പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

Update: 2024-05-28 12:14 GMT

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനായിരുന്ന ഇ അബൂബക്കറിന്റെ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കെയ്റ്റ്, മനോജ് കുമാര്‍ ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. യുഎപിഎ പ്രകാരം തനിക്കെതിരേ എന്‍ഐഎ ചുമത്തിയ കേസില്‍ യാതൊരു തെളിവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ അബുബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. മാത്രമല്ല, 70 വയസ്സുള്ള താന്‍ പാര്‍ക്കിന്‍സണ്‍സ് രോഗിയാണെന്നും അര്‍ബുദത്തെ അതിജീവിച്ചയാളാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ എയിംസി(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍) നിരവധി തവണ ചികില്‍സ തേടിയതായും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യഹരജിയെ എന്‍ഐഎ എതിര്‍ക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേഡര്‍മാരെ പരിശീലിപ്പിക്കാന്‍ ക്യാംപുകള്‍ സംഘടിപ്പിച്ചതിന് അബൂബക്കറിനെതിരേ തെളിവുണ്ടെന്നായിരുന്നു എന്‍ ഐഎയുടെ ആരോപണം. നേരത്തേ, ഇ അബൂബക്കറിന് ഫലപ്രദമായ ചികില്‍സ ഉറപ്പാക്കാന്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായി 2022 സപ്തംബര്‍ 22നാണ് ഇ അബൂബക്കറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അര്‍ധരാത്രി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, അസം, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി നേതാക്കളെയാണ് എന്‍ ഐഎ അറസ്റ്റ് ചെയ്തത്.

Tags:    

Similar News