ശബ്ദമലിനീകരണം ആരോപിച്ച് സംഭലില്‍ രണ്ട് ഇമാമുമാര്‍ക്കെതിരേ കേസ്

Update: 2025-01-24 01:31 GMT
ശബ്ദമലിനീകരണം ആരോപിച്ച് സംഭലില്‍ രണ്ട് ഇമാമുമാര്‍ക്കെതിരേ കേസ്

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ ശബ്ദമലിനീകരണം ആരോപിച്ച് രണ്ട് ഇമാമുമാര്‍ക്കെതിരേ കേസെടുത്തു. ബഹ്‌ജോയ് പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സെപ്ക്ടര്‍ സഞ്ജയ് കുമാറിന്റെ പരാതിയില്‍ രെഹാന്‍ ഹുസൈന്‍ എന്ന ഇമാമിനും ഹയാത്ത്‌നഗര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാറിന്റെ പരാതിയില്‍ ഇമാം ആലെ നബീക്കുമെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

പ്രദേശത്ത് പട്രോളിങ് നടത്തുമ്പോഴാണ് ശബ്ദമലിനീകരണം ശ്രദ്ധയില്‍ പെട്ടതെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും സബ് ഇന്‍സെപ്ക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം പാലിച്ചില്ല, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും മറുപടി കേള്‍ക്കാതെയും കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന നവംബര്‍ 13ലെ ഉത്തരവ് ലംഘിച്ച് തന്റെ വീട് പൊളിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു സംഭല്‍ സ്വദേശി സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. സമാനമായ രണ്ടു കോടതിയലക്ഷ്യ ഹരജികള്‍ നേരത്തെ തന്നെ കോടതിയുടെ പരിഗണനയിലുണ്ട്. അസമില്‍ 47 വീടുകള്‍ പൊളിച്ചുവെന്നതാണ് ഒരു കേസ്. ഗുജറാത്തിലെ ദ്വാരകയില്‍ മുസ്‌ലിം ആരാധനാലയങ്ങളും കെട്ടിടങ്ങളും അധികൃതര്‍ പൊളിച്ചു എന്ന് ചൂണ്ടിക്കാട്ടി സമ്മസ്ത് പട്‌നി മുസ്‌ലിം ജമാഅത്ത് നല്‍കിയ ഹരജിയാണ് മറ്റൊന്ന്.

Tags:    

Similar News