രാഹുല്‍ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്്മണ്യന്‍ സ്വാമിയാണ് ഹരജി നല്‍കിയത്

Update: 2024-08-16 16:09 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹരജി നല്‍കിയത്. യുകെയില്‍ 2003ല്‍ റജിസ്റ്റര്‍ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും ഇത് പൗരത്വ നിയമത്തിന്റെ ലംഘനമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലുള്ളത്. 2019ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിരുന്നു. 2005ലും 2006ലും ബാക്കോപ്‌സ് ലിമിറ്റഡ് സമര്‍പ്പിച്ച സ്ഥാപനത്തിന്റെ വാര്‍ഷിക റിട്ടേണുകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിരുന്നതായാണ് ഹരജിയില്‍ ആരോപിക്കുന്നത്.

    2009 ഫെബ്രുവരി 17ന് ബാക്കോപ്‌സ് ലിമിറ്റഡ് നല്‍കിയ പിരിച്ചുവിടല്‍ അപേക്ഷയിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒമ്പതിന്റെയും 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി ആരോപിക്കുന്നുണ്ട്. സ്വാമിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ 29ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയും വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ആയതിനാല്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലെ ആവശ്യം.

Tags:    

Similar News