വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന്; ഈദ് ഗാഹ് കമ്മിറ്റി മാപ്പുപറയണമെന്ന് ഹൈക്കോടതി
ഝാന്‍സി റാണിയുടെ പ്രതിമ സ്ഥാപിക്കാന്‍ ഡിഡിഎയ്ക്ക് അനുമതി നല്‍കിയ ഏകാംഗ ജഡ്ജിയുടെ വിധി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ന്യൂഡല്‍ഹി: ഷാഹി ഈദ്ഗാഹ് കമ്മിറ്റി കോടതിയില്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഝാന്‍സി റാണിയുടെ പ്രതിമ സ്ഥാപിക്കാന്‍ ഡിഡിഎയ്ക്ക് അനുമതി നല്‍കിയ ഏകാംഗ ജഡ്ജിയുടെ വിധി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹരജിയിലെ ചില വരികളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ കോടതി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഷാഹി ഈദ്ഗാഹ് മാനേജിങ് കമ്മിറ്റി മാപ്പ് പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഷാഹി ഈദ്ഗാഹ് പാര്‍ക്കില്‍ ഝാന്‍സി റാണിയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നു. പ്രസ്തുത ഭൂമി പള്ളിയുടേതല്ലെന്നും ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടേതാണെന്നും ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതിയിലെ ഏകാംഗ ബെഞ്ചിലെ ജഡ്ജിയാണ് അനുമതി നല്‍കിയത്. ഇതിനെതിരായ ഹരജി ഇന്ന് പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് തര്‍ക്കത്തിന് വര്‍ഗീയ നിറം നല്‍കിയെന്നും ഇത്തരം പെരുമാറ്റത്തിന് നാളെ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടത്. കോടതിയിലൂടെ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു!. നിങ്ങള്‍ കേസ് ഒരു മതപരമായ പ്രശ്‌നമായിട്ടാണ് ഉയര്‍ത്തിക്കാട്ടുന്നത്, പക്ഷേ ഇത് ക്രമസമാധാന പ്രശ്നമാണ് എന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അഭിപ്രായപ്പെട്ടത്.
''ഝാന്‍സി റാണി പ്രതിമ ഉള്ളത് അഭിമാനകരമായ കാര്യമാണ്. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് ജസ്റ്റിസ് ഗെഡേല പറഞ്ഞത്. അവള്‍ മതത്തിന്റെ പരിധികള്‍ മുറിച്ചുകടന്ന ഒരു ദേശീയ ഹീറോയാണ്, ഹരജിക്കാരന്‍ (മസ്ജിദ് കമ്മിറ്റി) വര്‍ഗീയത കാണിക്കുകയും കോടതിയെ ഉപയോഗിക്കുകയും ചെയ്യുന്നു. വര്‍ഗീയതയുടെ പേരില്‍ ഭിന്നിക്കരുത്. നിങ്ങളുടെ നിര്‍ദേശം തന്നെ ഭിന്നിപ്പിക്കുന്നതാണ്. ഭൂമി നിങ്ങളുടേതാണെങ്കില്‍, നിങ്ങള്‍ സ്വയം പ്രതിമ സ്ഥാപിക്കാന്‍ സന്നദ്ധത കാണിക്കണമായിരുന്നുവെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഷാഹി ഈദ്ഗാഹിന് അഭിമുഖമായി ഝാന്‍സി മഹാറാണിയുടെ പ്രതിമ സ്ഥാപിക്കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നായിരുന്നു ഷാഹി ഈദ്ഗാ കമ്മിറ്റിയുടെ അഭിഭാഷകന്‍ വാദിച്ചത്. ഡല്‍ഹി ന്യൂനപക്ഷ കമ്മിറ്റി നേരത്തെ തല്‍സ്ഥിതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രതിമ സ്ഥാപിക്കാരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മിറ്റിയുടെ ഈ ഉത്തരവ് സിംഗിള്‍ ജഡ്ജിയുടെ മുമ്പാകെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാല്‍ ഈ ഉത്തരവ് ഇപ്പോഴും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഡിഎയും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും ഒരു ബദല്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അവിടെ പ്രതിമ സ്ഥാപിക്കാമെന്നും അദ്ദേഹം തുടര്‍ന്നു.
എന്നാല്‍, തര്‍ക്കത്തിലുള്ള ഭൂമി ഡിഡിഎയുടേതാണെന്ന് ഈയിടെ പ്രഖ്യാപിച്ച സിംഗിള്‍ ജഡ്ജിക്കെതിരേ പരാമര്‍ശം നടത്തിയെന്നും ഹരജിയിലെ ചില 'അപവാദ' ഖണ്ഡികകളിലേക്ക് ഡിഡിഎയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തതോടെയാണ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടായത്. ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് നാളേയ്ക്കകം മാപ്പ് കത്ത് നല്‍കണമെന്ന് ഷാഹി ഈദ്ഗാ മാനേജിങ് കമ്മിറ്റിയോട് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ നിരുപാധികം മാപ്പ് പറയുന്നതായും അപ്പീല്‍ പിന്‍വലിക്കാന്‍ കമ്മിറ്റിയുടെ അഭിഭാഷകന്‍ അനുമതി തേടുകയും ചെയ്തു. കേസില്‍ അടുത്ത സപ്തംബര്‍ 27ന് കോടതി വാദം കേള്‍ക്കും.