വഖ്ഫ് ഭേദഗതി നിയമം; പ്രതികരിക്കുന്നവര്‍ കലാപകാരികളാണെന്ന് യോഗി; സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്രമാണ് നിയമം കൊണ്ടുവന്നതെന്ന് തിരിച്ചടിച്ച് മമത

Update: 2025-04-15 09:14 GMT
വഖ്ഫ് ഭേദഗതി നിയമം; പ്രതികരിക്കുന്നവര്‍ കലാപകാരികളാണെന്ന് യോഗി; സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്രമാണ് നിയമം കൊണ്ടുവന്നതെന്ന് തിരിച്ചടിച്ച് മമത

കൊല്‍ക്കത്ത: ബംഗാളില്‍ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ പ്രതികരിക്കുന്നവര്‍ കലാപകാരികളാണെന്നും അവര്‍ക്കുള്ള ഏക ചികില്‍സ വടിയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ബംഗാള്‍ കത്തുകയാണെന്നും മുഖ്യമന്ത്രി നിശബ്ദയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹര്‍ദോയിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവംയാണ് പരാമര്‍ശം. മതേതരത്വത്തിന്റെ പേരില്‍ സര്‍ക്കാര്‍ കലാപകാരികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നും ഇത്തരം അരാജകത്വം നിയന്ത്രിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'2017 ല്‍ ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഓരോ 2-3 ദിവസത്തിലും ഉത്തര്‍പ്രദേശ് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കലാപകാരികള്‍ക്ക് ദണ്ഡ മാത്രമാണ് ചികില്‍സ. ബംഗാള്‍ കത്തുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. മുഖ്യമന്ത്രി നിശബ്ദയാണ്' യോഗി ആദിത്യനാഥ് പറഞ്ഞു. കലാപകാരികളെ സര്‍ക്കാര്‍ സമാധാന ദൂതന്മാര്‍ എന്ന് വിളിക്കുകയാണെന്നും യോഗി കൂട്ടിചേര്‍ത്തു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്രമാണ് ഈ നിയമം കൊണ്ടുവന്നതെന്നും രാജ്യത്തുടനീളമുള്ള വഖ്ഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന വഖ്ഫ് നിയമത്തിലെ ഭേദഗതികളെ പിന്തുണയ്ക്കുന്നില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

അതേസമയം, ജനങ്ങളോട് ശാന്തത പാലിക്കാന്‍ അഭ്യര്‍ഥിക്കുകയും അക്രമം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News