സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ 1978ലുണ്ടായ വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഏഴുദിവസത്തിനകം ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കണമെന്ന് പോലിസിനും ജില്ലാഭരണകൂടത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 46 വര്‍ഷത്തിന് ശേഷം കേസില്‍ പുനരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പഴയ കേസ് രേഖകളും ഭൂരേഖകളുമെല്ലാം ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ സര്‍ക്കാരിന് കൈമാറി.
ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ കോണ്‍ഗ്രസ് വിരുദ്ധ കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനതാപാര്‍ട്ടി കേന്ദ്രവും ഉത്തര്‍പ്രദേശും ഭരിക്കുന്ന 1978 മാര്‍ച്ചിലാണ് സംഭലില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായത്. ജനതാപാര്‍ട്ടി നേതാവായ രാം നരേഷ് യാദവായിരുന്നു അക്കാലത്ത് യുപി മുഖ്യമന്ത്രി. മൊറാര്‍ജി ദേശായിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ചൗധുരി ചരണ്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയും. അടല്‍ ബിഹാരി വാജ്‌പേയ്, എല്‍ കെ അദ്വാനി എന്നിവരും കേന്ദ്രമന്ത്രിമാരായിരുന്നു. കല്യാണ്‍സിങ്, കേശ്രിനാഥ് തൃപദി, ഓം പ്രകാശ് സിങ്, ശാരദ ഭക്ത് സിങ്, ഓം പ്രകാശ് സിങ്, രവീന്ദ്ര കിഷോര്‍ ഷാഹി തുടങ്ങിയ ഭാരതീയ ജനസംഘ നേതാക്കള്‍ സംസ്ഥാന മന്ത്രിമാരും.
സംഭലില്‍ അല്‍പ്പകാലമായി വര്‍ഗീയ സംഘര്‍ഷ അന്തരീക്ഷം നിലവിലുണ്ടായിരുന്നു. 1978 മാര്‍ച്ച് 28ന് മഹാത്മാ ഗാന്ധി മെമോറിയല്‍ ഡിഗ്രീ കോളജില്‍ നടന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ ബലമായി ചേര്‍ത്തതിനെ തുടര്‍ന്ന് പ്രതിഷേധം നടന്നിരുന്നു. ഈ സംഘര്‍ഷത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലിസ് 19 റൗണ്ട് വെടിവെച്ചെന്നാണ് മുഖ്യമന്ത്രി രാം നരേഷ് യാദവ് മാര്‍ച്ച് 30ന് നിയമസഭയില്‍ പറഞ്ഞത്.
1978 മാര്‍ച്ച് 29ന് സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ ഇമാമിനെ പള്ളിയുടെ ഉള്ളിലിട്ട് ഒരു ഹിന്ദുത്വവാദി കൊലപ്പെടുത്തി. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. പക്ഷേ, അതിനകം സംഘര്‍ഷം ആരംഭിച്ചിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. സംഘര്‍ഷങ്ങളില്‍ കോട്‌വാലി പോലിസ് സ്‌റ്റേഷനില്‍ 162 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒരു കേസ് ക്രൈംബ്രാഞ്ച് സിഐഡിയാണ് അന്വേഷിച്ചത്. മറ്റു കേസുകള്‍ കോട്‌വാലി പോലിസും അന്വേഷിച്ചു. ഈ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
സംഭവസമയത്ത് സംഭല്‍ പ്രദേശം മൊറാദാബാദ് ജില്ലയുടെ ഭാഗമായിരുന്നു. 2011ല്‍ മായാവതി സര്‍ക്കാരിന്റെ കാലത്താണ് സംഭലിനെ ജില്ലയാക്കി മാറ്റുന്നത്. അതിനാല്‍, 1978ലെ സംഘര്‍ഷത്തിന്റെ കേസുകളെല്ലാം മൊറാദാബാദിലെ കോടതികളിലാണുള്ളത്. ഈ കേസുകളുടെ വിവരങ്ങളാണ് പ്രോസിക്യൂഷന്‍ വകുപ്പും പോലിസും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശേഖരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. സംഭലില്‍ 2024 നവംബറിലുണ്ടായ പോലിസ് വെടിവയ്പില്‍ രാജേന്ദ്ര പെന്‍സിയക്ക് പങ്കുണ്ടെന്ന് സംഭലിലെ മുസ്‌ലിംകള്‍ പറയുന്നുണ്ട്.
ബിജെപി എംഎല്‍എയായ ശ്രീചന്ദ് ശര്‍മയുടെ ആവശ്യപ്രകാരമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പഴയ സംഭവങ്ങളില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 1978ലെ സംഘര്‍ഷത്തിന്റെ കാര്യം ഡിസംബര്‍ 17ന് നിയമസഭയില്‍ ഉന്നയിച്ചിരുന്നതായി ശ്രീചന്ദ് ശര്‍മ പറഞ്ഞു. അന്നത്തെ സംഘര്‍ഷത്തില്‍ 184 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ് ശര്‍മ അവകാശപ്പെട്ടത്.
സംഭലില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ കാലത്ത് ഹൈദരാബാദിലും സംഘര്‍ഷങ്ങള്‍ നടന്നിരുന്നതായി അക്കാലത്തെ റിപോര്‍ട്ടുകള്‍ പറയുന്നു. കടുത്ത വര്‍ഗീയ സ്വഭാവങ്ങളുള്ള റിപോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കിയത് ജനതാസര്‍ക്കാരിനു വരെ തലവേദനയായി. മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് അന്നത്തെ അസംബ്ലി സ്പീക്കറും ജനതാപാര്‍ട്ടി നേതാവുമായ ബനാറസി ദാസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
സംഘര്‍ഷമുണ്ടായ ഉടന്‍ മുഖ്യമന്ത്രി രാം നരേഷ് യാദവ് പ്രദേശം സന്ദര്‍ശിച്ചു. ഇതിന് ശേഷം 1978 മാര്‍ച്ച് 30നും ഏപ്രില്‍ നാലിനും നിയമസഭയില്‍ പ്രസ്താവന നടത്തി. 1978 ഏപ്രില്‍ ഒന്നിന് അന്നത്തെ പെട്രോളിയം മന്ത്രിയും മുന്‍ യുപി മുഖ്യമന്ത്രിയുമായ എച്ച് എന്‍ ബഹുഗുണയും ഡല്‍ഹി ജുമാമസ്ജിദ് ഇമാം അബ്ദുല്ല ബുഖാരിയും സംഭല്‍ സന്ദര്‍ശിച്ചു. ഇതിന് ശേഷം ന്യൂനപക്ഷ കമ്മീഷന്‍ സംഭല്‍ സന്ദര്‍ശിച്ച് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കി.
ഭാരതീയ ലോക്ദള്‍ നേതാവായിരുന്ന ശാന്തി ദേവിയാണ് അക്കാലത്ത് സംഭല്‍ ലോക്‌സഭാ മണ്ഡലത്തിലെ എംപി. 1977ലെ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി നേതാക്കളും ഭാരതീയ ലോക്ദള്‍ ചിഹ്നത്തിലാണ് മല്‍സരിച്ചിരുന്നത്. 85 സീറ്റുകളിലാണ് ഈ ചിഹ്നത്തില്‍ മല്‍സരിച്ചവര്‍ വിജയിച്ചിരുന്നത്. ഇപ്പോഴത്തെ സംഭല്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ സിയാവുര്‍ റഹ്മാന്‍ ബര്‍ഖിന്റെ പിതാമഹന്‍ ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖായിരുന്നു അന്ന് സംഭല്‍ എംഎല്‍എ. അന്ന് ജനതാപാര്‍ട്ടി ടിക്കറ്റിലാണ് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് മല്‍സരിച്ചിരുന്നത്.
അക്കാലത്തെ ഒരു സര്‍ക്കാരും സംഭല്‍ സംഘര്‍ഷം നിയമസഭയിലും ലോക്‌സഭയിലും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടാണ് നിയമസഭാ സ്പീക്കറും സ്വീകരിച്ചത്. സംഭല്‍ സംഘര്‍ഷം നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചിരുന്നത്. മാധ്യമങ്ങളെ സഭയില്‍ പ്രവേശിപ്പിക്കാതെ ചര്‍ച്ച നടത്താമെന്ന നിലപാട് ചില എംഎല്‍എമാര്‍ സ്വീകരിച്ചു. എന്നാല്‍, ഈ ആവശ്യം സ്പീക്കര്‍ തള്ളി.
എന്നാല്‍, പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ എംപിയായിരുന്ന സിപിഐ നേതാവ് ജ്യോതിര്‍മോയ് ബസു സംഭല്‍-ഹൈദരാബാദ് വിഷയം 1978 ഏപ്രില്‍ നാലിന് ലോക്‌സഭയില്‍ ഉന്നയിച്ചു. ഒമ്പതു പേരെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും സ്ത്രീകളെ പോലിസ് ബലാല്‍സംഗം ചെയ്തുവെന്നുമാണ് അദ്ദേഹം ലോക്‌സഭയെ അറിയിച്ചത്. ആളുകളെ തല്ലിക്കൊന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്റ് മൗനം വെടിയണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഏപ്രില്‍ 24ന് വിഷയം ലോക്‌സഭ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും വിഷയത്തില്‍ പ്രസ്താവന നടത്തി.
''സര്‍ക്കാര്‍ സംഘര്‍ഷത്തെ കൈകാര്യം ചെയ്ത രീതി, അത് മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി മറ്റ് പ്രദേശങ്ങളില്‍ നിന്ന് പ്രതികാര നടപടികളൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അങ്ങനെ ഉണ്ടാവുമായിരുന്നു. ഇത്തരമൊരു ക്രമസമാധാന പ്രശ്‌നം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടായിരുന്നു എന്നല്ലേ ഇത് കാണിക്കുന്നത്.'' എന്നാണ് മൊറാര്‍ജി ദേശായ് പറഞ്ഞത്.
1978ലെ സംഘര്‍ഷത്തില്‍ 184 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിലവിലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ അവകാശപ്പെട്ടത്. കേസില്‍ ആരെയും ശിക്ഷിച്ചില്ലെന്നും യോഗി പറയുകയുണ്ടായി.
എന്നാല്‍, സംഭല്‍ സംഘര്‍ഷത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് 1978 ഏപ്രിലില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തത്. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് മാര്‍ച്ച് 29ന് പ്രഖ്യാപിച്ച കര്‍ഫ്യൂ നിരവധി ദിവസം തുടര്‍ന്നു. സംഭല്‍ സംഘര്‍ഷത്തില്‍ 160ല്‍ അധികം കേസുകളിലായി 1,272 പേരെ പ്രതിചേര്‍ത്തിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന സ്വരൂപ് കുമാര്‍ ബക്ഷി 1982 മാര്‍ച്ച് രണ്ടിന് നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ പറയുന്നത്. 473 പേര്‍ പ്രതികളായ 43 കേസുകളില്‍ വിചാരണ നടക്കാന്‍ പോവുകയാണെന്നും തെളിവില്ലാത്തതിനാല്‍ 125 കേസുകളിലെ നടപടികള്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം 12 കേസുകള്‍ പിന്‍വലിച്ചു. 1982 വരെ രണ്ടു കേസുകളിലായി ആറു പേരെ ശിക്ഷിച്ചു. ആറു കേസുകളിലെ പ്രതികളായ 80 പേരെ കോടതികള്‍ കുറ്റവിമുക്തരാക്കുകയും ചെയ്തു. പിന്നീടും കേസുകളും വിചാരണയും നടന്നു. 2010ല്‍ നിരവധി കേസുകളിലെ പ്രതികളെ കോടതികള്‍ വെറുതെവിടുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം 46 വര്‍ഷത്തിനു ശേഷം വീണ്ടും അന്വേഷിക്കാനാണ് യുപി സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് നല്‍കിയ ഹരജിയില്‍ മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ വര്‍ഷം സിവില്‍ കോടതി ഉത്തരവിടുകയും അതിന് പിന്നാലെ നവംബര്‍ 24ന് ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. ഇതിന് ശേഷം സ്ത്രീകള്‍ അടക്കം നൂറുകണക്കിന് മുസ്‌ലിംകളെയാണ് വിവിധ കേസുകളില്‍ പ്രതിയാക്കിയത്. സംഭവസമയത്ത് ബംഗളൂരുവിലായിരുന്ന സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖും കേസില്‍ പ്രതിയായി. സംഭലിലെ പോലിസ് അതിക്രമത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ മുസ്‌ലിം പള്ളികളില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍ നല്‍കിയ കേസുകളിലെ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലായിരുന്നു സുപ്രിംകോടതി നടപടി.
ഇതിന് പിന്നാലെ, വൈദ്യുതി മോഷണം ആരോപിച്ച് പ്രദേശത്ത് ജില്ലാഭരണകൂടം പരിശോധനകള്‍ ആരംഭിച്ചു. മുസ്‌ലിംകള്‍ക്കെതിരേ 1300ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗ്യാസ് സിലിണ്ടര്‍ കണ്ടുവെന്നു പറഞ്ഞ് ഒരു കല്യാണച്ചടങ്ങ് തടസപ്പെടുത്തി. ഇതിന് പിന്നാലെയാണ് വന്ദനാ മിശ്രയെന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം ഒരു ക്ഷേത്രം കണ്ടെത്തിയത്.
1978ലെ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടാന്‍ നിര്‍ബന്ധിതമായ ക്ഷേത്രമാണെന്നാണ് ജില്ലാഭരണകൂടവും ഹിന്ദുത്വരും അവകാശപ്പെട്ടത്. ക്ഷേത്രം തുറന്നു പൂജയും തുടങ്ങി. എന്നാല്‍, ഈ ക്ഷേത്രം സ്വമേധയാ പൂട്ടിയതാണെന്ന് പരിപാലകരായ രസ്‌തോഗി കുടുംബം ഡല്‍ഹിയില്‍ നിന്നും അറിയിച്ചു. ക്ഷേത്രത്തിന്റെ താക്കോല്‍ ഇപ്പോളും കുടുംബത്തിന്റെ കൈവശമാണെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം ശാഹീ ജാമിഅ് മസ്ജിദിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിക്കിണര്‍ ജില്ലാഭരണകൂടം പിടിച്ചെടുത്തു. ജലാശയ സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി. തുടര്‍ന്ന് ഈ കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന് പറഞ്ഞ് നഗരസഭ നോട്ടീസ് ഇറക്കി. ഈ നോട്ടീസ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിച്ച് ജനുവരി പത്തിന് സുപ്രിംകോടതി സ്റ്റേ ചെയ്തു. നോട്ടീസ് സ്‌റ്റേ ചെയ്തില്ലെങ്കില്‍ ഹിന്ദുത്വര്‍ കിണര്‍ ഹിന്ദു മതവിശ്വാസപ്രകാരമുള്ള ആചാരങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റി വാദിച്ചത്. സംഭലിന് സമീപമുള്ള ജില്ലകളിലെ മദ്‌റസ വിദ്യാര്‍ഥികള്‍ അക്രമങ്ങളില്‍ പങ്കെടുത്തെന്നും പോലിസ് ആരോപിക്കുകയുണ്ടായി. ആരോ അയച്ച ഊമക്കത്തുകളാണ് അതിന് തെളിവായി പറഞ്ഞത്.
പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ചില മുസ്‌ലിം പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ അമിത ശബ്ദമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ അവകാശപ്പെട്ടു. അതിന് ശേഷം ഒരു പള്ളിയിലെ ഇമാമിനെതിരേ കേസെടുക്കുകയും രണ്ടു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രദേശത്ത് അനധികൃത നിര്‍മാണം ആരോപിച്ച് ജില്ലാഭരണകൂടം ബുള്‍ഡോസര്‍ ആക്രമണം നടത്തിയത്. സിയാവുര്‍ റഹ്മാന്‍ എംപിയുടെ വീടിന്റെ ഭാഗങ്ങളും ഇതില്‍ പൊളിച്ചു. നിര്‍മാണങ്ങള്‍ പൊളിക്കുമ്പോള്‍ പാലിക്കേണ്ട സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അടക്കം ലംഘിച്ചായിരുന്നു നടപടി. ഇതിന് ശേഷം മസ്ജിദിന് സമീപം പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. വഖ്ഫ് ഭൂമിയിലാണ് ഇത് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ പരാതി പോലിസ് ഏകപക്ഷീയമായി തള്ളുകയും ചെയ്തു. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് പരാതി നല്‍കിയതെന്നും മസ്ജിദ് ഭാരവാഹികള്‍ക്കെതിരേ കേസെടുക്കുമെന്നും പോലിസ് പ്രഖ്യാപിക്കുകയും ചെയ്തു.
പോലിസ് അതിക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ വസ്തുതാന്വേഷണ സംഘം തയ്യാറാക്കിയ റിപോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. പോലിസ് കള്ളത്തോക്കുകള്‍ ഉപയോഗിച്ച് മുസ്‌ലിംകളെ വെടിവച്ചു കൊന്നുവെന്നാണ് വസ്തുതാന്വേഷണ സംഘം കണ്ടെത്തിയത്. ബിജെപിയും അവരുടെ ആശയങ്ങള്‍ പിന്തുടരുന്നവരും മുന്‍കൂര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഘര്‍ഷമാണ് ഇതെന്നാണ് വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പറയുന്നത്. ബാബരി മസ്ജിദിന് ശേഷമുള്ള ഹിന്ദുത്വഭീകരതയുടെ അടുത്തപരീക്ഷണശാലയാണ് സംഭല്‍.
Compilation: PA ANEEB
Full View