എന്താണ് എച്ച്എംപിവി വൈറസ്? എങ്ങനെ പ്രതിരോധിക്കാം

Update: 2025-01-06 09:59 GMT

ന്യൂഡല്‍ഹി: 2001ല്‍ നെതര്‍ലാന്‍ഡില്‍ ആദ്യമായി റിപോര്‍ട്ട് ചെയ്ത ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ ചൈനക്ക് ശേഷം ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. കര്‍ണാടകത്തില്‍ രണ്ടും ഗുജറാത്തില്‍ ഒരു കേസുമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളോടെയുള്ള ശ്വാസകോശ രോഗമാണ് എച്ച്എംപിവിയുണ്ടാക്കുക. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവരെ ഇത് ബാധിക്കാം. ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും ജാഗ്രത പുലര്‍ത്തണം. ചിലഘട്ടങ്ങളില്‍ ഈ വൈറസ് ന്യൂമോണിയക്കോ ബ്രോങ്കൈറ്റിസിനോ കാരണമാവാം. മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ സമയങ്ങളിലുമാണ് ഈ വൈറസ് വ്യാപകമായി പടരുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ പറയന്നു.

ശ്വാസകോശ രോഗമുണ്ടാക്കുന്ന റെസ്പിരേറ്ററി സിന്‍സിറ്റിയല്‍ വൈറസ്(ആര്‍എസ്‌വി), അഞ്ചാം പനിയുണ്ടാക്കുന്ന മീസില്‍സ് വൈറസ്, മുണ്ടിനീരുണ്ടാക്കുന്ന മംപ്‌സ് വൈറസ് എന്നിവയുമായി ഇതിന് സാമ്യമുണ്ടെങ്കിലും ഇതുവരെ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. കൂടാതെ കൃത്യമായ ചികില്‍സയും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് വെള്ളം കുടിച്ച് വിശ്രമിച്ചാല്‍ തന്നെ ഭൂരിഭാഗം പേരുടെയും അസുഖം മാറാറുണ്ട്. അപൂര്‍വ്വമായുണ്ടാവുന്ന ഗുരുതരമായ കേസുകളില്‍ ആശുപത്രി പ്രവേശവും ഓക്‌സിജന്‍ തെറാപ്പിയും വേണ്ടി വന്നേക്കാം.

തീവ്രമായ ശ്വാസകോശ അണുബാധക്ക് എച്ചഎംപിവി കാരണമാവുന്നുണ്ടെന്നാണ് അമേരിക്കന്‍ ശ്വാസകോശ അസോസിയേഷന്‍(എഎല്‍എ) പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുക.

എച്ച്എംപിവി ലക്ഷണങ്ങള്‍

ചുമ

കഫക്കെട്ട്

മൂക്കൊലിപ്പ്

അടഞ്ഞ മൂക്ക്

തൊണ്ടവേദന

പനി

എന്നാല്‍, രോഗം ഗുരുതരമായാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണിക്കാം.

ശ്വാസംമുട്ട്

തൊണ്ടയടപ്പ്

ന്യൂമോണിയ

മുതിര്‍ന്നവരിലെ ആസ്തമ വര്‍ധിക്കല്‍

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താലും രോഗാണു വായുവിലെത്തും. സ്പര്‍ശനം പോലുള്ള അടുത്ത ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു.

എച്ച്എംപിവി ബാധയുടെ സാധ്യത കുറയാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് യുഎസിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക് പറയുന്നത്.

കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സോപ്പ് ഇഷ്ടമില്ലാത്തവര്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിക്കണം. വായും മൂക്കും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ കൈപ്പത്തിക്കു പകരം കൈമുട്ട് ഉപയോഗിക്കണം. രോഗലക്ഷണങ്ങളുള്ളവരില്‍ നിന്ന് അകലം പാലിക്കണം. മുഖത്തോ മൂക്കിലോ വായിലോ കണ്ണിലോ സ്പര്‍ശിക്കരുത്. ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും കപ്പുകളും സ്പൂണുകളുമൊന്നും പങ്കുവയ്ക്കരുത്.

Tags:    

Similar News