതിയിലാക്കാതെ സൗദിയുമായി ഇത്തരത്തിലുള്ള കരാര്‍ ഒപ്പിടാന്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കില്ല.
അടിച്ചും തിരിച്ചടിച്ചും ഇസ്രായേലും ഇറാനും
1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം ഇസ്രായേലിനെതിരേ ശക്തമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. പരോക്ഷമായ സംഘര്‍ഷം തുടരുന്നതിനിടെ 2024 ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തില്‍ മുതിര്‍ന്ന ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 13ന് ഡ്രോണും മിസൈലും ഉപയോഗിച്ച് അധിനിവിഷ്ട ഗോലാന്‍ കുന്നുകളിലെ ഇസ്രായേലി സൈനികതാവളങ്ങളെ ഇറാന്‍ ആക്രമിച്ചു. ഇതിനു പിന്നാലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് ഇസ്രായേലി ബന്ധമുള്ള ഒരു കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തു. കൂടാതെ ഇസ്രായേലിന് അകത്തും ആക്രമണം നടന്നു. ഇതിനു ശേഷം ഇറാനിലും സിറിയയിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇതിനോട് ഇറാന്‍ പ്രതികരിച്ചില്ല.
മെയ് 19ന് ഇറാന്‍ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം റെയ്‌സി ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു. ഇതും പലതരത്തിലുള്ള ഗൂഢാലോചന വാദങ്ങള്‍ക്ക് കാരണമായി. ഇസ്രായേല്‍ ആക്രമണത്തിലാണ് റെയ്‌സി കൊല്ലപ്പെട്ടതെന്ന രീതിയിലുള്ള പ്രചാരണങ്ങളുണ്ടായി. എന്നാല്‍, ഇറാന്‍ നടത്തിയ അന്വേഷണം ഈ പ്രചാരണം തള്ളിക്കളഞ്ഞു.
ഇതിനു ശേഷം ജൂലൈ 31ന് ഹമാസ് രാഷ്ട്രീയ കാര്യമേധാവി ഇസ്മാഈല്‍ ഹനിയ തെഹ്‌റാനില്‍ നടന്ന വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായി. ഇറാന്‍ പ്രസിഡന്റായി മസൂദ് പെസേക്കിയാന്‍ ചുമതലയേറ്റ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴായിരുന്നു ആക്രമണം. ലബ്‌നാനിലെ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായിരുന്ന സയ്യിദ് ഹസന്‍ നസറുല്ലയും സെപ്റ്റംബര്‍ 27ന് ഇസ്രായേല്‍ ലബ്‌നാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രക്തസാക്ഷിയായി. ഇതിനു മറുപടിയായി 2024 ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചു. നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഒക്ടോബര്‍ 25ന് ഇസ്രായേലും ഇറാനെ ആക്രമിച്ചു. ഇസ്രായേലിന്റെ മിസൈലുകളെയെല്ലാം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.
ഇസ്രായേല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു ആക്രമണമുണ്ടാവുമെന്ന് ഒക്ടോബര്‍ 31ന് ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചു. അതിനുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഇറാഖിലെ ഇസ്‌ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനമായ കതാഇബ് ഹിസ്ബുല്ലയെ ആക്രമിക്കാന്‍ അവകാശമുണ്ടെന്നാണ് ഇസ്രായേല്‍ ഐക്യരാഷ്ട്രസഭയോട് പറഞ്ഞത്. യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുവെന്നാണ് ഇറാഖ് ഇതിനോട് പ്രതികരിച്ചത്. ഇറാനും ഇസ്രായേലും തമ്മില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സിറിയ: അസദിനെ പുറത്താക്കി ഹയാത് താഹിര്‍ അല്‍ ശാം
സിറിയന്‍ ബഅസ് പാര്‍ട്ടിയുടെ നേതാവും പ്രസിഡന്റുമായ ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യഭരണത്തിനെതിരേ 2011ല്‍ ആരംഭിച്ച അറബ് വിപ്ലവം പൂര്‍ത്തിയായ വര്‍ഷമാണ് 2024. അല്‍ ഖ്വാഇദയുടെ സിറിയന്‍ വിഭാഗമായിരുന്ന അല്‍ നുസ്‌റ ഫ്രണ്ടാണ് ആഭ്യന്തരയുദ്ധകാലത്ത് ആദ്യമായി സിറിയയില്‍ ബോംബ് സ്‌ഫോടനം നടത്തിയത്. അല്‍ നുസ്‌റയുടെ ആദ്യകാല നേതാവായ അബൂ മുഹമ്മദ് അല്‍ ജൂലാനി 2017ല്‍ രൂപീകരിച്ച ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യമാണ് ഡിസംബര്‍ എട്ടിന് ദമസ്‌കസ് പിടിച്ചത്. വിമതരെ നേരിടാന്‍ റഷ്യയും ഇറാനും സൈനിക സഹായം നല്‍കാതിരുന്നതിനാല്‍ ബശ്ശാറുല്‍ അസദും കുടുംബവും റഷ്യയില്‍ എത്തിയിരുന്നു. ദീര്‍ഘകാലത്തെ സുഹൃത്തായിരുന്ന സിറിയന്‍ മുന്‍ പ്രസിഡന്റ് ഹാഫിസ് അസദിന്റെ മകന്‍ കൂടിയായ ബശ്ശാറുല്‍ അസദിന് റഷ്യ അഭയവും നല്‍കി.
അസദ് അധികാരത്തില്‍നിന്ന് പുറത്തായതിനെ തുടര്‍ന്ന് കുപ്രസിദ്ധമായ തടങ്കല്‍പ്പാളയങ്ങള്‍ വിമതര്‍ തുറന്നിട്ടു. രാഷ്ട്രീയത്തടവുകാര്‍ അടക്കം ആയിരക്കണക്കിന് പേരാണ് ഈ തടവറകളില്‍ നിന്ന് മോചിതരായത്. കാണാതായ നിരവധി പേരെക്കുറിച്ചുള്ള അന്വേഷണം കുടുംബങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആഭ്യന്തരയുദ്ധകാലത്ത് രാജ്യം വിട്ട നിരവധി പേര്‍ തുര്‍ക്കിയില്‍നിന്നും ലബ്‌നാനില്‍നിന്നും തിരികെ വരുകയാണ്. അതേസമയം, അസദിന് പിന്തുണ നല്‍കിയിരുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരും മുന്‍ സൈനികരും രാജ്യം വിടുകയാണ്. 1974ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള ഡ്രൂസ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇസ്രായേലില്‍ ചേരണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
അതേസമയം, വിമതര്‍ സിറിയ പിടിച്ചതോടെ ഇസ്രായേല്‍ ഗോലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള കൂടുതല്‍ സിറിയന്‍ ഭൂമി പിടിച്ചെടുത്തു. പ്രദേശത്തെ ഏറ്റവും ഉയരമുള്ള മൗണ്ട് ഹെര്‍മോണിന്റെ മുകളില്‍ ഇപ്പോള്‍ സയണിസ്റ്റ് പതാകയാണ് പറക്കുന്നത്. മാത്രമല്ല, ദമസ്‌കസ് അടക്കമുള്ള പ്രദേശങ്ങളില്‍ അഞ്ഞൂറോളം വ്യോമാക്രമണങ്ങള്‍ നടത്തി സിറിയന്‍ സര്‍ക്കാരിന്റെ 80 ശതമാനം സൈനിക ശേഷിയും നശിപ്പിച്ചു. ഇതോടെ ഇനി ആരുമായും യുദ്ധത്തിന് ശേഷിയില്ലാത്ത അവസ്ഥയില്‍ സിറിയ എത്തിയിട്ടുണ്ട്. ഇസ്രായേലി സൈന്യം ഗോലാന്‍ കുന്നുകളില്‍ ദീര്‍ഘകാലം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയുടെ ഭൂമിയില്‍ സ്ഥിരം സൈനികത്താവളങ്ങളും ഇസ്രായേല്‍ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ നിരവധി സുപ്രധാന ജലാശയങ്ങളും ഇപ്പോള്‍ ഇസ്രായേലിന്റെ അധീനതയിലാണ്.
ഇസ്രായേല്‍ ഭൂമി പിടിക്കുന്നതിനെതിരേ ഗോലാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമീണര്‍ സര്‍ക്കാരിന് നിവേദനവും നല്‍കി. പ്രതിഷേധത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് നിവേദനം നല്‍കിയത്. ഇറാന്റെയും ഹിസ്ബുല്ലയുടെയും സ്വാധീനം സിറിയയില്‍ ഇല്ലാത്തതിനാല്‍ ഇസ്രായേല്‍ ഇനി സിറിയയെ ആക്രമിക്കരുതെന്നാണ് അല്‍ ജൂലാനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയൊരു യുദ്ധത്തിന് സിറിയ ഇല്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
അസദ് അധികാരത്തില്‍നിന്ന് പുറത്താവാന്‍ സാധ്യതയില്ലെന്ന വിശ്വാസത്തിലിരുന്ന യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിമതരുടെ മിന്നല്‍ വേഗത്തിലുള്ള നീക്കങ്ങളില്‍ പകച്ചുപോയി. വിമതര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തുര്‍ക്കി ദമസ്‌കസിലെ എംബസി തുറന്നു. എംബസി തുറക്കാന്‍ ഖത്തര്‍ ശ്രമം ആരംഭിച്ചു. യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അറബ് രാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികളും മിന്നല്‍വേഗത്തില്‍ ദമസ്‌കസില്‍ എത്തി. യുഎസ് ആവട്ടെ അല്‍ ജൂലാനിയുടെ തലയ്ക്ക് 85 കോടി രൂപ വിലയിട്ട ഉത്തരവ് പിന്‍വലിച്ചു. സിറിയയിലെ പുതിയ സര്‍ക്കാരില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പങ്കാളിത്തമുണ്ടാവണമെന്നും ക്രിസ്ത്യാനികളുടെയും ശിയാവിഭാഗങ്ങളുടെയും ഭീതി ഇല്ലാതാക്കണമെന്നുമാണ് പാശ്ചാത്യരുടെ ആവശ്യം.
സിറിയയില്‍ സൗദി മാതൃകയിലുള്ള വികസനം നടത്തുമെന്നാണ് അല്‍ ജൂലാനി പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയിലെ പുതിയ ഭരണകൂടത്തെയും ലോകരാജ്യങ്ങളെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് തുര്‍ക്കി പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയിലെ 'റൊജാവ' പ്രദേശത്തെ കുര്‍ദുകളുടെ എസ്എഡിഎഫ് എന്ന സംഘടനയുടെ സൈനിക ശേഷി ഇല്ലാതാക്കണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം. തുര്‍ക്കി നിരോധിച്ച കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഭാഗമാണ് എസ്ഡിഎഫ് എന്നാണ് വാദം.
എന്നാല്‍, യുഎസ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ഡിഎഫ് ഐഎസിന് എതിരായ നീക്കങ്ങളില്‍ യുഎസിനെ സഹായിച്ചിരുന്നു. നിലവില്‍ 2,000 യുഎസ് സൈനികരാണ് കുര്‍ദ് പ്രദേശങ്ങളില്‍ ഉള്ളത്. ഐഎസിനെ നേരിടാന്‍ എസ്ഡിഎഫ് വേണ്ടെന്നും പ്രത്യേക കമാന്‍ഡോ ഫോഴ്‌സിനെ അയക്കാമെന്നുമാണ് തുര്‍ക്കി പറഞ്ഞിരിക്കുന്നത്. ഡിസംബര്‍ തുടക്കത്തില്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള മഞ്ജിബ് പ്രദേശം തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ വിമതവിഭാഗം പിടിച്ചെടുത്തിരുന്നു. യുദ്ധത്തിന് തയ്യാറാണെന്ന് എസ്ഡിഎഫും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ആയുധം താഴെവയ്ക്കുകയാണെങ്കില്‍ തങ്ങളും ചെയ്യാമെന്നാണ് എസ്ഡിഎഫിന്റെ നിലപാട്.
സിറിയയിലെ ഭരണമാറ്റം യുഎസിന്റെയും ഇസ്രായേലിന്റെയും താല്‍പ്പര്യം സംരക്ഷിക്കാനാണെന്നാണ് ഇറാന്റെ നിലപാട്. അതിനുള്ള തെളിവുകള്‍ കൈവശം ഉണ്ടെന്നാണ് ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഈ പറഞ്ഞിരിക്കുന്നത്. സിറിയയില്‍നിന്ന് അസദ് പുറത്തായതോടെ ഹിസ്ബുല്ലക്ക് ഇറാന്‍ ആയുധം നല്‍കുന്ന വഴികളും അടഞ്ഞു. ദമസ്‌കസില്‍ വിമാന മാര്‍ഗം എത്തുന്ന ആയുധങ്ങള്‍ കരയിലൂടെ ലബ്‌നാനില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഇസ്രായേലിന്റെ അത്യാധുനിക സൈന്യത്തെ നേരിട്ടിരുന്നത്.
ഇതിനെല്ലാമിടയില്‍, ഇദ്‌ലിബ് പ്രദേശത്തെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ബശീറിനെ വിമതര്‍ ഇടക്കാല പ്രധാനമന്ത്രിയാക്കി. കൂടുതല്‍ പോലിസുകാരെ ഇദ്‌ലിബില്‍നിന്നു കൊണ്ടുവന്നാണ് ഇപ്പോള്‍ ക്രമസമാധാനം പാലിക്കുന്നത്. സിറിയയെ അസദില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച വിവിധ വിമത സൈനിക വിഭാഗങ്ങളെയെല്ലാം സൈന്യത്തില്‍ ചേര്‍ക്കാനും ഡിസംബര്‍ 24ന് ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. ചൈനയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിമത സൈനിക ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് സിറിയന്‍ പൗരത്വവും നല്‍കും.
സിറിയയുടെ സ്ഥിരതയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അല്‍ ജൂലാനി പ്രഖ്യാപിക്കുകയുമുണ്ടായി. ക്രിസ്മസ് സമയത്ത് ദമസ്‌കസിലും മറ്റും ക്രിസ്ത്യാനികള്‍ സ്ഥാപിച്ച ക്രിസ്മസ് ട്രീകള്‍ക്ക് ചിലര്‍ തീയിടുകയുണ്ടായി. ഇതില്‍ നടപടി സ്വീകരിക്കുമെന്നാണ് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ രൂപപ്പെടാതിരിക്കാന്‍ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതാക്കളുമായി ഇടക്കാല സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 2025 സിറിയയില്‍ എന്താണുണ്ടാക്കുകയെന്ന് കാത്തിരുന്നു കാണണം.
മ്യാന്‍മര്‍: രോഹിങ്ഗ്യന്‍ വംശഹത്യയും തുടരുന്ന പ്രതിരോധവും
മ്യാന്‍മറിലെ രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം ശക്തമായി തുടര്‍ന്ന വര്‍ഷമായിരുന്നു 2024. ആക്രമണങ്ങള്‍ ആരംഭിച്ച 2017ന് ശേഷം ഏറ്റവും കൂടുതല്‍ ക്രൂരതകള്‍ രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ നേരിട്ട വര്‍ഷമാണ് 2024 എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപോര്‍ട്ട് പറയുന്നു. 2024 സെപ്റ്റംബറില്‍ മാത്രം 8,000 മുസ്‌ലിംകളാണ് മ്യാന്‍മറിലെ പടിഞ്ഞാറന്‍ പ്രദേശത്തെ രാഖെയ്ന്‍ സംസ്ഥാനം വിടേണ്ടി വന്നത്.
മ്യാന്‍മറിലുണ്ടായിരുന്ന രോഹിങ്ഗ്യന്‍ മുസ്‌ലിംകളില്‍ കേവലം 23 ശതമാനം അഥവാ 6,36,000 പേര്‍ മാത്രമാണ് നിലവില്‍ മ്യാന്‍മറിലുള്ളത്. പതിനൊന്ന് ലക്ഷം പേര്‍ ബംഗ്ലാദേശിലെയും നാലുലക്ഷം പേര്‍ പാകിസ്താനിലെയും 3.4 ലക്ഷം പേര്‍ സൗദിയിലെയും 2.10 ലക്ഷം പേര്‍ മലേഷ്യയിലെയും കാംപുകളിലാണുള്ളത്. മറ്റുള്ളവര്‍ മറ്റു രാജ്യങ്ങളില്‍ അഭയാര്‍ഥികളായി അലയുകയാണ്.
ഡിസംബര്‍ 23ന് ബുദ്ധ മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള അരാകന്‍ സൈന്യം വടക്കന്‍ രാഖെയ്‌നിലെ മൗങ്‌ദോ, ബുത്തിദോങ് നഗരങ്ങളും പിടിച്ചെടുത്തു. ഈ പ്രദേശത്തെ മുസ്‌ലിംകളും ഇതോടെ പ്രതിസന്ധിയിലായി. ഏകദേശം അഞ്ച് ലക്ഷം പേര്‍ അരാകന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തുണ്ട് എന്നാണ് കണക്ക്. ഇതില്‍ രണ്ടുലക്ഷം പേര്‍ പട്ടിണിയിലായതായും റിപോര്‍ട്ടുകളുണ്ട്. രോഹിങ്ഗ്യന്‍ ജനതയ്ക്ക് നീതി വേണമെന്ന് 28 രോഹിങ്ഗ്യന്‍ സംഘടനകളുടെ സമിതി 23ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, രാഖെയ്ന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ നാഫ് നദിക്ക് അപ്പുറമുള്ള ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ കുറ്റുപലോങ് അഭയാര്‍ഥി കാംപിലെ രോഹിങ്ഗ്യന്‍ അഭയാര്‍ഥികള്‍ മ്യാന്‍മറിലേക്ക് തിരികെ പോവാന്‍ സായുധ സമരത്തിനും തയ്യാറെടുക്കുന്നുണ്ട്. അരാകന്‍ രോഹിങ്ഗ്യ സാല്‍വേഷന്‍ ആര്‍മി അഥവാ ഹര്‍കത് അല്‍ യഖ്വീന്‍ എന്ന സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
രോഹിങ്ഗ്യന്‍ മുസ്‌ലിംകളെ വംശഹത്യ നടത്തിയതിന് മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന്റെ മേധാവിയായ മിന്‍ ഒങ് ഹ്‌ലെയ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത് നവംബര്‍ 27നായിരുന്നു. രോഹിങ്ഗ്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്നതായി യുഎസിലെ ഒരു സന്നദ്ധ സംഘടനയുടെ റിപോര്‍ട്ടും പറയുന്നുണ്ട്.
ബംഗ്ലാദേശ്: ഹസീനയുടെ ഒളിച്ചോട്ടം ചരിത്രത്തിന്റെ കാവ്യനീതി
അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും മറ്റും എതിരേ ശെയ്ഖ് ഹസീനയുടെ ഭരണകൂടത്തിനെതിരേ പ്രതിപക്ഷം 2022 ഡിസംബറില്‍ സമരം തുടങ്ങിയിരുന്നു. സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സര്‍ക്കാര്‍ ജോലികളില്‍ 1971ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്‍ഗാമികള്‍ക്ക് പ്രത്യേക സംവരണം നല്‍കിയതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ 2024ല്‍ രംഗത്തെത്തിയതോടെ സമരം രൂക്ഷമായി. ഏകദേശം 1500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 20,000ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. വിദ്യാര്‍ഥികളെ ഇനിയും നേരിടാന്‍ സാധിക്കില്ലെന്ന് സൈനിക മേധാവി ജനറല്‍ വഖാറുസ്സമാന്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചു. ഇതോടെ ഹസീനയുടെ നില പരുങ്ങലിലായി. വിദ്യാര്‍ഥികള്‍ കൂട്ടമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉപരോധിച്ചതോടെ നവംബര്‍ അഞ്ചിന് ഹസീന ഇന്ത്യയിലേക്ക് കടന്നു.
നവംബര്‍ എട്ടിന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. തിരഞ്ഞെടുപ്പിലൂടെ പുതിയസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഇടക്കാല സര്‍ക്കാര്‍ തുടരും. ഹസീനയുടെ 16 വര്‍ഷം നീണ്ട ഭരണത്തില്‍ 3,500 രാഷ്ട്രീയ എതിരാളികളെ കാണാതായിട്ടുണ്ടെന്നാണ് ഇടക്കാല സര്‍ക്കാര്‍ നിയമിച്ച പ്രത്യേക കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇഷ്ടമില്ലാത്തവരെ പിടികൂടി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടു വിട്ട് ഇന്ത്യന്‍ സൈന്യത്തെ കൊണ്ടു പിടിപ്പിക്കലായിരുന്നു നടന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാണാതാക്കലുകളില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നും ഈ കമ്മീഷന്റെ റിപോര്‍ട്ട് പറയുന്നുണ്ട്. 1971 കാലത്ത് ജമാഅത്തെ ഇസ്‌ലാമി നടത്തിയെന്ന് പറയുന്ന കൊലപാതകങ്ങള്‍ മറ്റാരോ ആണ് നടത്തിയതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിലെ സാക്ഷികളെ കാണാതാവലും ധാരാളമായി സംഭവിച്ചിട്ടുണ്ട്.
കൂട്ടക്കൊലകളിലും കാണാതാക്കലുകളിലും ഹസീനയ്ക്ക് ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ െ്രെകംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുണ്ട്. ഇവരെ വിട്ടുകിട്ടാന്‍ ഡിസംബര്‍ 23ന് ഇന്ത്യയോട് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളിലെ വിചാരണകള്‍ പൂര്‍ത്തിയാക്കാന്‍ ബംഗ്ലാദേശിന് ഹസീനയെ ആവശ്യമുണ്ട്. ഇനി ഇക്കാര്യത്തില്‍ ഇന്ത്യയാണ് തീരുമാനമെടുക്കേണ്ടത്.
ശ്രീലങ്ക: ചെങ്കൊടി പാറിച്ച് അനുര കുമാര ദിസനായകെ
രാഷ്ട്രീയസാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ശ്രീലങ്കന്‍ ജനത ഇടതുപക്ഷത്തു നിന്നുള്ള പ്രസിഡന്റിനെ തിരഞ്ഞെടുത്ത വര്‍ഷമാണ് 2024. മധ്യഇടതുപക്ഷത്ത് നില്‍ക്കുന്ന നാഷണല്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവായ അനുര കുമാര ദിസനായകെയാണ് 2024 സെപ്റ്റംബര്‍ 23ന് വോട്ടെണ്ണിയപ്പോള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്ത വോട്ടില്‍ 55.89 ശതമാനവും അനുര കുമാരയുടെ മുന്നണിക്കാണ് ലഭിച്ചത്. തൊട്ടടുത്ത ദിവസം പാര്‍ട്ടി എംപിയായ ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയായും നിയമിച്ചു.
യെമനിലെ ഹൂത്തികളെ ആക്രമിക്കാന്‍ ബാബ് അല്‍ മന്ദെബ് കടലിടുക്കിലേക്ക് നാവികസേനയെ അയക്കുമെന്ന് അനുര കുമാര ദിസനായകെക്ക് മുമ്പ് പ്രസിഡന്റായിരുന്ന റെനില്‍ വിക്രമസിംഗെ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു കപ്പല്‍ ബാബ് അല്‍ മന്ദെബില്‍ പോയി തിരിച്ചുവന്നെന്ന് 24 ഫെബ്രുവരിയില്‍ ശ്രീലങ്കന്‍ നാവിക സേന അവകാശപ്പെട്ടു.
കൊവിഡ് ബാധിച്ചുമരിക്കുന്നവരെ ഇസ്‌ലാമിക രീതിയില്‍ ഖബറടക്കുന്നത് സുരക്ഷിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം അവഗണിച്ച് മൃതദേഹങ്ങള്‍ കത്തിച്ചതില്‍ ജൂലൈയില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമ ചോദിച്ചിരുന്നു.
ഇന്ത്യയിലെ അഴിമതിക്ക് യുഎസ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ വ്യവസായി ഗൗതം അദാനി ശ്രീലങ്കയിലെ തുറമുഖ വികസന പദ്ധതിയില്‍ നിന്ന് ഡിസംബര്‍ 12ന് പിന്‍മാറിയിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ തീരത്ത് ഒരു ഫിഷിങ് ട്രോളറില്‍ കണ്ട 102 രോഹിങ്ഗ്യന്‍ അഭയാര്‍ഥികളെ ശ്രീലങ്കന്‍ നാവികസേന ഡിസംബര്‍ 20ന് രക്ഷിച്ചു. ഇവരെ നാവികസേനാ താവളത്തിലെത്തിച്ച് ഭക്ഷണവും വെള്ളവും ചികില്‍സയും നല്‍കി.
ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായും ചൈനയുമായും യുഎസ്സുമായും എങ്ങനെ ഇടപെടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മൂന്നു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളുമായി പുതിയ സര്‍ക്കാരിന്റെ നയതന്ത്രപ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
റഷ്യ-യുക്രൈന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക്
യുെ്രെകന്‍ കൈവശം വച്ചിരുന്ന ക്രിമിയ പ്രദേശം 2014 ഫെബ്രുവരിയില്‍ റഷ്യ പിടിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങുന്നത്. 2014 ഏപ്രിലില്‍ ഡോണ്‍ബാസ് പ്രവിശ്യയിലെ ചില പ്രദേശങ്ങള്‍ അവിടത്തെ വിമതരും റഷ്യന്‍ സൈന്യവും ചേര്‍ന്ന് പിടിച്ചതാണ് ഇന്ന് കാണുന്ന രീതിയിലുള്ള യുദ്ധം 2022 ല്‍ ആരംഭിക്കാന്‍ കാരണമായത്. യുഎസും യൂറോപ്പും യുെ്രെകന് പിന്നില്‍ സാമ്പത്തികമായും സൈനികമായും ഉറച്ചുനില്‍ക്കുന്നു. റഷ്യയുടെ ഉള്‍പ്രദേശങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന എടിഎസിഎംഎസ് മിസൈലുകള്‍ 2024 ല്‍ യുഎസ് യുെ്രെകന് നല്‍കി.
എന്നാല്‍, രാജ്യത്തിന്റെ ആണവായുധ നയം മാറ്റിയാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്. റഷ്യയെ ആക്രമിക്കുന്ന രാജ്യങ്ങള്‍ക്ക് ആണവായുധമുള്ള രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ ആണവയുദ്ധം തെറ്റല്ലെന്നാണ് നയം മാറ്റിയത്. ഇതിനു പിന്നാലെ നവംബറില്‍ യുെ്രെകനിലെ നിപ്രോ നഗരത്തെ ഒരെഷ്‌നിക് ഭൂഖണ്ഡാന്തര മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ ആണവ യുദ്ധ സാധ്യത നിലനില്‍ക്കുകയാണ്. റഷ്യന്‍ സൈന്യത്തെ സഹായിക്കാന്‍ നോര്‍ത്ത് കൊറിയയില്‍ നിന്ന് 30,000 സൈനികര്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. താന്‍ അധികാരത്തില്‍ വന്നാല്‍ യുദ്ധം അവസാനിപ്പിക്കുമെന്നാണ് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
2022 മുതല്‍ 2024 സെപ്റ്റംബര്‍ വരെ എകദേശം പത്ത് ലക്ഷം പേര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 43,000 സൈനികര്‍ 'കൊല്ലപ്പെട്ടെന്നാണ് യുെ്രെകന്‍ സൈന്യം പറയുന്നത് 3,70,000 പേര്‍ക്ക് പരിക്കേറ്റെന്നും യുെ്രെകന്‍ പറയുന്നു. എന്നാല്‍, ആറ് ലക്ഷം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എസ് അവകാശപ്പെടുന്നത്. ഏകദേശം 83,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്.
അതിര്‍ത്തിയില്‍ തര്‍ക്കമൊതുക്കി ഇന്ത്യ-ചൈന ധാരണ
ആണവശക്തികളായ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ അനുരഞ്ജനത്തിലെത്തിയ വര്‍ഷമാണ് 2024. നാലുവര്‍ഷം മുമ്പ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നാലു ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. 2017 ജൂണില്‍ ഭൂട്ടാന്റേതെന്ന് ഇന്ത്യയും ഭൂട്ടാനും പറയുന്ന അതിര്‍ത്തിയിലെ ഒരു പ്രദേശത്ത് ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ സൈന്യം ഈ നിര്‍മാണം തടസ്സപ്പെടുത്തി. ഇതോടെ രൂപപ്പെട്ട സംഘര്‍ഷം 73 ദിവസം നീണ്ടുനിന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുകൂട്ടരും പിന്‍മാറി. എങ്കിലും സംഘര്‍ഷം തുടര്‍ന്നു. 2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് യോഗത്തില്‍ ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് കരാര്‍ ആയത്.
ഇസ്രായേലിന്റെ പെഗാസസിന് പേക്കിനാവായി യുഎസ് കോടതി വിധി
ഇന്ത്യയിലെ രാഹുല്‍ ഗാന്ധി മുതല്‍ ഉമര്‍ ഖാലിദ് വരെയുള്ളവരുടെ ഫോണ്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന വാര്‍ത്ത 2019ല്‍ വലിയ വിവാദമായിരുന്നു. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തങ്ങളുടെ വാട്ട്‌സാപ്പ് ആപ് ചോര്‍ത്തിയെന്ന വാട്ട്‌സാപ്പ് കമ്പനിയുടെ വാദം യുഎസിലെ കാലഫോണിയയിലെ ഓക്ക്‌ലാന്‍ഡ് ജില്ലാ കോടതി കണ്ടെത്തിയത് 2024 ഡിസംബറിലാണ്. തങ്ങളില്‍നിന്ന് സോഫ്റ്റ് വെയര്‍ വാങ്ങിയവര്‍ക്കാണ് ചോര്‍ത്തലിന്റെ ഉത്തരവാദിത്തമെന്നാണ് കമ്പനി വാദിച്ചത്. പ്രശ്‌നക്കാരല്ലാത്ത രാജ്യങ്ങള്‍ക്ക്, ഇസ്രായേല്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് സോഫ്റ്റ് വെയര്‍ നല്‍കിയതെന്നും അവര്‍ വാദിച്ചു. എന്നാല്‍ കമ്പനിക്കു തന്നെയാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് കോടതി പറഞ്ഞു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം അടുത്ത വാദം കേള്‍ക്കലിലാണ് തീരുമാനിക്കുക. ഏകദേശം 1400 പേരുടെ വാട്ട്‌സാപ്പ് ചോര്‍ത്തിെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 300 പേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.
തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഭീമാ കൊറെഗാവ് കേസിലെ ആരോപണ വിധേയരായ റോണാ വില്‍സന്‍, ഫാദര്‍ സ്റ്റാന്‍ സ്വാമി, ശോമാ സെന്‍, ഹാനി ബാബു, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന അശോക് ലവാസ , കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ , ആഭ്യന്തര മന്ത്രി എച്ച് പരമേശ്വര, എച്ച് ഡി കുമാരസ്വാമി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, അരവിന്ദ് കെജ്‌റിവാളിന്റെ സഹായി വി കെ ജയിന്‍, സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ പീഡന പരാതി നല്‍കിയ കോടതി ജീവനക്കാരിയുടെ കുടുംബം എന്നിവര്‍ അടക്കം 300 പേരുടെ ഫോണ്‍ ആണ് ചോര്‍ത്തപ്പെട്ടത്.
പെഗാസസ് ആരോപണം വന്നതോടെ ഇന്ത്യയിലെ സുപ്രിംകോടതി ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഈ കേസ് ഇപ്പോള്‍ നടപടിയൊന്നുമില്ലാതെ കെട്ടിക്കിടക്കുകയാണ്. അമേരിക്കന്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎസ്: ട്രംപിന്റെ രണ്ടാം വരവില്‍ ആശങ്കയോടെ ലോകം
2024 നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണള്‍ഡ് ട്രംപ് വന്‍വിജയം സ്വന്തമാക്കി. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് രണ്ടാം ഊഴത്തിലേക്ക് നീങ്ങുന്നത്. ജനുവരി 20നാണ് അധികാരമേല്‍ക്കുക. കമലയെ പരാജയപ്പെടുത്തിയതോടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടില്‍ മല്‍സരിച്ച ചരിത്രത്തിലെ രണ്ടു സ്ത്രീകളെയും പരാജയപ്പെടുത്തിയ ആളെന്ന പേരും ട്രംപിന് സ്വന്തമായി.
പുതിയ യുഎസ് പ്രസിഡന്റ് ലോകത്തിന് ഗുണമേ ചെയ്യൂ എന്നാണ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ നിയന്ത്രിക്കും, വിലക്കയറ്റത്തെ നേരിടും, എന്തുകാര്യത്തിലും യുഎസിന് മുന്‍ഗണ നല്‍കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് ഉപയോഗിച്ചിരുന്നത്. റഷ്യയും യുെ്രെകനും തമ്മില്‍ യൂറോപ്പില്‍ നടക്കുന്ന യുദ്ധവും പശ്ചിമേഷ്യയിലെ യുദ്ധവും 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറിന് ബദല്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ യുഎസിലേക്ക് കടക്കുന്ന ചരക്കുകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കണമെന്നാണ് കാനഡക്കാര്‍ക്ക് ആഗ്രഹമെന്ന പ്രസ്താവന ഏറെ വിവാദമായി.
യുഎസില്‍ അനധികൃതമായി കുടിയേറിയിരിക്കുന്ന 1.4 കോടി വിദേശികളെ പുറത്താക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ അതിര്‍ത്തിയിലൂടെ യുഎസില്‍ നിയമവിരുദ്ധമായി കടന്ന രണ്ടര ലക്ഷം ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടും.
ഗസയില്‍ ഹമാസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ജൂതതടവുകാരെ വിട്ടയച്ചില്ലെങ്കില്‍ പശ്ചിമേഷ്യയെ നരകമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇദാന്‍ അലക്‌സാണ്ടര്‍ എന്ന യുഎസ് പൗരത്വമുള്ള ജൂതന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ പ്രസ്താവനയെ സ്വാഗതം ചെയ്യുകയുമുണ്ടായി.
കപ്പലുകള്‍ ഉപയോഗിക്കുന്ന പാനമ കനാല്‍ ആവശ്യമെങ്കില്‍ പിടിച്ചെടുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെ എതിര്‍ത്ത് പാനമ സര്‍ക്കാര്‍ രംഗത്തുവന്നു കഴിഞ്ഞു. ഗ്രീന്‍ലാന്‍ഡ് യുഎസ് പണം കൊടുത്തുവാങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയുണ്ടായി.
ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി തുടരുന്നു
വിമത സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ 2023ല്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മില്‍ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി 2024ല്‍ വളരെ മോശം അവസ്ഥയിലെത്തി. നിജ്ജറിന്റെ കൊലയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ പരാമര്‍ശം ഇന്ത്യയെ പ്രകോപിപ്പിച്ചു. ഇന്ത്യയിലെ പഞ്ചാബിനെ പ്രത്യേക രാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്താന്‍ വാദികള്‍ക്ക് കാനഡ സംരക്ഷണം നല്‍കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. എന്നാല്‍, കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ കൊന്ന സംഭവത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കാനഡയും പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങളും ഏതാനും നയതന്ത്രപ്രതിനിധികളെ പുറത്താക്കി. ഈ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
2025ല്‍ യുഎസ് കേന്ദ്രിത ലോകവ്യവസ്ഥ മാറുമോ ?
വെള്ള വംശീയവാദിയായ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതാണ് 2025ല്‍ ലോകം നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ട്രംപിന്റെ നയങ്ങള്‍ ലോകമെമ്പാടും പ്രതിഫലിക്കുമെന്നതാണ് ഇതിന് കാരണം. ട്രംപ് വിജയിച്ചതിന് ശേഷം ഏഷ്യയിലേയും വിവിധ ഭൂഖണ്ഡങ്ങളിലെയും പലതരം വംശീയവാദികളില്‍ കാണുന്ന ഉണര്‍വ് ഇതിന് തെളിവാണ്. കുടിയേറ്റ വിരുദ്ധത, മുസ്‌ലിം വിരുദ്ധത തുടങ്ങി എല്ലാതരം വംശീയ വിദ്വേഷങ്ങളും പ്രാദേശികവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
യുഎസും യൂറോപ്പും പിന്തുണ നല്‍കുന്ന യുെ്രെകയ്‌നുമായി യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യക്ക് പിന്തുണയുമായി ചൈനയും ഇറാനും ഉത്തരകൊറിയയും എത്തിയതും ലോകത്തിലെ ശാക്തികബലാബലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. യുഎസിന്റെ പിന്തുണയുള്ള തായ്‌വാന്‍ ദ്വീപിനു മേലുള്ള അവകാശവാദം ചൈന ആവര്‍ത്തിച്ചതും 2024ല്‍ തന്നെയാണ്. കൂടാതെ അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടവുമായി റഷ്യയും ചൈനയും ബന്ധം സ്ഥാപിച്ചു കഴിഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നത്തെ കുഴിച്ചുമൂടുന്നത് തടഞ്ഞ തൂഫാനുല്‍ അഖ്‌സയുടെ പ്രതിഫലനം ഇന്ന് വിവിധ അറബ് രാജ്യങ്ങളുടെ നയങ്ങളില്‍ കാണാനാവുന്നുണ്ട്. സൗദി അറേബ്യ അടക്കമുള്ള ശക്തരായ അറബ് രാജ്യങ്ങള്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ തീരുമാനമുണ്ടായാലേ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കു എന്ന നിലപാട് സ്വീകരിക്കേണ്ടി വന്നു. ഇനി, 2025ല്‍ വെസ്റ്റ് ബാങ്ക് പൂര്‍ണമായും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനം ഇസ്രായേല്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമാവും.
സിറിയ അടക്കമുള്ള പഴയ ഓട്ടോമന്‍ ഖിലാഫത്ത് പ്രദേശങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തുര്‍ക്കിയും ശക്തമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹയാത് താഹിര്‍ അല്‍ ശാമിന്റെ നേതൃത്വത്തിലുള്ള സിറിയയിലെ പുതിയ ഭരണകൂടം തുര്‍ക്കിയോടുള്ള കൂറ് പരസ്യമായി തന്നെ പറഞ്ഞുകഴിഞ്ഞു.
2024ല്‍ ഏകദേശം 2,33,000 പേര്‍ യുദ്ധങ്ങളിലും സായുധ സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2023നേക്കാള്‍ 30 ശതമാനം കൂടുതലായിരുന്നു ഇത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സജീവമായ 56 സംഘര്‍ഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏറ്റവുധികം സായുധസംഘര്‍ഷങ്ങള്‍ നടന്ന വര്‍ഷവുമാണ് 2024. ഇനി, കലണ്ടറിലെ 2025 അതിന്റെയെല്ലാം തുടര്‍ച്ചയാണ്.