ബാബരി മസ്ജിദ് ഹിന്ദുത്വര്‍ പൊളിച്ചിട്ട് ഇന്നേക്ക് 32 വര്‍ഷം. പള്ളി പൊളിച്ചിടത്ത് രാമക്ഷേത്രം പണിയാമെന്ന സുപ്രിംകോടതി വിധി വന്നിട്ട് നവംബര്‍ ഒമ്പതിന് അഞ്ച് വര്‍ഷവും തികഞ്ഞു. വിധിയുടെ അടിസ്ഥാനത്തില്‍ 2024 ജനുവരി 22ന് ക്ഷേത്രം ഉദ്ഘാടനവും ചെയ്തു.
ബാബരിമസ്ജിദ് തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഹിന്ദുത്വരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ 80കള്‍ക്കൊടുവിലും 90കളുടെ ആദ്യത്തിലുമായി മൂര്‍ധന്യത്തിലേക്ക് കടന്ന ഘട്ടത്തിലാണ് 1991ല്‍ കേന്ദ്രസര്‍ക്കാര്‍ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നത്. പക്ഷേ, ബാബരി മസ്ജിദിനെ ആ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. 1947 ആഗസ്റ്റ് 15ന് ഒരു ആരാധനാലയം എങ്ങനെയായിരുന്നോ അങ്ങനെ തന്നെ നിലനില്‍ക്കണമെന്നാണ് നിയമം പറയുന്നത്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മുഴുവനായോ ഭാഗികമായോ മറ്റു മതവിഭാഗങ്ങള്‍ക്കോ ഒരു മതത്തിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കോ കൈമാറുന്നത് നിയമം വിലക്കുന്നു.
നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ കേസ് നടക്കുന്നുണ്ടെന്നു പറഞ്ഞാണ് ബാബരി മസ്ജിദിനെ നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. ബാബരി മസ്ജിദ് തകര്‍ത്ത് നിരപ്പാക്കിയ സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന 2019 നവംബര്‍ ഒമ്പതിലെ വിധിയില്‍ ആരാധനാലയ സംരക്ഷണ നിയമം മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍, ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ 2022 മേയില്‍ ഈ നിലപാടില്‍നിന്ന് സുപ്രിംകോടതി മലക്കം മറിഞ്ഞു. ഒരു ആരാധനാലയത്തിന് രൂപാന്തരം വരുത്താന്‍ ഉദ്ദേശ്യമില്ലാത്ത പക്ഷം അതിന്റെ സ്വഭാവം പരിശോധിക്കുന്നതിന് 1991ലെ നിയമം തടസ്സമല്ലെന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്. സുപ്രിംകോടതി നിരീക്ഷണം കുടം തുറന്നുവിട്ട ഭൂതം കണക്കെയാണെന്ന വിമര്‍ശനം അന്നു തന്നെ ഉയര്‍ന്നു. അത് ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇന്ന് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ആരാധന നടത്തുന്ന നിരവധി മസ്ജിദുകള്‍ക്കും മറ്റ് സ്മാരകങ്ങള്‍ക്കും ദര്‍ഗകള്‍ക്കും എതിരായ നീക്കങ്ങള്‍ ഈ വിധിയോടെ ഹിന്ദുത്വര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പള്ളികളിലും ദര്‍ഗകളിലും ഹിന്ദുത്വര്‍ അവകാശം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കോടതി നടപടികളെ കുറിച്ച് വാര്‍ത്തയില്ലാത്ത ഒരു ദിവസം പോലും കടന്നുപോവുന്നില്ല. പത്ത് പള്ളികള്‍ പിടിച്ചെടുക്കാനാണ് നിലവില്‍ ഹിന്ദുത്വര്‍ പ്രധാനമായും ശ്രമിക്കുന്നത്.
1) ടീലേ വാലി മസ്ജിദ് (ലഖ്‌നോ, ഉത്തര്‍പ്രദേശ്)
ലഖ്‌നോവിലെ ചരിത്രപ്രസിദ്ധമായ ടീലേ വാലി മസ്ജിദില്‍ ഹിന്ദുത്വര്‍ നിയമപരമായി അവകാശവാദം ഉന്നയിക്കുന്നത് 2013ലാണ്. ഗോമതി നദിക്കരയില്‍ പ്രസിദ്ധമായ ഇമാംബാരയ്ക്ക് സമീപമുള്ള പള്ളി 16ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം ലക്ഷ്മണ്‍ ടീല അഥവാ ലക്ഷ്മണന്റെ കുന്നാണെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നും അവര്‍ പ്രചരിപ്പിക്കുന്നു.
മസ്ജിദില്‍ സര്‍വേ നടത്തണമെന്നായിരുന്നു 2013ല്‍ ഫയല്‍ ചെയ്ത അന്യായത്തിലെ ആവശ്യം. 1991ലെ ആരാധനലായ സംരക്ഷണ നിയമം പ്രാബല്യത്തിനുള്ളതിനാല്‍ അന്യായം നിയമപരമായി നിലനില്‍ക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം 2017ല്‍ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) തള്ളി. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹരജി അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിയും തള്ളി. തുടര്‍ന്ന് ഈ രണ്ടു ഉത്തരവുകളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസുകളില്‍ 2023 ഏപ്രിലില്‍ ഹിന്ദുപക്ഷത്തിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്.
ഗ്യാന്‍വാപി കേസിലെ സുപ്രിംകോടതി വിധിക്ക് ശേഷം മുസ്‌ലിംകളെ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍നിന്ന് തടയണമെന്നാവശ്യപ്പെടുന്ന ഒരു അന്യായവും സിവില്‍കോടതിയുടെ മുന്നിലെത്തി. 1991ലെ നിയമത്തിലും 1995ലെ വഖ്ഫ് നിയമത്തിലും ഊന്നിയ മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിയ കോടതി 2023 സെപ്തംബറില്‍ ഹിന്ദുപക്ഷത്തിന്റെ അന്യായം നിയമപരമായി നിലനില്‍ക്കുമെന്ന് ഉത്തരവിട്ടു. ഈ വിധിയെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ 2024 ഫെബ്രുവരിയില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി തള്ളി. ഈ വിധിക്കെതിരായ അപ്പീല്‍ ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2)ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ്, ഖുത്തുബ് മിനാര്‍
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഡല്‍ഹിയിലെ വിഖ്യാത ചരിത്ര സ്മാരകമാണ് ഖുതുബ് മിനാര്‍. ഡല്‍ഹി സുല്‍ത്താന്‍ വംശത്തിലെ ഖുതുബുദ്ദീന്‍ ഐബക് 1193ല്‍ പണികഴിപ്പിച്ച ഖുതുബ് മിനാര്‍, മിനാര്‍ സമുച്ചയത്തിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി പ്രഖ്യാപിച്ചതാണ്. പുരാതന സ്മാരകങ്ങള്‍, പ്രദേശങ്ങള്‍ എന്നിവയുടെ പരിപാലനവും സംരക്ഷണവും 1958ലെ നിയമമനുസരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ചുമതലയാണ്.
2020ല്‍ ജൈന ദൈവത്തിന്റെ പേരിലാണ് അന്യായം ഫയല്‍ ചെയ്യപ്പെട്ടത്. 27 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നിര്‍മിച്ചെന്നാണ് അവകാശ വാദം. അതായത്, 27 ഹിന്ദുജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് ഖുതുബുദ്ദീന്‍ ഐബക് പള്ളി പണിഞ്ഞതെന്ന്.
ഈ അവകാശവാദത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയില്‍ എതിര്‍ത്തു. ഖുതുബ് മിനാര്‍ ആരാധന നടക്കുന്ന സ്ഥലമല്ലെന്നും അതിനാല്‍ ചരിത്രസ്മാരകത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയില്ലെന്നുമാണ് അവരുടെ വാദം. സ്മാരകത്തിന് സ്മാരക പദവി നല്‍കുന്ന സമയത്ത് ആരാധന നടക്കുന്നില്ലെങ്കില്‍ പിന്നീട് ആരാധനാലയം ആക്കാനാവില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍, സ്മാരകത്തിന് 1991ലെ ആരാധനാലയ നിയമം ബാധകമാണെന്ന് ചൂണ്ടിക്കാട്ടി സിവില്‍കോടതി കേസ് തള്ളി. ചരിത്രത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നടന്നിട്ടുണ്ടെങ്കില്‍ പോലും അത് വര്‍ത്തമാനകാലത്തെ പ്രശ്‌നമായി മാറ്റരുതെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താനാണ് 1991ല്‍ നിയമം കൊണ്ടുവന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിക്കെതിരായ റിവിഷന്‍ ഹരജി അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ പരിഗണനയിലാണ്. കേസ് ഡിസംബര്‍ 12നാണ് വീണ്ടും പരിഗണിക്കുക.
3) ഗ്യാന്‍വാപി മസ്ജിദ് (വാരാണസി, ഉത്തര്‍പ്രദേശ്)
ഇന്‍ഡ്യയിലെ ഏറെ പുരാതനമായ പള്ളികളിലൊന്നാണ് വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്. എന്നാണ് ഈ പള്ളി നിര്‍മിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ ചരിത്രരേഖകളൊന്നും ലഭ്യമല്ല. എന്തായാലും ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പണി കഴിപ്പിച്ചതല്ല ഗ്യാന്‍വാപി മസ്ജിദ്. ഔറംഗസീബ് ജനിക്കുന്നതിനും മുന്നേ ഈ പള്ളിഉണ്ടായിരുന്നു എന്ന നിഗമനത്തിനാണ് ചരിത്രവസ്തുതകളുടെ പിന്‍ബലമുള്ളത്. അക്ബറുടെ കാലത്ത് ഗ്യാന്‍വാപി പള്ളി ഉണ്ടായിരുന്നതായി അക്കാലത്തെ ചില ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്റെ കാലത്ത് ഈ പള്ളിയോട് ചേര്‍ന്ന് ഒരു മദ്‌റസ അഥവാ മതപഠനശാല ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ചുരുക്കത്തില്‍ ഔറംഗസീബ് ക്ഷേത്രം തകര്‍ത്ത് പണിതതാണ് പള്ളിയെന്ന നുണ ഹിന്ദുത്വ പണിശാലയില്‍ നിര്‍മിച്ചെടുത്തതാണ്.
ഔറംഗസീബ് ഗ്യാന്‍വാപി മസ്ജിദ് പുതുക്കിപ്പണിതിട്ടുണ്ട്. അത് നിലവിലുണ്ടായിരുന്ന പള്ളിയുടെ അടിത്തറയില്‍ തന്നെ ആയിരുന്നുതാനും. ജോന്‍പൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് ക്രി. ശേ. 1440 നു തൊട്ടുമുമ്പോ ശേഷമോ ആയിരിക്കാം പള്ളിയുടെ നിര്‍മാണം നടന്നത് എന്നാണ് ഗ്യാന്‍വാപി മസ്ജിദിനെ കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. ബ്രിട്ടിഷ് ഭരണകാലത്തും അതിനു ശേഷവും ഗ്യാന്‍വാപി മസ്ജിദ് മുസ്‌ലിം പള്ളിയായി തുടര്‍ന്നതിന് റെവന്യൂ രേഖകള്‍ തെളിവാണ്. രേഖകളില്‍ പ്ലോട്ട് നമ്പര്‍ 9130 ഗ്യാന്‍വാപി പള്ളിയാണ്.
പള്ളിക്ക് തൊട്ടടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലെ ചിലരാണ് 1991ല്‍ അന്യായം ഫയല്‍ ചെയ്തത്. ഔറംഗസീബ് ലോര്‍ഡ് വിശ്വേശ്വര്‍ ക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മിച്ചുവെന്നാണ് ഈ അന്യായം പറയുന്നത്. ഈ കേസിലെ നിയമനടപടികള്‍ സ്‌റ്റേയിലാണ്. 2021ല്‍ ഹിന്ദു സ്ത്രീകള്‍ പുതിയ അന്യായവുമായി കോടതിയിലെത്തി. മസ്ജിദിന് അകത്ത് ചില വിഗ്രഹങ്ങളുണ്ടെന്നും അവയോട് പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
പള്ളിയോട് ചേര്‍ന്ന് അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന വുദുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് 2022 മെയില്‍ അഡ്വക്കറ്റ് കമ്മീഷണര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ഈ പ്രദേശം സീല്‍ ചെയ്യാന്‍ വാരാണസി സിവില്‍ കോടതി നിര്‍ദേശിച്ചു. വാരാണസി സിവില്‍ കോടതിയുടെ ഉത്തരവ് പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഇല്ലാതാക്കില്ലെന്നാണ് സുപ്രിംകോടതി പറഞ്ഞത്. വാരാണസി സിവില്‍ കോടതിയിലെ അന്യായങ്ങളെല്ലാം ജില്ലാ കോടതിയിലേക്ക് മാറ്റാനും സുപ്രിംകോടതി നിര്‍ദേശിച്ചു.
1991ലെ ആരാധനാലയ സംരക്ഷണ നിയമം പരിഗണിച്ച് ഹിന്ദുവിഭാഗത്തിന്റെ അന്യായം തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ 2022 സെപ്തംബറില്‍ ജില്ലാ കോടതി തള്ളി. ഈ വിധി 2023 മേയില്‍ അലഹബാദ് ഹൈക്കോടതി ശരിവച്ചു. മസ്ജിദുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗങ്ങള്‍ നല്‍കിയ മറ്റു ചില അന്യായങ്ങള്‍ നിയമപരമായി നിലനില്‍ക്കുമെന്ന് 2023 ഡിസംബറില്‍ കോടതി വിധിച്ചു. നേരത്തെ സീല്‍ ചെയ്ത ഭാഗങ്ങള്‍ ഒഴിച്ച് മറ്റു പ്രദേശങ്ങളില്‍ ശാസ്ത്രീയ സര്‍വേ നടത്തണമെന്ന് അതിനിടെ 2023 ജൂലൈയില്‍ വാരാണസി കോടതിയും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരായ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രിംകോടതി, സര്‍വേ നടത്തുന്നതില്‍ നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ തടയണമെന്ന ആവശ്യവും നിരസിച്ചു.
പള്ളി കോംപ്ലക്‌സിലെ ഒരു ഭൂഗര്‍ഭ അറയില്‍ ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ 2024 ജനുവരിയില്‍ വാരാണസി കോടതി അനുമതി നല്‍കി. ആ വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. മുസ്‌ലിംകളുടെ ആരാധനയിലും ഹിന്ദുക്കളുടെ ആരാധനയിലും തദ്സ്ഥിതി തുടരണമെന്ന് 2024 ഏപ്രിലില്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.
വാരാണസി ജില്ലാ കോടതിയിലെ എല്ലാ അന്യായങ്ങളും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്യായങ്ങളില്‍ വാരാണസി കോടതിയില്‍ അതിവേഗം വിചാരണ നടത്തണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. മസ്ജിദിലെ സീല്‍ ചെയ്ത ഭാഗങ്ങളില്‍ എഎസ്‌ഐ സര്‍വേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യത്തില്‍ മസ്ജിദ് കമ്മിറ്റിയുടെ നിലപാട് സുപ്രിംകോടതി തേടിയിട്ടുണ്ട്. കേസ് ഡിസംബര്‍ 17ന് വീണ്ടും പരിഗണിക്കും.
4) കമാല്‍ മൗലാ മസ്ജിദ് (ഭോജ്ശാല കോംപ്ലക്‌സ്, മധ്യപ്രദേശ്)
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച മധ്യപ്രദേശിലെ കമാല്‍ മൗലാ മസ്ജിദ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകമാണ്. സരസ്വതി ദേവിയുടെ ക്ഷേത്രമാണ് ഇതെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. 2003ല്‍ ഇരുവിഭാഗങ്ങളും ഒപ്പിട്ട കരാര്‍ പ്രകാരം ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ പൂജ നടത്തും. വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കും.
മുസ്‌ലിംകളുടെ നമസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് 2022ല്‍ ഹിന്ദു ഫ്രണ്ട് എന്ന സംഘടന മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ഭോജ്ശാല കോംപ്ലക്‌സില്‍ ഖനനവും സര്‍വേയും ശാസ്ത്രീയ പരിശോധനയും നടത്താന്‍ 2024 മാര്‍ച്ചില്‍ കോടതി എഎസ്‌ഐക്ക് നിര്‍ദേശം നല്‍കി. ഇതിനെ ചോദ്യം ചെയ്ത ഹരജിയില്‍ മസ്ജിദിന്റെ രൂപത്തെ തകര്‍ക്കുന്ന ഒരു ഖനനവും നടത്തരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. സര്‍വേയില്‍ എന്തു കണ്ടെത്തിയാലും തങ്ങളുടെ അനുമതിയില്ലാതെ നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
5) ശംസി ശാഹീ മസ്ജിദ് (ബദായൂന്‍, ഉത്തര്‍പ്രദേശ്)
ബദായൂന്‍ നഗരത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ സോത മൊഹല്ലയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ 23,500 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാന്‍ സൗകര്യമുണ്ട്. രാജ്യത്തുള്ള പള്ളികളില്‍ പഴക്കത്തില്‍ മൂന്നാം സ്ഥാനവും വലുപ്പത്തില്‍ ഏഴാം സ്ഥാനവുമാണ് ഈ പള്ളിക്കുള്ളത്.
അടിമവംശത്തിലെ രാജാവായിരുന്ന ശംസുദ്ദീന്‍ ഇല്‍ത്തുത്ത്മിഷിന്റെ മകനായ റുക്‌നുദ്ദീന്‍ ഫൈറൂസിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പള്ളി നിര്‍മിച്ചത്. ക്രി.ശേ. 650ലാണ് ഈ പള്ളിയുടെ പണി പൂര്‍ത്തിയായത്. രാജഭരണ കാലത്ത് സ്ഥാപിച്ച ബോര്‍ഡ് ഇപ്പോളും പള്ളിയുടെ ഗെയിറ്റിലുണ്ട്. ക്രി.ശേ. 1013ല്‍ നവാബായിരുന്ന ഖുത്ബുദ്ദീന്‍ ഫാറൂഖി പള്ളി നവീകരിച്ചു. ഖുത്ബുദ്ദീന്റെ മകനായ കിശ്‌വര്‍ ഖാന്‍ 1065ല്‍ പള്ളിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. ബദായൂനിലെ ഭരണാധികാരിയായ മൗലവി മുഹമ്മദ് റസീഉല്ലാഹ് മിനാരത്തിലും അറ്റകുറ്റപ്പണികള്‍ നടത്തി. പുരാവസ്തു ശാസ്ത്രത്തില്‍ ഏറെ തല്‍പ്പരനായിരുന്ന ലാമ്പ് ബഹദൂര്‍ 1886ല്‍ ബദായൂന്‍ ഗവര്‍ണറായതോടെ പള്ളിക്കു വേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തതായി ചരിത്രം പറയുന്നു.
നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ആരോപിച്ച് 2022ല്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് മുകേഷ് പട്ടേല്‍ നല്‍കിയ അന്യായമാണ് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) അമിത് കുമാര്‍ സിങ് പരിഗണിക്കുന്നത്. പള്ളി നിലനില്‍ക്കുന്ന പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ സനാതന മതവിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നും പള്ളിയില്‍ സര്‍വേ നടത്താന്‍ ഉത്തരവിടണമെന്നുമാണ് ആവശ്യം. കേസില്‍ എല്ലാ കക്ഷികളുടെയും വാദം ഏറക്കുറെ പൂര്‍ത്തിയായി. ഡിസംബറില്‍ തന്നെ ബാക്കി വാദം കേള്‍ക്കും.
6) അടാലാ മസ്ജിദ് (ജോന്‍പൂര്‍, ഉത്തര്‍പ്രദേശ്)
ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ നഗരത്തില്‍ നിന്ന് 2.2 കിലോമീറ്റര്‍ അകലെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ക്രി.ശേ.1408ല്‍ ജോന്‍പൂര്‍ സുല്‍ത്താനായിരുന്ന ഇബ്രാഹീം ഷാ ശര്‍ഖ്വിയാണ് പള്ളി നിര്‍മിച്ചത്. പളളിയോട് ചേര്‍ന്ന് ദീന്‍ ദുനിയ മദ്‌റസയും പ്രവര്‍ത്തിക്കുന്നു.
അടാല മാത എന്ന ദൈവത്തിന്റെ ക്ഷേത്രമായിരുന്നു ഇതെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. യുപി സുന്നി വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് ആഗ്ര കോടതിയില്‍ കേസുമുണ്ട്. തുഗ്ലക് രാജവംശത്തിലെ ഫിറോസ് ഷായുടെ നിര്‍ദേശപ്രകാരം ക്ഷേത്രം പള്ളിയാക്കിയെന്നാണ് ഹിന്ദുത്വരുടെ വാദം.
7)ശാഹീ ഈദ് ഗാഹ് മസ്ജിദ് (മഥുര, ഉത്തര്‍പ്രദേശ്)
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ക്രി.ശേ. 1019ല്‍ സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവിയുടെ നിര്‍ദേശ പ്രകാരം ഹസന്‍ മഹ്മൂദിയാണ് പള്ളി നിര്‍മിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടി ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും മസ്ജിദ് കമ്മിറ്റി അതിന് തയ്യാറല്ല. പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കുന്ന സംഭാവനകളിലൂടെയാണ് പള്ളിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന നസീറുദ്ദീന്‍ 700 വര്‍ഷം മുമ്പ് ഈ പള്ളി പണിതുവെന്ന അഭിപ്രായവും ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്.
എന്നാല്‍, ശ്രീകൃഷ്ണന്റെ ജന്മസ്ഥാനത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് പള്ളി പണിതെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബാണ് ക്ഷേത്രം പൊളിച്ചതെന്നാണ് വാദം. 1968ല്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥനും ശാഹീ ഈദ് ഗാഹ് കമ്മിറ്റിയും തമ്മില്‍ കരാറുണ്ടായി. ഇതിന്റെ ഭാഗമായി പള്ളിയുടെ കൈവശമുണ്ടായിരുന്നതില്‍ പകുതിയോളം ഭൂമി മുസ്‌ലിംകള്‍ ക്ഷേത്രത്തിനു നല്‍കുകയും അവിടെ ക്ഷേത്രം ഉയരുകയും ചെയ്തു.
എന്നാല്‍, ഈ കരാറിന് കടകവിരുദ്ധമായി 2021ല്‍ ഹിന്ദുവിഭാഗം പുതിയ അന്യായങ്ങള്‍ ഫയല്‍ ചെയ്തു. പള്ളി പൊളിച്ചു കളയണമെന്ന് ആവശ്യപ്പെടുന്ന അന്യായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മഥുര കോടതിയില്‍ ഉള്ള കേസുകളെല്ലാം 2023 മെയില്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. ഈ നടപടിയെ മസ്ജിദ് കമ്മിറ്റിയും സുന്നി വഖ്ഫ് ബോര്‍ഡും സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു.
പള്ളി പരിശോധിക്കാന്‍ അഡ്വക്കറ്റ് കമ്മീഷണറെ നിയമിച്ച് 2023 ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി 2024 ജനുവരിയില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഹിന്ദു വിഭാഗം ഫയല്‍ ചെയ്ത കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി ആഗസ്റ്റ് ഒന്നിന് ഹൈക്കോടതി തള്ളി. ഇതിനെതിരായ അപ്പീല്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേസ് ഡിസംബര്‍ ഒമ്പതിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
8)ശാഹീ ജാമിഅ് മസ്ജിദ് (സംഭല്‍, ഉത്തര്‍പ്രദേശ്)
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ 1526 ഡിസംബര്‍ ആറിനാണ് പള്ളി നിര്‍മിക്കാന്‍ ഉത്തരവിട്ടത്. പള്ളിയുടെ നിര്‍മാണത്തില്‍ ബാബര്‍ നേരിട്ട് പങ്കെടുത്തിരുന്നതായും ചില ചരിത്രകാരന്മാര്‍ പറയുന്നു. ഈ പള്ളി, ശ്രീ ഹരി ഹര്‍ ക്ഷേത്രം പൊളിച്ചാണ് നിര്‍മിച്ചതെന്നാണ് ഹിന്ദുത്വര്‍ വാദിക്കുന്നത്. മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് പോലും നല്‍കാതെ, 2024 നവംബര്‍ 24ന് പള്ളിയില്‍ സര്‍വേ നടത്താന്‍ സിവില്‍ കോടതി ഉത്തരവിട്ടു.ജയ്ശ്രീരാം അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ അഡ്വക്കറ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കി.
തുടര്‍ന്ന് നടന്ന പോലിസ് വെടിവയ്പില്‍ ആറ് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. സര്‍വേക്ക് ഉത്തരവിട്ട സിവില്‍ കോടതി വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍വേ നടത്താന്‍ ഉത്തരവിട്ട സിവില്‍കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. അതുവരെ സിവില്‍കോടതി യാതൊരു നടപടികളും സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. സര്‍വേ റിപോര്‍ട്ട് പുറത്തുവിടരുതെന്നും നിര്‍ദേശമുണ്ട്.
9)ജാമിഅ് മസ്ജിദും ശെയ്ഖ് സലിം ചിശ്തിയുടെ ദര്‍ഗയും (ഫത്തേഹ്പൂര്‍ സിക്രി, ഉത്തര്‍പ്രദേശ്)
ക്രി.ശേ. 158081 കാലത്ത് നിര്‍മിച്ച ജാമിഅ് മസ്ജിദും ശെയ്ഖ് സലിം ചിശ്തിയുടെ ദര്‍ഗയും ഏറെ പ്രശസ്തമാണ്. ഇത് കാമാഖ്യ ദേവീക്ഷത്രമാണെന്ന് ആരോപിച്ച് ഈ വര്‍ഷമാണ് ഹിന്ദുത്വര്‍ ആഗ്ര കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്. ജാമിഅ് മസ്ജിദിന്റെ പടവുകള്‍ക്കടിയില്‍ ശ്രീകൃഷ്ണന്റെ വിഗ്രഹമുണ്ടെന്ന് ആരോപിക്കുന്ന ഒരു അന്യായം കൂടി കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ യുപി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിനും മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
10) അജ്മീര്‍ ദര്‍ഗാ ശരീഫ് (രാജസ്ഥാന്‍)
അജ്മീറിലെ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിച്ച് ഹിന്ദുസേന എന്ന സംഘടനയാണ് അന്യായം നല്‍കിയിരിക്കുന്നത്. ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് വാദം. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ആവശ്യം. നവംബര്‍ 27ന് കോടതി, ദര്‍ഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു. കേസ് ഡിസംബര്‍ 20നാണ് വീണ്ടും പരിഗണിക്കുക.
11) അഢായി ദിന്‍ കാ ഝോംപഡാ മസ്ജിദ്
അജ്മീര്‍ ദര്‍ഗയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ അഢായി ദിന്‍ കാ ഝോംപഡാ പള്ളിയിലും അവകാശവാദം. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ഈ പള്ളി ഡല്‍ഹി സുല്‍ത്താനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക് ക്രി.ശേ. 1199ലാണ് സ്ഥാപിച്ചത്. രണ്ടര ദിവസം ഉറൂസ് നടക്കുന്നതിനിലാണ് ഈ പള്ളിയുടെ പേര് അഢായി ദിന്‍ എന്നാവാന്‍ കാരണമെന്ന് ചരിത്ര രേഖകള്‍ പറയുന്നു. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രവും സംസ്‌കൃത കോളജും ഉണ്ടായിരുന്നുവെന്നും അവ പൊളിച്ചാണ് പള്ളി പണിതതെന്നും അജ്മീര്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയ്ന്‍ ആരോപിക്കുന്നു.
12) താജ് മഹല്‍
ലോകത്തിലെ ഏഴ് അദ്ഭുതങ്ങളിലൊന്നായ താജ് മഹല്‍, തേജോ മഹല്‍ എന്ന ശിവക്ഷേത്രമാണെന്ന് ആരോപിച്ച് 2022ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി വന്നിരുന്നു. ഇത് ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും തള്ളി. ഇപ്പോള്‍ കേസ് നിലവിലില്ല.
ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാതെ ഇത്തരം അന്യായങ്ങളെ നിയമപരമായി തടയാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ പലതലകളുള്ള സത്വങ്ങളെ ചുട്ടെരിക്കാമെന്നാണ് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറയുന്നത്. എന്നാല്‍, ഈ നിയമം തന്നെ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ നിരവധി ഹരജികള്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കടപ്പാട്: പി എ എം ഹാരിസ്, കെ എച്ച് നാസര്‍, ലൈവ് ലോ, പി എ അനീബ്
Full View