സംഭലിന് ഉള്ളത് ഇസ്‌ലാമിനും മുമ്പുള്ള ചരിത്രപരമായ പ്രാധാന്യം; അവകാശവാദവുമായി യോഗി ആദിത്യനാഥ്

ലഖ്‌നോ: ഇസ്‌ലാമിനും 5,000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചരിത്രപരമായ പ്രാധാന്യമാണ് സംഭലിന് ഉള്ളതെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കവെയാണ് പ്രസ്താവന.
''സംഭല്‍ ഒരു ചരിത്ര സത്യത്തെ പ്രതിനിധീകരിക്കുന്നു, ഇസ്‌ലാമിനും 5,000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചരിത്രപരമായ പ്രാധാന്യമാണ് സംഭലിന് ഉള്ളത്. ഞാന്‍ എപ്പോഴും അതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്, സനാതന്‍ ധര്‍മ്മത്തിന്റെ സ്വത്വമാണ് എന്റേത്.അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു ദിവസം, ലോകം മുഴുവന്‍ അതിലേക്കെത്തും' എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുണ്ടെങ്കിലും മതപരമായ സ്ഥലങ്ങള്‍ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഒരുകാലത്ത് സംഭലില്‍ 68 തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ 18 എണ്ണം മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മഹാ കുംഭമേളയെക്കുറിച്ച് കോണ്‍ഗ്രസ് നടത്തിയത് മോശം പരാമര്‍ശമാണെന്നും എല്ലാ നല്ല സംരംഭങ്ങളെയും അവര്‍ എതിര്‍ക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിചേര്‍ത്തു.