പോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; മൂന്നു മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കി ഡല്‍ഹി ഹൈക്കോടതി
കുതിരക്ക് മുന്നില്‍ വണ്ടി കെട്ടുന്ന പണിയാണ് ഇഡി ചെയ്തിരിക്കുന്നതെന്നും ജസ്റ്റിസ് ജസ്മീത് സിങ് വിമര്‍ശിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നു മുന്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റായിരുന്ന പര്‍വേസ് അഹമ്മദ്, ജനറല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇല്‍യാസ്, ഓഫീസ് സെക്രട്ടറിയായിരുന്ന അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപണ വിധേയര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള (യുഎപിഎ) എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്തതായി തെളിവുകള്‍ ഇല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് ജാമ്യവിധിയില്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് നേതാക്കളായ ഇവര്‍ നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും അത് യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസ് പറയുന്നത്. അതിനാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയത്.
2022 ഏപ്രില്‍ 13ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. പോപുലര്‍ ഫ്രണ്ടിന്റെ നേതാക്കളായ മൂന്നു പേരും സംഘടനക്ക് വേണ്ടി രഹസ്യ സ്രോതസുകളില്‍ നിന്ന് പണം ശേഖരിക്കുകയും നിയമപരമായ സംഭാവനയാണെന്ന് കാണിക്കാന്‍ വ്യാജ രസീതികളുണ്ടാക്കിയെന്നും ശേഖരിച്ച പണം യുഎപിഎ പ്രകാരമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നുമാണ് ഇഡി എടുത്ത കേസ് പറയുന്നത്.
യുഎപിഎ പ്രകാരമുള്ള എന്തെങ്കിലും കുറ്റം ആരോപണവിധേയര്‍ ചെയ്തതിന് യാതൊരു തെളിവുകളും ഇഡി നല്‍കിയ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഹെക്കോടതി പറഞ്ഞു. ''പൗരത്വ നിയമഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ കുറ്റാരോപിതര്‍ പങ്കെടുത്തുവെന്നുവാണ് പറയുന്നത്. സമരം പിന്നീട് കലാപത്തില്‍ കലാശിച്ചുവെന്നും ആരോപിക്കുന്നു. ആരോപണവിധേയര്‍ നിയമവിരുദ്ധമായി പണം പിരിച്ചെന്ന ഇഡിയുടെ വാദം മുഖവിലക്കെടുത്താല്‍ തന്നെ അത് കലാപത്തിലൂടെ ഉണ്ടാക്കിയ പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ വകുപ്പുകള്‍ ബാധകമല്ലെന്ന ഹരജിക്കാരുടെ വാദം ശരിയാണ്. നിയമവിരുദ്ധമായി പണം പിരിച്ച് അത് ഭാവിയില്‍ യുഎപിഎ പ്രകാരമുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും അത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. കുതിരക്ക് മുന്നില്‍ വണ്ടി കെട്ടുന്ന പണിയാണ് ഇഡി ചെയ്തിരിക്കുന്നത്.''- ജസ്റ്റീസ് ജസ്മീത് സിങ് വിശദീകരിച്ചു.
ക്രിമിനല്‍ പ്രവൃത്തിയുടെ ഫലമായി ശേഖരിക്കുന്ന പണത്തെ മാത്രമേ കള്ളപ്പണമാണെന്ന്് പറയാനാവൂയെന്നും ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു. ''പിരിച്ച പണം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ യുഎപിഎ പ്രകാരമോ മറ്റു നിയമങ്ങള്‍ പ്രകാരമോ കുറ്റമായിരിക്കാം. എന്നാല്‍, അതിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിലൂടെ ശേഖരിച്ച പണമായി കാണാനാവില്ല. കുറ്റകൃത്യത്തിലൂടെ ശേഖരിച്ച പണത്തെ മാത്രമേ കള്ളപ്പണമായി കാണാനാവൂ. അതിനാല്‍, നിയമവിരുദ്ധമായി പണം പിരിച്ച് അത് ഭാവിയില്‍ യുഎപിഎ പ്രകാരമുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പോലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല.''-വിധി പറയുന്നു.
''ആരോപണ വിധേയര്‍ കുറ്റകൃത്യത്തിലൂടെ പണം ശേഖരിച്ചെന്ന് വെറുതെ ഊഹിച്ചാല്‍ കൂടി അവര്‍ക്ക് ആ പണത്തിന് മേല്‍ നിയന്ത്രണമില്ലെന്നും കോടതി പറഞ്ഞു. പണം പിരിച്ച് അത് പോപുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ ഇട്ടുവെന്നാണ് ആരോപണം. ഈ പണം ഉപയോഗിക്കുന്നതില്‍ അധികാരമോ നിയന്ത്രണമോ ആരോപണവിധേയര്‍ക്കില്ല. അതിനാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഈ കേസില്‍ ഈ നിലനില്‍ക്കില്ല. കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കുന്നതിന് കടുത്ത വ്യവസ്ഥകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലുള്ളത്. അതിനര്‍ത്ഥം വിചാരണ തീരും വരെ ആരോപണ വിധേയരെ ജയിലില്‍ ഇടണം എന്നല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തുന്നത് ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന ശിക്ഷയായി മാറരുത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 45ാം വകുപ്പിനേക്കാള്‍ പ്രബലം ഭരണഘടനയുടെ 21ാം അനുഛേദമാണ്. വിചാരണ അടുത്തകാലത്തൊന്നും അവസാനിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്നവരുടെ കാര്യത്തില്‍ ഭരണഘടനയുടെ 21ാം അനുഛേദമാണ് ബാധകം. ഈ കേസില്‍ ആരോപണ വിധേയരെല്ലാം രണ്ട് വര്‍ഷത്തിലധികം ജയിലില്‍ കിടന്നിരിക്കുന്നു. അതിനാല്‍ ജാമ്യം അനുവദിക്കുകയാണ് .''- കോടതി പറഞ്ഞു. ആരോപണ വിധേയര്‍ക്ക് വേണ്ടി അഭിഭാഷകരായ അദിത് എസ് പൂജാരി, എ നൗഫല്‍, താഹ അബ്ദുല്‍ റഹ്മാന്‍, ആരിഫ് ഹുസൈന്‍ തുടങ്ങിയവര്‍ ഹാജരായി.