പോപുലര്‍ ഫ്രണ്ട് യുഎപിഎ കേസ്: കേരളത്തില്‍ 17 പേര്‍ക്ക് ജാമ്യം

Update: 2024-06-25 06:22 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി എന്‍ ഐഎ യുഎപിഎ ചുമത്തി ജയിലിലടച്ച 17 പേര്‍ക്ക് ജാമ്യം. എസ് ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ ഡോ. സി ടി സുലൈമാന്‍, അഡ്വ. മുബാറക്ക്, എം എച്ച് ഷിഹാസ്, മുജീബ് ഈരാറ്റുപേട്ട, സാദിഖ് പത്തനംതിട്ട, നജ്മുദ്ദീന്‍ മുണ്ടക്കയം, സൈനുദ്ദീന്‍ കാഞ്ഞിരപ്പള്ളി, അലി, അബ്ദുല്‍ കബീര്‍, റിസ് വാന്‍, സാദിഖ്, നിഷാദ്, റഷീദ്, സയ്ദ് അലി, അക്ബര്‍ അലി, അഷ്ഫാഖ് തുടങ്ങിയവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ഐഎ വാദം തള്ളിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് പേര്‍ക്കും പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ട് പേര്‍ക്കുമാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോവരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, മൊബൈല്‍ ഫോണിലെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരിക്കണം എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍. സദ്ദാം ഹുസയ്ന്‍, കരമന അശ്‌റഫ് മൗലവി, നൗഷാദ്, അശ്‌റഫ്, യഹ് യ തങ്ങള്‍, മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുല്‍ സത്താര്‍, അന്‍സാരി ഈരാറ്റുപേട്ട, സി എ റഊഫ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചില്ല.

Tags:    

Similar News